കാസര്‍കോട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെട്ട പ്രതിയെ കാപ്പചുമത്തി അറസ്റ്റ് ചെയ്തു. ലഹരി കേസുകളിലുള്‍പ്പെടെ പ്രതിയായ ആലമ്പാട് സ്വദേശി അമീര്‍ അലിയെ ബെംഗളൂരുവില്‍ നിന്നാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. കാസര്‍കോട് സബ്ബ് ഡിവിഷന്‍ പരിധിയില്‍ മാത്രം ഇയാള്‍ക്കെതിരെ പതിനഞ്ചിലധികം കേസുകളുണ്ട്. വിഡിയോ റിപ്പോർട്ട് കാണാം.
കഴിഞ്ഞ മാസം 23 നാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കാസര്‍കോട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടയില്‍ അമീര്‍ അലി പൊലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടത്. പിന്നാലെ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന എസ്. ഐ അടക്കം കണ്ണൂര്‍ എ. ആര്‍ ക്യാംപിലെ മൂന്ന് പൊലീസുകാരെ സസ്പെന്റ് ചെയ്തു. അമീര്‍ അലിക്കായി പൊലീസ് വ്യാപക പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. കര്‍ണാടകയില്‍ പ്രതിക്കുള്ള ബന്ധങ്ങള്‍ കണ്ടെത്തിയ പൊലീസ് അന്വേഷണം അവിടേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കാസര്‍കോട് ഡിവൈഎസ്പി .പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. വധശ്രമം, ഭീഷണിപ്പെടുത്തി തട്ടികൊണ്ടു പോകല്‍, മോഷണം, റോബറി എന്നിവയടക്കം ഇയാള്‍ക്കെതിരെ പതിനഞ്ചിലധികം കേസുകളുണ്ട്. മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണി കൂടിയാണ് ഇയാള്‍.