തമിഴ്നാട് മുഖ്യമന്ത്രി വിജയ് സ്വന്തം മതത്തിലേക്ക് ആളുകളെ ചേര്‍ക്കുകയാണെന്നും വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും കേന്ദ്രവിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷി. തിരുപ്പറംകുണ്‍ട്രത്തേത് ഇതിന് തെളിവാണെന്നും അഞ്ചാമത് കാശി തമിഴ് സംഗമത്തിലേക്കുള്ള ക്ഷണം അദ്ദേഹം നിരസിച്ചുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 'ഇങ്ങനെയുള്ളവര്‍ക്ക് സ്വന്തം മതത്തിലേക്ക് ആളുകളെ ചേര്‍ക്കാന്‍ മാത്രമേ ആഗ്രഹമുള്ളൂ' എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോട് ജോഷിയുടെ പ്രതികരണം.
ക്രിസ്ത്യാനികളെയാണോ ഉദ്ദേശിച്ചതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം പ്രള്‍ഹാദ് ജോഷി നല്‍കിയില്ല. താന്‍ ക്രിസ്ത്യാനികളെയോ ഇസ്ലാമിനെ കുറിച്ചല്ല പറഞ്ഞതെന്നും 'ഇത് വോട്ടുബാങ്ക് രാഷ്ട്രീയമാണ്. അദ്ദേഹം അവരെ പ്രീണിപ്പിക്കാനും മതംമാറ്റാനും ശ്രമിക്കുന്നു. മതപ്രീണനത്തിന്‍റെ അങ്ങേയറ്റമാണ് വിജയ് ഇപ്പോള്‍ കാണിക്കുന്നത്'- കേന്ദ്രമന്ത്രി പറഞ്ഞു.
താന്‍ നേരിട്ടാണ് കാശി സംഗമത്തിലേക്ക് തമിഴ്നാട് മുഖ്യമന്ത്രിയെ ക്ഷണിച്ചതെന്നും രാഷ്ട്രീയമാനങ്ങളില്ലാത്ത പരിപാടിയാണെന്ന് അറിയിച്ചിരുന്നുവെന്നും ജോഷി പറഞ്ഞു. 'വിജയിനെ ഫോണില്‍ വിളിച്ച് ഞാന്‍ സംസാരിച്ചു. ഞാന്‍ നോക്കട്ടെ എന്നായിരുന്നു മറുപടി. ഞങ്ങളുടെ ഓഫിസില്‍ നിന്ന് പിന്നീട് പലവട്ടം ബന്ധപ്പെട്ടുവെങ്കിലും അദ്ദേഹം ഫോണെടുത്തില്ല'- ജോഷി വെളിപ്പെടുത്തി. കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള ഫണ്ട് തമിഴ്നാട്ടിലെ സ്കൂളുകള്‍ക്ക് ലഭിക്കണമെങ്കില്‍ പിഎം ശ്രീയില്‍ ഒപ്പിടേണ്ടി വരുമെന്നും അല്ലെങ്കില്‍ ഫണ്ടില്ലെന്നും ജോഷി ഭീഷണി മുഴക്കി. 'സ്കൂള്‍ നിങ്ങളുണ്ടാക്കൂ, എന്നിട്ട് ഞങ്ങള്‍ പണം തരാം. കെട്ടിടമുണ്ടാക്കില്ലെന്നാണ് നിലപാടെങ്കില്‍ പിന്നെ ഞങ്ങളെന്തിന് പണം തരണം?'- കേന്ദ്രമന്ത്രി ചോദ്യമുയര്‍ത്തി.