ജഗന്‍ മോഹന്‍ റെഡ്ഡിയും സഹോദരി ശര്‍മിളയും (ഫയല്‍ ചിത്രം)

ജഗന്‍ മോഹന്‍ റെഡ്ഡിയും സഹോദരി ശര്‍മിളയും (ഫയല്‍ ചിത്രം)

  • അമ്മ വെ.എസ്.വിജയമ്മയും മറ്റ് കുടുംബാംഗങ്ങളുമായാണ് ശര്‍മിള എത്തിയത്. നവംബര്‍ 21ന് കോടതി പുറപ്പെടുവിച്ച ഇഞ്ചക്​​ഷന്‍ ഓര്‍ഡറിന് പിന്നാലെയായിരുന്നു സന്ദര്‍ശനം. ബംഗ്ലാവിലും വസ്തുവകകളിലും ശര്‍മിളയും ശര്‍മിളയുടെ പ്രതിനിധികളും പ്രവേശിക്കുന്നതും ഇടപെടുന്നതും തടയുന്നതായിരുന്നു ഉത്തരവ്

ആന്ധ്രപ്രദേശ് കോണ്‍ഗ്രസ് നേതാവും വൈ.എസ്.ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമായ വൈ.എസ്.ശര്‍മിളയെ ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിനടുത്ത് വച്ച് തടഞ്ഞ് പൊലീസ്. തര്‍ക്കത്തിലുള്ള ജഗന്‍റെ യെലഹങ്ക ബംഗ്ലാവിലേക്ക് ശര്‍മിള പ്രവേശിക്കുന്നതാണ് കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി പൊലീസ് തടഞ്ഞത്. ആന്ധ്ര മുന്‍ മുഖ്യമന്ത്രിയായ ജഗന്‍റെ കുടുംബം ഇവിടെയാണ് താമസിക്കുന്നത്. 

അമ്മ വെ.എസ്.വിജയമ്മയും മറ്റ് കുടുംബാംഗങ്ങളുമായാണ് ശര്‍മിള എത്തിയത്. നവംബര്‍ 21ന് കോടതി പുറപ്പെടുവിച്ച ഇഞ്ചക്​​ഷന്‍ ഓര്‍ഡറിന് പിന്നാലെയായിരുന്നു സന്ദര്‍ശനം. ബംഗ്ലാവിലും വസ്തുവകകളിലും ശര്‍മിളയും ശര്‍മിളയുടെ പ്രതിനിധികളും പ്രവേശിക്കുന്നതും ഇടപെടുന്നതും തടയുന്നതായിരുന്നു ഉത്തരവ്. 

ശര്‍മിളയുടെ മകളുടെ വിവാഹം ബുധനാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിന്‍റെ ചടങ്ങുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ടാണ് വിവാദം ഉടലെടുത്തത്. ബെംഗളൂരുവിലെ ബംഗ്ലാവില്‍ വച്ച് വിവാഹം നടത്താനായിരുന്നു ആദ്യം കുടുംബം നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ഹൈദരാബാദിലേക്ക് വേദി മാറ്റുകയായിരുന്നു.

ജഗനും സഹോദരി ശര്‍മിളയും തമ്മില്‍ ദീര്‍ഘകാലമായി സ്വരച്ചേര്‍ച്ചയിലല്ല. 2024ല്‍ ഇരുവരും തമ്മിലുള്ള സ്വത്ത് തര്‍ക്കം വന്‍ ശ്രദ്ധയാകര്‍ഷിച്ച നിയമ പോരാട്ടമായിരുന്നു. സരസ്വതി പവര്‍ ആന്‍റ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിലെ ഓഹരികള്‍ അനധികൃതമായി ശര്‍മിളയുടെയും അമ്മ വൈ.എസ്.വിജയലക്ഷ്മിയുടെയും പേരിലേക്ക് മാറ്റിയ ശര്‍മിളയുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജഗന്‍ നാഷനല്‍ കമ്പനി ലോ ട്രിബ്യൂണലിന് കത്തെഴുതിയിരുന്നു. സ്വത്തുവകകള്‍ സംബന്ധിച്ച് മുന്‍ നിശ്ചയിച്ച ധാരണ തെറ്റിക്കാന്‍ തനിക്ക്  ആഗ്രഹമില്ലെന്നും അതിന് വിരുദ്ധമായി ശര്‍മിള പ്രവര്‍ത്തിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ജഗന്‍ രേഖാമൂലം അറിയിക്കുകയും ചെയ്തു. 

സുരക്ഷാ കാരണങ്ങളാല്‍ യെലഹങ്കയിലെ വസ്തുവില്‍ വച്ച് ശര്‍മിളയുടെ മകളുടെ വിവാഹം നടത്താന്‍ കഴിയില്ലെന്ന് ജഗന്‍ അറിയിച്ചതോടെയാണ് കുടുംബപ്പോര് വീണ്ടും കനത്തത്. 'വിവാഹം പോലെയൊരു ചടങ്ങ് നടക്കുമ്പോള്‍ അസംഖ്യം ആളുകള്‍ വസ്തുവില്‍ പ്രവേശിക്കും. ഇത് സുരക്ഷാ പ്രശ്നമുണ്ടാക്കുന്നതാണെന്നും അതിനാല്‍ വിവാഹവേദി മാറ്റണമെന്നും' ആയിരുന്നു ജഗന്‍റെ അറിയിപ്പിലുണ്ടായിരുന്നത്. ഇതോടെ ശര്‍മിള വിവാഹവേദി ഹൈദരാബാദിലേക്ക് തന്നെ മാറ്റി. പക്ഷേ യെലഹങ്കയിലെ വസ്തുവില്‍ 100 സെന്‍റ്  ഭൂമി തന്‍റേതാണെന്നും ആ അവകാശം വേണമെന്നും അവര്‍ വാദമുയര്‍ത്തുകയായിരുന്നു. 

ENGLISH SUMMARY:

Andhra Pradesh Congress leader Y.S. Sharmila was stopped by police near Bengaluru International Airport while attempting to enter her brother Y.S. Jagan Mohan Reddy's Yelahanka bungalow. Police cited a November 21 court injunction prohibiting Sharmila and her representatives from entering or interfering with the disputed property. The latest confrontation comes amid a family dispute over the venue for Sharmila's daughter's wedding, which was shifted from Bengaluru to Hyderabad following Jagan's security concerns. The siblings have been involved in a prolonged property dispute, with Sharmila claiming ownership of 100 cents of land at the Yelahanka property.