ചാര്‍മിനാര്‍ (ഫയല്‍ ചിത്രം)

  • 2008 നവംബര്‍ 26നാണ് 166 പേരുടെ മരണത്തിനും 300 പേർക്കു പരുക്കേൽക്കാനുമിടയാക്കിയ മുംബൈ ഭീകരാക്രമണം ഉണ്ടായത്. പാക്കിസ്ഥാനില്‍ നിന്ന് കടല്‍മാര്‍ഗം ഗുജറാത്തിലെത്തിയ ഭീകരര്‍ അവിടെ നിന്ന് മുംബൈയിലെ കഫ് പരേഡ് തീരത്തേക്ക് ബോട്ടിലെത്തുകയായിരുന്നു. പത്തംഗ സംഘമാണ് വിവിധയിടങ്ങളില്‍ ആക്രമണം നടത്തിയത്. 26ന് രാത്രി ആരംഭിച്ച ആക്രമണം മൂന്നാം ദിവസമാണ് അവസാനിപ്പിക്കാന്‍ കഴിഞ്ഞത്

മുംബൈ ഭീകരാക്രമണം (26/11) പോലെ ഹൈദരാബാദിലും നടത്തുമെന്ന് അവകാശപ്പെട്ടുള്ള വ്യാജ ഇമെയില്‍ സന്ദേശത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി ഹൈദരാബാദ് പൊലീസ്.  സിറ്റി പൊലീസിന്‍റെ ഐഡിയിലേക്ക് ശനിയാഴ്ചയാണ് ലഷ്കറെ തയിബയുടേതെന്ന് അവകാശപ്പെടുന്ന സന്ദേശമെത്തിയത്.  കച്ചിഗുഡ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും സമീപത്തുള്ള ഹോട്ടലിലും മറ്റ് ചില സ്ഥലങ്ങളിലും സ്ഫോടനമുണ്ടാകുമെന്നും സന്ദേശത്തിലുണ്ടായിരുന്നു. ഇതിന് പിന്നാലെ നഗരത്തിലും പരിസര പ്രദേശങ്ങളിലും വന്‍ പൊലീസ് സന്നാഹമൊരുക്കി. കര്‍ശനമായ സുരക്ഷാ പരിശോധനയും നടത്തി. ഇതിലാണ് ഭീഷണി വ്യാജമെന്ന് കണ്ടെത്തിയത്. ജാഗ്രത തുടരുകയാണെന്നും സന്ദേശത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും പൊലീസ് പിടിഐയോട് വ്യക്തമാക്കി.

ഭീകരസംഘടനയായ ലഷ്കറെ തയിബയുടേതാണ് മുന്നറിയിപ്പെന്നും നഗരത്തില്‍ പലയിടത്തായി ബോംബ് സ്ഫോടനം നടത്തുമെന്നുമായിരുന്നു സന്ദേശത്തിന്‍റെ ഉള്ളടക്കം. ജമ്മുകശ്മീരില്‍ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ച ലഷ്കറെ കമാന്‍ഡര്‍ ലത്തീഫ് ഭട്ടിന്‍റെ കൊലപാതകത്തിന് പ്രതികാരം വൈകില്ലെന്നും മെയിലില്‍ ഉണ്ടായിരുന്നു.

സന്ദേശത്തിന് പിന്നാലെ നഗരങ്ങളില്‍ വിവിധയിടങ്ങളില്‍ അട്ടിമറി  ശ്രമത്തിനുള്ള സാധ്യതയുണ്ടോയെന്ന് പൊലീസ് പരിശോധിച്ചു. വന്‍ സുരക്ഷാ സംഘത്തെയും നഗരത്തില്‍ വിന്യസിച്ചു. 

പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും മതിയായ നടപടികള്‍ സ്വീകരിച്ചുവെന്നും പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. ഊഹാപോഹങ്ങളില്‍ വിശ്വസിക്കരുതെന്നും വ്യാജസന്ദേശത്തിന് പിന്നിലുള്ളവരെ വൈകാതെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ജനങ്ങള്‍ സമാധാനമായിരിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.

2008 നവംബര്‍ 26നാണ് 166 പേരുടെ മരണത്തിനും 300 പേർക്കു പരുക്കേൽക്കാനുമിടയാക്കിയ മുംബൈ ഭീകരാക്രമണം ഉണ്ടായത്. പാക്കിസ്ഥാനില്‍ നിന്ന് കടല്‍മാര്‍ഗം ഗുജറാത്തിലെത്തിയ ഭീകരര്‍ അവിടെ നിന്ന് മുംബൈയിലെ കഫ് പരേഡ് തീരത്തേക്ക് ബോട്ടിലെത്തുകയായിരുന്നു. പത്തംഗ സംഘമാണ് വിവിധയിടങ്ങളില്‍ ആക്രമണം നടത്തിയത്. 26ന് രാത്രി ആരംഭിച്ച ആക്രമണം മൂന്നാം ദിവസമാണ് അവസാനിപ്പിക്കാന്‍ കഴിഞ്ഞത്.

ENGLISH SUMMARY:

Hyderabad Police have launched an investigation into a fake email threatening Mumbai-style terror attacks in the city, allegedly sent in the name of Lashkar-e-Taiba. The email, received on Saturday, warned of explosions near Kachiguda Railway Station, a nearby hotel and several other locations, claiming to avenge the killing of Lashkar commander Latif Bhatt in Jammu and Kashmir. Police deployed additional security personnel and conducted extensive checks across the city before confirming that the threat was fake. Authorities have urged the public not to believe rumours, assuring that efforts are underway to trace those behind the email.