1. ലത്തീഫ് ഭട്ട് 2. ലത്തീഫ് ഭട്ടിനെ വധിച്ച ശേഷം, സുരക്ഷാ ഉദ്യോഗസ്ഥർ കവചിത വാഹനത്തിലിരുന്ന് വിജയസൂചകമായ അടയാളം കാണിക്കുന്നു

  • ലയ്ക്ക് 15 ലക്ഷം രൂപ പാരിതോഷികമുള്ള ഭട്ട്, കഴിഞ്ഞ വർഷം നവംബറിലാണ് ലഷ്കർ-ഇ-തൊയ്ബയിൽ ചേർന്നത്

ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ സിആര്‍പിഎഫ് പോസ്റ്റുകള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്‍ ലഷ്കര്‍ കമാന്‍ഡര്‍ മുഹമ്മദ് ലത്തീഫ് ഭട്ടിനോട് ദീര്‍ഘനേരം വിഡിയോകോളില്‍ സംസാരിച്ച് കീഴടങ്ങാനാണ് സുരക്ഷാ സേന ആദ്യം ആവശ്യപ്പെട്ടത്. കീഴടങ്ങാന്‍ എല്ലാ വഴികളിലൂടെയും അവസരം കൊടുത്ത ശേഷമാണ് സുരക്ഷാസേനയും ജമ്മു കശ്മീര്‍ പൊലീസും നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെ ഭട്ടിനെ വധിച്ചത്. 

Also Read: കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; ലഷ്കര്‍ കമാന്‍ഡര്‍ മുഹമ്മദ് ലത്തീഫ് ഭട്ടിനെ വധിച്ച് സുരക്ഷാസേന

ദീര്‍ഘനേരം സുരക്ഷാസേനാംഗം ഭട്ടിനോട് വിഡിയോകോളില്‍ സംസാരിക്കുകയും കീഴടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. ആയുധംവച്ച് കീഴടങ്ങുകയാണെങ്കില്‍  ജീവനൊടെയുണ്ടാകുമെന്ന ഉറപ്പും സേന നല്‍കി. കുല്‍ഗാമിലെ പള്ളിക്കുള്ളില്‍ ഒളിച്ചിരുന്ന ഭട്ട് എല്ലാം നിരസിച്ചു. തനിക്കൊപ്പം അല്ലാഹുവല്ലാതെ ആരുമില്ലെന്നാണ് ഇതിന് ഇയാള്‍ സേനയോട് നല്‍കിയ മറുപടി. എല്ലാ വഴികളും അടഞ്ഞതോടെ ടിയര്‍ ഗ്യാസ് പ്രയോഗിച്ച് ഇയാളെ പള്ളിയില്‍ നിന്നും പുറത്തുചാടിച്ച് വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. 

രാവിലെ തുടങ്ങിയ സൈനിക നീക്കം മണിക്കൂറുകളോളം നീണ്ടു. ഭട്ട് പള്ളിയില്‍ ഒളിച്ചിരിക്കുന്നു എന്ന വിവരം സേനയ്ക്കുണ്ടായിരുന്നെങ്കിലും ആരാധനാലയത്തെ ബാധിക്കാതെ  ഭട്ടിനെ വരുത്തിയിലാക്കാനായിരുന്നു സുരക്ഷാ സേനയുടെ പദ്ധതി. ജമ്മു കശ്മീര്‍ പൊലീസിലെ കുല്‍ഗാം സീനിയർ സൂപ്രണ്ട് അനായത് അലിയാണ് ഭട്ടിനോട് വിഡിയോ കോളില്‍ സംസാരിച്ച് കീഴടങ്ങാന്‍ ആവശ്യപ്പെട്ടത്. 9 രാഷ്ട്രീയ റൈഫിളിന്‍റെ കമാന്‍ഡിങ് ഓഫീസറും ഭട്ടിനോട് സംസാരിച്ചു. കീഴടങ്ങുകയാണെങ്കില്‍ ജീവനോടെയുണ്ടാകുമെന്ന് അദ്ദേഹവും ഉറപ്പുനല്‍കി. എല്ലാ നയതന്ത്രവും അവസാനിച്ചതോടെ ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ പള്ളിക്കുള്ളിലേക്ക് എറിഞ്ഞ് ഭട്ടിനെ പുറത്തേക്ക് ഇറക്കാന്‍ നിര്‍ബന്ധിതനാക്കുകയായിരുന്നു. അതോടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഭട്ടിനെ സുരക്ഷാ സേന വെടിവച്ചു വീഴ്ത്തി.

തിങ്കളാഴ്ച മുതല്‍ ഭട്ടിനു പിന്നാലെയായിരുന്നു സുരക്ഷസേന. കൂട്ടത്തിലുണ്ടായിരുന്ന ഉമര്‍ നിസാര്‍ ദര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെങ്കിലും ഈ ഓപ്പറേഷനില്‍ നിന്നും ഭട്ട് രക്ഷപ്പെട്ടു. പിന്നീട് വിപുലമായ തിരച്ചിലാണ് സേന നടത്തിയത്. ഭട്ടിന്‍റെ പുതിയ ലൊക്കേഷന്‍ കുല്‍ഗാമില്‍ എന്ന ഇന്‍റലിജന്‍സ് വിവരത്തോടെയാണ് ജമ്മുകാശ്മീര്‍ പൊലീസും സുരക്ഷാ സേനയും ബുധനാഴ്ച പുലര്‍ച്ചെയോടെ മേഖലയില്‍ തിരച്ചില്‍ ആരംഭിച്ചത്. കുൽഗാമിലെ സങ്കൽപോറയിൽ പുലർച്ചെ 3 മണിയോടെ ഒരു പള്ളിക്കുള്ളിൽ നിന്ന് സുരക്ഷാ സേനയുടെ ഒരു സംഘത്തിന് നേരെ വെടിവയ്പ്പും ഉണ്ടായി.

2025 നവംബർ 18 നാണ് ഭട്ട് ലഷ്‌കർ-ഇ-തൊയ്ബയിൽ ചേർന്നതെന്ന് എസ്എസ്പി അനയത് അലി പറഞ്ഞു. കശ്മീരിലെ സമാധാനം, ടൂറിസം, സാമ്പത്തിക പ്രവർത്തനങ്ങൾ എന്നിവ തകർക്കാന്‍ ഭട്ടിന് അതിർത്തിക്കപ്പുറത്ത് നിന്ന് നിർദ്ദേശങ്ങൾ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നവംബറിലാണ് ഭട്ട് തീവ്രവാദ സംഘടനയിലേക്ക് എത്തുന്നത്. ഈ വര്‍ഷം ജൂലൈയില്‍ അനന്തനാഗിലും കുല്‍ഗാമിലും നടന്ന ആക്രമണങ്ങള്‍ക്ക് പിന്നിലും ഭട്ടിലും ഉമര്‍ നിസാര്‍ ദാറുമാണെന്ന് പൊലീസ് കണ്ടെത്തല്‍. തലയ്ക്ക് 15 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച ഭീകരനാണ് ഭട്ട്. 

ENGLISH SUMMARY:

Security forces neutralized Lashkar-e-Toiba commander Muhammad Latief Bhat in a joint counter-terrorism operation in Jammu and Kashmir's Kulgam district following an hours-long standoff. Prior to the final assault, senior police and military officials made extensive efforts by conversing with Bhat via video call to urge him to surrender safely. After Bhat, who had taken refuge inside a local mosque, rejected all offers and opened fire, security forces deployed tear gas shells to flush him out. Carrying a bounty of 15 lakh rupees, Bhat was the mastermind behind recent attacks targeting CRPF posts and local security forces in the region.