ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകരാക്രമണം. സിആര്‍പിഎഫിനുനേരെയുള്ള ആക്രമണത്തില്‍ മൂന്ന് ജവാന്‍മാര്‍ക്ക് പരുക്കേറ്റു. ഉച്ചകഴിഞ്ഞ് രണ്ടേകാലോടെയാണ് ബൈക്കിലെത്തിയ ഭീകരര്‍ നാല്‍പ്പത്തിയാറാം ബറ്റാലിയനിലെ സിആര്‍പിഎഫ് ജവാന്‍മാര്‍ക്കുനേരെ വെടിയുതിര്‍ത്തത്. പരുക്കേറ്റ ജവാന്‍മാരെ, അന്ത്നാഗിലെ ആശുപത്രിയിലേക്ക് മാറ്റി. 

ഭീകരർ സഞ്ചരിക്കാൻ ഉപയോഗിച്ച മോട്ടോർ ബൈക്ക് സുരക്ഷാസേന തിരിച്ചറിഞ്ഞു. കൃത്യം നിർവ്വഹിച്ച ശേഷം അതിവേഗം കടന്നുകളയുന്ന ലഷ്കറെ തൊയ്ബയുടെ 'ഷൂട്ട് ആൻഡ് സ്കൂട്ട്' ശൈലിയിലാണ് ആക്രമണം നടന്നിരിക്കുന്നത് എന്നാണ് നിഗമനം. സംഭവത്തിൽ ഒരു പാകിസ്ഥാൻ സ്വദേശിയായ ഭീകരനും പ്രദേശവാസിയായ ഒരാൾക്കും പങ്കുണ്ടെന്ന് സുരക്ഷാസേന സംശയിക്കുന്നു. 

മിർ ബസാറിന് സമീപം അഖ്‌റാനിലാണ് സിആര്‍പിഎഫ് ജവാന്‍മാരെ ഭീകരര്‍ ലക്ഷ്യമിട്ടത്. വെടിവയ്പ്പിനുശേഷം രക്ഷപ്പെട്ട, ഭീകരര്‍ക്കായി സൈന്യത്തിന്‍റേയും സിആര്‍പിഎഫിന്‍റേയും ജമ്മു കശ്മീര്‍ പൊലീസിന്‍റേയും നേതൃത്വത്തില്‍ വ്യാപകമായ തിരച്ചില്‍ തുടങ്ങി. ലഷ്കര്‍ ബന്ധമുള്ള തദ്ദേശീയ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. 

ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഇന്ന് കുല്‍ഗാമിലുണ്ട്. വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയതാണ് ലഫ്. ഗവര്‍ണര്‍. ദേശീയപാതയോട് തൊട്ടടുത്താണ് ഭീകരര്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ക്കുനേരെ വെടിയുതിര്‍ത്തത്. രാകേഷ് ദാസ്, സന്തോഷ് ചന്ദ്രു, സോംവീർ സിങ് എന്നീ ജവാന്‍മാര്‍ക്കാണ് പരുക്കേറ്റത്. 

വയറിലും നട്ടെല്ലിലും വെടിയേറ്റ സന്തോഷ് ചന്ദ്രുവിന്റെ നില ഗുരുതരമാണ്. ഇദ്ദേഹത്തെ ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷൻ തിയറ്ററിലേക്ക് മാറ്റി. കഴിഞ്ഞ 12 മാസത്തിനിടെ, ദൗത്യത്തിനിടെ ഒരു സിആര്‍പിഎഫ് ജവാന്‍പോലും വീരമൃത്യുവരിച്ചിട്ടില്ല.

ENGLISH SUMMARY:

Three CRPF jawans were injured when terrorists opened fire on the 46th Battalion near Akhran in Kulgam, Jammu and Kashmir. The terrorists executed a rapid 'shoot and scoot' style attack on a motorcycle before fleeing the scene, a tactic traditionally associated with Lashkar-e-Taiba.