ഫയല്‍ ചിത്രം
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി വളപ്പിലെ മാൻഹോളിൽ നവജാതശിശുവിന്റെ മൃതദേഹം. ആശുപത്രിയിലെ രണ്ടാം വാർഡിന് സമീപത്തെ മാൻഹോൾ ഇന്ന് ഉച്ചയോടെ ശുചീകരിക്കുന്നതിനിടെ ജീവനക്കാർ മൃതദേഹം കണ്ടത്തിയത്.
വളരെ ചെറിയ വലിപ്പത്തിലുള്ള കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വിവരം ഉടനടി ആശുപത്രി സൂപ്രണ്ടിനെയും ഡോക്ടർമാരെയും അറിയിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജ് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.
ശുചീകരണം നടത്തുന്നതിനിടെയാണ് മാൻഹോളിനുള്ളിൽ മൃതദേഹം കണ്ടത്. എത്ര മാസം വളർച്ചയെത്തിയ കുഞ്ഞാണെന്നതിലും മൃതദേഹത്തിന് എത്ര ദിവസത്തെ പഴക്കമുണ്ടെന്ന കാര്യത്തിലും പരിശോധനകൾക്കും ശേഷമേ വ്യക്തത വരികയുള്ളൂ.
ആശുപത്രിയിൽ ചികിത്സ തേടിയെത്തിയവരാണോ അതോ പുറത്തുനിന്നാരെങ്കിലും മൃതദേഹം മാൻഹോളിൽ ഉപേക്ഷിച്ചതാണോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.