കശ്മീരിലെ കുല്‍ഗാമില്‍ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ച ലഷ്കര്‍ ഭീകരന്, ലത്തീഫ് അഹമ്മദ് ഭട്ടിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തില്ല. ഭീകരരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് നല്‍കേണ്ടതില്ലെന്ന കേന്ദ്രനയത്തിന്റെ ഭാഗമായാണ് തീരുമാനം. ലത്തീഫ് അഹമ്മദ് ഭട്ടിന്റെ കുപ്വാരയിലെ വസതിയില്‍നിന്ന് 160 കിലോമീറ്റര്‍ അകലെയാണ് മൃതദേഹം സംസ്കരിച്ചത്. ഇന്നലെ, രാത്രി പത്തുമണിയോടെ കുപ്വാര ജില്ലയിലെ ബംഗസ് താഴ്വരയിലെ ഒരു ഗ്രാമത്തിലായിരുന്നു സംസ്കാരം. കനത്ത സുരക്ഷയിലായിരുന്നു നടപടികൾ. മൃതദേഹം കുടുംബത്തിന് വിട്ടുനൽകാതെ നിശ്ചയിച്ച സ്ഥലത്ത് സംസ്കരിക്കുകയായിരുന്നു. കുപ്വാരയിലെ ഖ്രേവാൻ ഗ്രാമത്തിലാണ് ലത്തീഫിന്റെ കുടുംബം താമസിക്കുന്നത്. ഇവിടെനിന്ന് ഏകദേശം നാലുമണിക്കൂർ യാത്ര ചെയ്തുവേണം സംസ്കാരം നടത്തിയ സ്ഥലത്തെത്താൻ. Also Read: കീഴടങ്ങാന്‍ അവസരം കൊടുത്തു; പള്ളിയില്‍ കയറി ഒളിച്ച് മുഹമ്മദ് ലത്തീഫ് ഭട്ട്; പുകച്ച് പുറത്തുചാടിച്ച് സേന
സുരക്ഷാസേനയുടെ അകമ്പടിയോടെയാണ് കുടുംബാംഗങ്ങളെ ഇവിടേക്ക് എത്തിച്ചത്. മതപരമായ ആചാരങ്ങളും കുടുംബത്തിന്റെ പതിവുരീതികളും അനുസരിച്ചായിരുന്നു സംസ്കാരം. സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ കുടുംബത്തിലെ എട്ട് പുരുഷന്മാരാണ് എത്തിയത്. ലത്തീഫിന്റെ പിതാവും മാതൃസഹോദരനും മറ്റ് ബന്ധുക്കളുമാണ് പങ്കെടുത്തത്. ചടങ്ങ് ചിത്രീകരിക്കുന്നതിന് അനുമതിയുണ്ടായിരുന്നില്ല. ശ്മശാനത്തിലെത്തുന്നതിന് 10 കിലോമീറ്റർ മുൻപുതന്നെ സുരക്ഷാസേന ബന്ധുക്കളുടെ മൊബൈൽ ഫോണുകൾ വാങ്ങിവച്ചതായി മാതൃസഹോദരൻ പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.
സുരക്ഷാസേന ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുന്ന ഭീകരരുടെ മൃതദേഹങ്ങൾ കുടുംബത്തിന് വിട്ടുനൽകാതിരിക്കുകയെന്ന കേന്ദ്രസർക്കാർ നയത്തിന്റെ ഭാഗമായാണ് നടപടി. പൊതുദർശനവും വിലാപയാത്രയും സംഘടിപ്പിച്ച് ഭീകരരെ മഹത്വവൽക്കരിക്കുന്നത് തടയുകയാണ് ലക്ഷ്യം. ലോക്സഭയിലെ ചർച്ചയ്ക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഭീകരരെ സംസ്കരിക്കാൻ മൃതദേഹങ്ങൾ കുടുംബത്തിന് വിട്ടുനൽകില്ലെന്നും ഭീകരരുടെ പേരിൽ വിലാപയാത്രകളോ സ്മാരകങ്ങളോ അനുവദിക്കില്ലെന്നും അമിത് ഷാ പറഞ്ഞിരുന്നു.
ജമ്മു കശ്മീരിൽ ലഷ്കറെ തയിബയുടെ അവസാനത്തെ സജീവ പ്രാദേശിക റിക്രൂട്ട്മെന്റായി കേന്ദ്രസർക്കാർ വിശേഷിപ്പിച്ചിരുന്ന 22കാരനായ ലത്തീഫ് ഭട്ട് ഇന്നലെയാണ് കുൽഗാമിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. സൻഗൽപോറയിലെ ആരാധനാലയത്തിനുള്ളിലാണ് ലത്തീഫ് ഭട്ട് ഒളിലില്‍ കഴിഞ്ഞിരുന്നത്. നവംബർ 11ന് മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് വെടിയേറ്റ ഭീകരാക്രമണത്തിന് പിന്നാലെ ലത്തീഫിനായി സുരക്ഷാസേന തിരച്ചിൽ ശക്തമാക്കിയിരുന്നു.
സൈന്യത്തിന് കീഴിലെ, ഒൻപതാം രാഷ്ട്രീയ റൈഫിൾസും ജമ്മു കശ്മീർ പൊലീസും സിആര്‍പിഎഫും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. പ്രദേശത്ത് നൂറുകണക്കിന് പേരെ ചോദ്യംചെയ്യുകയും വീടുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയും ചെയ്തിരുന്നു. ലത്തീഫിനെ കണ്ടെത്തിയതോടെ കീഴടങ്ങാൻ സുരക്ഷാസേന അന്ത്യശാസനം നല്‍കിയിരുന്നു. സേനയുടെ വിഡിയോ കോൾ വഴിയുള്ള ശ്രമവും പരാജയപ്പെട്ടു. ഇതോടെയാണ് ലത്തീഫ് ഭട്ടിനെ വധിച്ചത്.