വിജയും കനിമൊഴിയും (ഫയല്‍ ചിത്രം: PTI)
തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയിനെ വാഴ്ത്തി ആരാധകര്‍ 'ഹരോ ഹര' വിളി മുഴക്കിയത് ഈശ്വരവിശ്വാസികളെ അപമാനിക്കുകയും മതവികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്തെന്ന് ഡിഎംകെ നേതാവ് കനിമൊഴി. 'ഒരാളുടെ മതം എന്ത് തന്നെ ആയാലും ദൈവങ്ങള്‍ക്ക് തുല്യരായി മനുഷ്യരെ ഉയര്‍ത്തിക്കാട്ടുന്നത് ഭക്തരുടെ മതവികാരം മുറിപ്പെടുത്തും'- കനിമൊഴി മാധ്യമങ്ങളോട് പറഞ്ഞു. തമിഴ്നാട്ടിലെ മിക്ക ക്ഷേത്രങ്ങളും നിര്‍മിച്ച ചോള രാജാക്കന്മാര് പോലും ദൈവത്തിന് തുല്യരായി തങ്ങളെ ഉയര്‍ത്തിക്കാട്ടുകയോ അത്തരം സ്തുതികള്‍ താല്പര്യപ്പെടുകയോ ചെയ്തിരുന്നില്ലെന്നും അവര്‍ പറഞ്ഞു.
'കലൈഞ്ജര്‍ കരുണാനിധിയുടെ കാലത്ത് ഇത്തരമൊരു സംഭവം നടക്കില്ലായിരുന്നു. അദ്ദേഹം സ്വയം ഒരു എതീയ്സ്റ്റായാണ് പ്രഖ്യാപിച്ചിരുന്നത്. തിരുവാവൂരിലെ കാര്‍ ഫെസ്റ്റിവല്‍ അദ്ദേഹമാണ് വീണ്ടും സജീവമാക്കിയത്. സ്റ്റാലിന്റെ കാലത്തും പല ക്ഷേത്രങ്ങളും പുനഃരുദ്ധരിച്ചു. വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുകള്‍ കൂടാതെ ആഘോഷങ്ങളും ആചാരങ്ങളും തുടരേണ്ടതിനാണ് ഇത്തരത്തില്‍ ചെയ്യുന്നത്. അല്ലാതെ മുഖ്യമന്ത്രിയെ വാഴ്ത്തിപ്പാടാനല്ല'- കനിമൊഴി തുറന്നടിച്ചു.
തിരുച്ചെണ്ടൂര് മുരുക ക്ഷേത്രത്തിലെ ശൂരസംഹാരം ആഘോഷത്തിലെ ലൈവ് കമന്ററിക്കിടെയാണ് സര്‍ക്കാര്‍ നിയോഗിച്ച കലാകാരന് വേല്‍മുരുഗനാണ് മുഖ്യമന്ത്രിയെ പ്രകീര്‍ത്തിച്ച് 'ഹരോ ഹര' സ്തുതി മുഴക്കിയത്. 'സിഎമ്മിന് ഹരോഹര, എസ്.രമേശിന് ഹരോ ഹര' എന്നായിരുന്നു വേല്‍മുരുഗന്‍ ലൈവ് കമന്ററിക്കിടെ വിളിച്ച് പറഞ്ഞത്.
ദേവസ്തുതികള്‍ രാഷ്ട്രീയക്കാരെ പ്രീതിപ്പെടുത്താന്‍ ഉപയോഗിക്കരുതെന്ന് ബിജെപി നേതാവ് വാനതി ശ്രീനിവാസന് പറഞ്ഞു. ഇത് വിശ്വാസത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും വേല്‍മുരുഗന്‍ മാപ്പ് പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു. ക്ഷേത്രാചാരങ്ങളെയും ഉല്‍സവങ്ങളെയും അലങ്കോലപ്പെടുത്തുന്നതാണ് ഇത്തരം നടപടികളെന്നും വിജയ് സര്‍ക്കാര്‍ ഇതൊരു ശീലമാക്കിയെന്നും ബിജെപി ആരോപിച്ചു.