തമിഴ്‌നാട് മധുരയിൽ വൻ കോളിളക്കം സൃഷ്ടിച്ച  ജ്വല്ലറി കവർച്ചാ കേസിൽ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റില്‍.  മുഖ്യപ്രതിയായ നിഷാന്തിന്റെ സുഹൃത്തായ മീനാക്ഷിയെയാണ് മധുര സിറ്റി പൊലീസ് പിടികൂടിയത്. ഇവർക്കൊപ്പം മുഖ്യപ്രതിയുടെ പിതാവ് സുരേഷിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മോഷ്ടാവ് സഞ്ചരിച്ച സ്കൂട്ടറിൻ്റെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രദേശവാസിയായ 20 കാരൻ നിഷാന്തിലേക്ക് പൊലീസ് എത്തുന്നത്. ഇന്നലെ രാത്രി നിഷാന്തിൻ്റെ വീട്ടിൽ റെയ്‌ഡ് നടത്തിയെങ്കിലും പൊലീസിന് ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ നിഷാന്തും പിതാവും ചേർന്ന് മുഖം മൂടിയും കൈ ഉറകളും കത്തിക്കുന്നത് കണ്ടെന്ന ദൃക്സാക്ഷിയുടെ മൊഴിയാണ് പ്രതികളുടെ അറസ്റ്റിലേക്ക് കാര്യങ്ങൾ എത്തിച്ചത്. നിഷാന്തിൻ്റെ ചിത്രം കണ്ട് യുവാവ് തിരിച്ചറിഞ്ഞതോടെ പിതാവ് സുരേഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തുടർന്ന് നിഷാന്തിൻ്റെ സുഹൃത്തും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മീനാക്ഷിയിലേക്കും അന്വേഷണം തിരിഞ്ഞു. നിഷാന്തും മീനാക്ഷിയും തമ്മിലുള്ള സോഷ്യൽ മീഡിയ ചാറ്റുകളും ഫോൺ വിവരങ്ങളും ശേഖരിച്ച പൊലിസ് മോഷണത്തിലെ മീനാക്ഷിയുടെ പങ്ക് ഉറപ്പിച്ചു. തുടർന്ന് വൈകിട്ടോടെ രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. നിഷാന്തും പിതാവും ചേർന്നാണ് കവർച്ച നടത്തിയതെന്നാണ് വിവരം.

മോഷ്ടിച്ച സ്വർണാഭരണങ്ങൾ ഒളിപ്പിക്കാൻ സഹായിച്ചതിനും കവർച്ചാ വിവരം മറച്ചുവെച്ചതിനുമാണ് മീനാക്ഷിക്കെതിരെ കേസ് ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായവരിൽ നിന്നും ഏകദേശം അഞ്ച് കിലോഗ്രാം സ്വർണാഭരണങ്ങൾ അന്വേഷണ സംഘം കണ്ടെടുത്തു. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന മീനാക്ഷിയുടെ അറസ്റ്റ് തമിഴ്‌നാട്ടിൽ വന്‍ ചർച്ചയായിട്ടുണ്ട്.

കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് മധുര ബൈപ്പാസ് റോഡില്‍ പുതുതായി ആരംഭിച്ച ജ്വല്ലറി ഷോറൂമിൽ കവർച്ച നടന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ് ഷാഫ്റ്റ് വഴി ഷോറൂമിലെത്തിയ മോഷ്ടാവ് ഏകദേശം പതിനൊന്ന് കിലോയിലധികം സ്വർണവും ഒരു കിലോയോളം വജ്രാഭരണങ്ങളുമാണ് കവര്‍ന്നത്. മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങളിൽ നിന്നുമാണ് മോഷണരീതി കണ്ടെത്തിയത്.

കേസിലെ മുഖ്യപ്രതിയും യൂട്യൂബറുമായ നിഷാന്ത് ഒളിവിലാണ്. കവർച്ചയ്ക്ക് ശേഷം ഇയാൾ ചെന്നൈയിലേക്ക് കടന്നതായാണ് വിവരം. ബാക്കിയുള്ള സ്വർണം കണ്ടെത്തുന്നതിനും മുഖ്യപ്രതിയെ പിടികൂടുന്നതിനുമായി പ്രത്യേക അന്വേഷണ സംഘങ്ങൾ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

 

 

ENGLISH SUMMARY:

jewellery robbery Madurai became a major talking point after a social media influencer and the main suspect's father were arrested with five kilograms of stolen gold. Police are still searching for the prime accused YouTuber who remains at large following the massive heist.