കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും വിലക്കയറ്റത്തില്‍ വീര്‍പ്പുമുട്ടുകയാണ് സാധാരണക്കാര്‍. ഭക്ഷ്യവസ്തുക്കള്‍ക്ക് പത്ത് ശതമാനം വരെയാണ് വില കൂടിയത്. ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് തമിഴ്‌നാട്ടിലെ ചില്ലറ വിലക്കയറ്റ നിരക്കെന്നാണ് റിപ്പോര്‍ട്ടുകള്‍. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ വിജയ് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.

ഇഷ്ടഭക്ഷ്യ ഇനമായ പൊന്നി അരി വാങ്ങാന്‍ പൊന്നുംവില കൊടുക്കേണ്ട അവസ്ഥയിലാണ് തമിഴ്‌നാട്ടുകാര്‍. ഒരുമാസം കൊണ്ട്  10 മുതല്‍ 15 രൂപവരെയാണ് അരിവിലയില്‍ കൂടിയത് . തമിഴ്‌നാട്ടില്‍ അരി ഉല്‍പ്പാദനം കുറഞ്ഞതാണ് വില ഉയരാനുള്ള പ്രധാന കാരണം. കിലോയ്ക്ക് തമിഴ്‌നാട് പൊന്നി അരിക്ക് 88രൂപയും ആന്ധ്ര പൊന്നിക്ക് 76 രൂപയും കര്‍ണാടക പൊന്നിക്ക് 81 രൂപയും ആണ്  വിപണി വില.  കേരള മട്ട അരിക്ക് കിലോയ്ക്ക് 83 രൂപ നല്‍കണം.

അരിക്ക് പുറമേ ഉഴുന്ന്, പയര്‍, പരിപ്പ്, പഞ്ചസാര തുടങ്ങിയവയ്ക്കും വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഉഴുന്ന് കിലോയ്ക്ക് 135 ല്‍ നിന്ന് 150രൂപയായി, തുവരപരിപ്പിന് 168 ഉം പഞ്ചസാര കിലോയ്ക്ക് 80 രൂപയായും ഉയര്‍ന്നു. ഒരു ലിറ്റര്‍ പാമോയിലിന് 145 രൂപയാണ് വില. വിലക്കയറ്റത്തിന് തടയിടാന്‍ സംസ്ഥാനത്തെ അമുദം സ്റ്റോറുകളില്‍ കിലോയ്ക്ക് 30 രൂപ നിരക്കില്‍ സര്‍ക്കാര്‍ അരി നല്‍കുന്നുണ്ടെങ്കിലും പ്രതിസന്ധിക്ക് അയവില്ല.

ENGLISH SUMMARY:

Ordinary citizens in Tamil Nadu are reeling under severe inflation as prices of essential food items have surged by up to 10 percent, surpassing the national retail inflation average. A drop in local paddy production has pushed the price of staple Ponni rice up by ₹10 to ₹15 within a single month, with Tamil Nadu Ponni touching ₹88 per kg and Kerala Matta reaching ₹83 per kg. Alongside rice, the costs of urad dal, toor dal, sugar, and palm oil have also climbed sharply, straining household budgets.