രാജ്യത്ത് അരിവില കുതിച്ചുയരുന്നു. ശരാശരി വില 49.42 രൂപയില്‍ എത്തി. മഴയുടെ കുറവും എഥനോള്‍ ഉല്‍പാദനവുമാണ് വില കൂടാന്‍ കാരണം. അരി ഉല്‍പാദനത്തില്‍ കുറവുണ്ടാകുമെന്ന് കേന്ദ്ര കൃഷി മന്ത്രാലയവും വിലയിരുത്തി. മുട്ടവിലയും ഉയര്‍ന്നു.

ആറുമാസത്തിനിടെ രാജ്യത്ത് ശരാശരി അരിവിലയില്‍ ആറ് രൂപ നാല്‍പത് പൈസയുടെ വര്‍ധനയാണ് ഉണ്ടായത്. മേയില്‍ 43.02 രൂപ ആയിരുന്നത് ഈ മാസം 49.42 രൂപയില്‍ എത്തി. ഒരു മാസത്തിനിടെ മാത്രം രണ്ടുരൂപയില്‍ അധികം കൂടി. അരി ഉല്‍പാദനത്തില്‍ ഉണ്ടാകുന്ന കുറവും എഥനോള്‍ നിര്‍മാണത്തിന് അരി ഉപയോഗിക്കുന്നതുമാണ് വില കൂടാനുള്ള പ്രധാന കാരണം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നടപ്പു സാമ്പത്തിക വര്‍ഷം അരി ഉല്‍പാദനത്തില്‍ 70 ലക്ഷം ടണ്ണിന്‍റെ കുറവുണ്ടാകുമെന്നാണ് കേന്ദ്ര കൃഷി മന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍.  2015– 16 ന് ശേഷം ആദ്യമായാണ് ഉല്‍പാദനം കുറയുന്നത്. വിവിധ സംസ്ഥാനങ്ങളിലെ മഴയുടെ കുറവും ചിലയിടത്ത് പ്രളയമുണ്ടായതും കാര്യമായി ബാധിച്ചു. വില പിടിച്ചു നിര്‍ത്താന്‍ എഥനോള്‍ ഉല്‍പാദനത്തിനായി മാറ്റുന്ന അരിയുടെ അളവിന് കേന്ദ്രസര്‍ക്കാര്‍ പരിധി നിശ്ചയിച്ചിരുന്നു, നുറുക്കരിയുടെ കയറ്റുമതിക്കും നിയന്ത്രണം ഉണ്ട്. മില്ലുകള്‍ക്കും വന്‍കിട വ്യാപാരികള്‍ക്കും സ്റ്റോക് പരിധി നിശ്ചയിക്കാന്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്കു കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്

ENGLISH SUMMARY:

Rice price hike in India has pushed the average retail price to 49.42 rupees due to deficient rainfall and increased ethanol production. The Ministry of Agriculture reports a significant drop in rice production this fiscal year alongside rising egg prices.