chennai-car-stolen

TOPICS COVERED

ചെന്നൈയില്‍ കാറിന്റെ പിന്‍സീറ്റില്‍ കുട്ടി ഉറങ്ങിക്കിടക്കവെ കാര്‍ മോഷണം. 12 വയസ്സുകാരി കാറില്‍ ഉറങ്ങുന്നത് അറിയാതെയാണ് മോഷ്ടാവ് കാര്‍ ഓടിച്ചുകൊണ്ടുപോയത്. ഞായറാഴ്ച രാത്രിയാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കളുടെ നാടായ ശിവഗംഗ ജില്ലയില്‍ നിന്ന് ഗുഡുവാഞ്ചേരിയിലെ വീട്ടിലേക്ക് മടങ്ങിവരുമ്പോഴാണ് കാര്‍ മോഷണം.

കാറില്‍ പെണ്‍കുട്ടിയും മാതാപിതാക്കളും മാത്രമാണ് ഉണ്ടായിരുന്നത്. യാത്രയ്ക്കിടെ ഗുഡുവാഞ്ചേരിക്ക് സമീപത്തെ വല്ലാഞ്ചേരിയിലെ ക്ലൗഡ് കിച്ചണിൽ ഇവര്‍ ഭക്ഷണം കഴിക്കാൻ കാര്‍ നിര്‍ത്തി. ദമ്പതികള്‍ മാത്രമാണ് കാറില്‍നിന്ന് ഇറങ്ങിയത്. കുട്ടി ഉറങ്ങുന്നതിനാല്‍ കുട്ടിയെ കാറില്‍തന്നെ കിടത്തി, എന്‍ജിനും എസിയും ഓഫാക്കിയിരുന്നില്ല. ദമ്പതികള്‍ ഹോട്ടലില്‍ കയറിയശേഷമാണ് മോഷ്ടാവ് അവിടേക്ക് എത്തിയത്.

ആളില്ലാതെ ഓണ്‍ ആയി കിടന്ന കാര്‍ കണ്ട മോഷ്‌ടാവ് കാറുമായി കടന്നുകളയുകയായിരുന്നു. മോഷണ സമയത്ത് കാറില്‍ കുട്ടി ഉറങ്ങിക്കിടന്ന വിവരം ഇയാള്‍ അറിഞ്ഞിരുന്നില്ല. തിങ്കളാഴ്ച മോഷ്‌ടാവില്‍ നിന്ന് രക്ഷപ്പെട്ട കുട്ടി പൊലീസിനോട് വിവരം പറയുമ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

വാഹനത്തില്‍ കുട്ടിയുണ്ടെന്ന് പിന്നീട് മനസിലാക്കിയ മോഷ്‌ടാവ് ഗുഡുവാഞ്ചേരിയിൽ നിന്ന്  230 കിലോമീറ്റർ അകലെയുള്ള മയിലാടുതുറ ജില്ലയിലെ സീർക്കാഴി പുതിയ ബസ് സ്റ്റാൻഡിലാണ് കാര്‍ നിര്‍ത്തിയത്. ഉറക്കമുണര്‍ന്നപ്പോള്‍ കാറോടിക്കുന്ന യുവാവിനെ ആണ് കണ്ടതെന്നും ഇയാള്‍ തന്നോട് ചായ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ബസ് സ്റ്റാന്‍ഡില്‍ ഇറക്കിയെന്നുമാണ് കുട്ടി പറയുന്നത്. തുടര്‍ന്ന് ഇയാളില്‍നിന്ന് രക്ഷപ്പെട്ട കുട്ടി ബസ് സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ ഡ്രൈവർമാരോട് വിവരം പറഞ്ഞു. ഓട്ടോ തൊഴിലാളികള്‍ പ്രതിയെ പിടിക്കാനെത്തിയപ്പോഴേക്കും പ്രതി കാറുമായി കടന്നിരുന്നു. തുടര്‍ന്ന് ഓട്ടോ തൊഴിലാളികളാണ് കുട്ടിയെ പൊലീസിനെ ഏല്‍പ്പിച്ചത്. പ്രതിക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

ENGLISH SUMMARY:

A 12-year-old girl was inadvertently abducted after a thief stole her parents' running car while she was asleep in the backseat near Chennai. The incident occurred on Sunday night at Vallanchery near Guduvanchery when her parents stepped into a cloud kitchen for food, leaving the engine and AC running. Realizing the child was inside only later, the thief drove 230 kilometers to Sirkazhi bus stand in Mayiladuthurai district, where he dropped her off on the pretext of buying tea. The girl bravely alerted local autorickshaw drivers who safely handed her over to the police, and a manhunt is now underway for the suspect.