TOPICS COVERED

നാട് ഞെട്ടിയ രണ്ട് സ്വര്‍ണക്കവര്‍ച്ചകളാണ് നവംബര്‍ 12ന് സംഭവിച്ചത്. രണ്ട് സംസ്ഥാനങ്ങളില്‍, പക്ഷെ അടുത്തടുത്ത നഗരങ്ങളില്‍ നടന്ന കവര്‍ച്ചകള്‍. ഒന്ന് നമ്മുടെ നാട്ടില്‍. തിരുവനന്തപുരം ചാലയില്‍ ജ്വല്ലറി അടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഉടമയില്‍നിന്ന് സ്വര്‍ണം തട്ടിപ്പറിച്ച് മോഷ്ടാക്കള്‍. സംഭവം വ്യാഴാഴ്ച രാത്രി പത്തരയോടെ. അന്നേ ദിവസം പുലര്‍ച്ചെ മൂന്നുമണിയോടെ തമിഴ്നാട് മധുരയിലും വന്‍ സ്വര്‍ണക്കവര്‍ച്ച. 15 ദിവസം മുന്‍പ് ഉദ്ഘാടനം ചെയ്ത ജ്വല്ലറിയില്‍ കടന്ന മോഷ്ടാക്കള്‍ സ്വര്‍ണവും വജ്രാഭരണങ്ങളും കവര്‍ന്നു. തിരുവനന്തപുരത്ത് നഷ്ടമായത് ഏകദേശം രണ്ടുകിലോ സ്വര്‍ണമെങ്കില്‍ മധുരയില്‍ നഷ്ടമായത് ഏകദേശം 35 കിലോ സ്വര്‍ണമാണ്. വജ്രാഭരണങ്ങള്‍ അടക്കം ഏകദേശം 50 കോടി രൂപയുടെ ആഭരണങ്ങള്‍ നഷ്ടമായ സംഭവം.

രണ്ടിടങ്ങളിലും ഊര്‍ജിത അന്വേഷണവുമായി പൊലീസ് രംഗത്തെത്തി. തിരുവനന്തപുരത്ത് ജ്വല്ലറിയിലെ ജീവനക്കാരെ ചോദ്യംചെയ്തു. സ്വര്‍ണം വില്‍ക്കാന്‍ സഹായിക്കുന്ന ഏജന്റുമാര്‍ ഉള്‍പ്പടെ നിരീക്ഷണത്തിലായി. മധുരയില്‍ ഒന്‍പത് സംഘങ്ങളായി തിരിഞ്ഞ് പുരോഗമിക്കുന്ന അന്വേഷണത്തില്‍ മുപ്പതിലേറെ പേരെ ചോദ്യംചെയ്തു. ജ്വല്ലറിയിലെ സുരക്ഷാജീവനക്കാര്‍, ജ്വല്ലറിയിലെ നിര്‍മാണപ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ എന്നിവരില്‍നിന്ന് വിവരം ശേഖരിച്ചു. നാട്ടുകാരനായ യുവാവിന്റെ വീട്ടില്‍ റെയ്ഡും നടത്തി. ചോദ്യം ഒന്നുമാത്രം, സ്വര്‍ണം കട്ടവരാര്?

വ്യാഴാഴ്ച രാത്രി പത്തരയോടെ കടയടച്ച് വീട്ടിലേക്ക് മടങ്ങിയ വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറാണ് കവര്‍ച്ചയ്ക്ക് ഇരയായത്. സ്കൂട്ടറില്‍ പോകവെ ബൈക്കിലെത്തിയ സംഘം സ്വര്‍ണമടങ്ങിയ ബാഗ് തട്ടിപ്പറിക്കുകയായിരുന്നു. മരക്കട റോഡില്‍വച്ച് നടന്ന കവര്‍ച്ചയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചിരുന്നു. രണ്ട് ബൈക്കുകളില്‍ എത്തിയവരാണ് കവര്‍ച്ച നടത്തിയതെന്ന് ദൃശ്യങ്ങളില്‍ വ്യക്തം. എന്നാല്‍ നമ്പര്‍ പ്ലേറ്റുകള്‍ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. രണ്ടുകിലോ സ്വര്‍ണമാണ് നഷ്ടമായതെന്ന് പൊലീസ് അറിയിച്ചു. ശുദ്ധീകരിക്കാനായി വീട്ടിലേക്ക് കൊണ്ടുപോയ സ്വർണമാണ് മോഷണം പോയതെന്ന് ചാല വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ചാല ദിലീപ് പറഞ്ഞു. കടയടച്ച് ഇറങ്ങി അധികം വൈകാതെയാണ് മോഷണം നടന്നതെന്നും ബൈക്കില്‍ എത്തിയവര്‍ സ്വര്‍ണം അടങ്ങിയ ബാഗ് തട്ടിപ്പറിക്കുകയായിരുന്നെന്നും ജ്വല്ലറിയുടമ. മരക്കട റോഡിലെ എസ്.ബി.ഐ എ.ടി.എമ്മിന് സമീപമാണ് കവര്‍ച്ച നടന്നത്. നന്ദകുമാറിന്റെ യാത്രകള്‍ അറിയാവുന്നവരാകാം കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. ചാലയിലെ ജ്വല്ലറിയിലും കവര്‍ച്ച നടന്ന സ്ഥലത്തുമെത്തി പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. മോഷണം നടന്നയിടത്ത് ജ്വല്ലറി ഉടമയെയും എത്തിച്ച് മൊഴി രേഖപ്പെടുത്തി. സ്വര്‍ണത്തിന്റെ അളവ് സംബന്ധിച്ചാണ് മറ്റൊരു ആശയക്കുഴപ്പം. പൊലീസുകാരുടെ അടുക്കല്‍ രണ്ടുകിലോ സ്വര്‍ണം നഷ്ടമായെന്ന് ആദ്യം പറഞ്ഞ നന്ദകുമാര്‍, മാധ്യമങ്ങളുടെ അടുക്കല്‍ അത് 15 പവനെന്ന് മാറ്റിപറഞ്ഞു.

തിരുവനന്തപുരത്തെ സ്വര്‍ണക്കവര്‍ച്ചയ്ക്ക് സമാനമായി നിരവധി ദുരൂഹതകള്‍ നിറഞ്ഞ സംഭവമാണ് തമിഴ്നാട് തേനിയിലെ സ്വര്‍ണക്കവര്‍ച്ച. ഉദ്ഘാടനം കഴിഞ്ഞ് 15 ദിവസം മാത്രമായ ജ്വല്ലറിയില്‍ കവര്‍ച്ച നടന്ന് രണ്ടുദിവസം പിന്നിടുമ്പോള്‍ കേസില്‍ നിര്‍ണായകമായ രണ്ട് അറസ്റ്റുകളാണ് തമിഴ്നാട് പൊലീസ് നടത്തിയിരിക്കുന്നത്. ഒപ്പം കവര്‍ച്ച ചെയ്യപ്പെട്ട ആഭരണങ്ങള്‍ കണ്ടെത്തിയെന്ന വാര്‍ത്തയും. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് മധുര കലാവാസലിന് സമീപം ബൈപാസ് റോഡിലുള്ള ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച നടന്നത്. 50 കോടി രൂപയോളം വിലവരുന്ന സ്വര്‍ണ-വജ്രാഭരണങ്ങള്‍ മോഷ്ടാക്കള്‍ കവര്‍ന്നു. വെള്ളിയാഴ്ച ജീവനക്കാര്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ജ്വല്ലറിയുടെ പിന്നിലൂടെ മോഷ്ടാക്കള്‍ അകത്തുകടന്നെന്നാണ് നിഗമനം. കെട്ടിടത്തിലെ ലിഫ്റ്റിന്റെ നിര്‍മാണം കഴിഞ്ഞിരുന്നില്ല. ഈ ഭാഗം വഴിയാണ് മോഷ്ടാക്കള്‍ മൂന്നാം നിലയിലെത്തി, ജ്വല്ലറിക്കുളില്‍ കടന്ന് കവര്‍ച്ച നടത്തിയതെന്നാണ് സൂചന. ബാഗുമായി പോകുന്ന മുഖംമൂടി ധരിച്ച മൂന്നുപേരുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ ആദ്യഘട്ടത്തില്‍ ലഭിച്ചിരുന്നു. പ്രതികള്‍ സംസ്ഥാനം വിടാനുള്ള സാധ്യത കണ്ട് അന്വേഷണം ഹൈദരാബാദിലേക്കും വ്യാപിപ്പിച്ചിരുന്നു. കവര്‍ച്ചയ്ക്കിടെ സെക്യൂരിറ്റി അലാം പ്രവര്‍ത്തിക്കാത്തതില്‍ ദുരൂഹത സംശയിക്കുന്നുണ്ട്. പൂര്‍ണമായി പ്രവര്‍ത്തനം തുടങ്ങാത്ത ജ്വല്ലറിയില്‍ ഇത്രയധികം ആഭരണങ്ങള്‍ ഉണ്ടായിരുന്നതായി മോഷ്ടാക്കള്‍ക്ക് വിവരം ലഭിച്ചതിലും ദുരൂഹതയുണ്ട്. പ്രതികള്‍ക്ക് കൃത്യമായ വിവരവും സഹായവും കിട്ടിയിരുന്നതായാണ് പൊലീസിന്റെ സംശയം. ഇതിന്റെ അടിസ്ഥാനത്തില്‍ ജ്വല്ലറി ജീവക്കാര്‍ ഉള്‍പ്പടെ മുപ്പതിലേറെപേരെ അന്വേഷണസംഘം ചോദ്യംചെയ്തിരുന്നു.

കൊള്ള നടന്നയിടത്തിന് സമീപമുള്ള യുവാവിന്റെ വീട്ടില്‍ സംശയത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇന്നലെ പരിശോധന നടത്തിയിരുന്നു. വ്ലോഗറും ഡ്രൈവറുമായ നിഷാന്തിന്റെ വീട്ടിലാണ് മൂന്നുമണിക്കൂറോളം പരിശോധന നടത്തിയത്. മോഷ്ടാവ് സഞ്ചരിച്ച സ്കൂട്ടറിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് കവര്‍ച്ചയില്‍ നിഷാന്തിന് പങ്കുണ്ടോയെന്ന് സംശയം ഉയര്‍ന്നത്. പരിശോധനയില്‍ കാര്യമായൊന്നും കണ്ടെത്താനായില്ലെങ്കിലും മറ്റൊരു മൊഴി ഇയാള്‍ക്ക് കുരുക്കായി. നിഷാന്തും അച്ഛനും ചേർന്ന് മുഖംമൂടിയും കൈ ഉറകളും കത്തിക്കുന്നത് കണ്ടെന്ന ദൃക്സാക്ഷിയുടെ മൊഴിയാണ് നിര്‍ണായകമായത്. ഇതോടെ നിഷാന്തിന്റെ അച്ഛന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. നിഷാന്ത് ഇപ്പോഴും ഒളിവിലാണ്. ഇതിനിടെ നിഷാന്തിന്റെ സുഹൃത്തും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മീനാക്ഷിയിലേക്കും അന്വേഷണം തിരിഞ്ഞു. ഇരുവരും തമ്മിലെ കോള്‍-ചാറ്റ് വിവരങ്ങള്‍ ശേഖരിച്ച പൊലീസ് കവര്‍ച്ചയില്‍ മീനാക്ഷിയുടെ പങ്കും ഉറപ്പിച്ചു. ഇതോടെ മീനാക്ഷിയും പിടിയിലായി. മീനാക്ഷിയെ ചോദ്യംചെയ്തതില്‍ നിന്നാണ് കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണത്തിന്റെ ഒരുഭാഗം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ഹൈദരാബാദിലും ബെംഗളൂരുവിലും തമിഴ്നാട്ടിലെ വിവിധയിടങ്ങളിലും നിഷാന്തിനായി പൊലിസ് ഊർജിത തിരച്ചിൽ നടത്തുകയാണ്.

കവര്‍ന്നെടുത്ത് രക്ഷപ്പെടാമെന്ന് കരുതുന്ന ഏതോരു കുറ്റവാളിക്കും താക്കീത് നല്‍കുന്ന വാര്‍ത്തയാണ് കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും വരുന്നത്. തിരുവനന്തപുരം ചാലയിലെ സ്വര്‍ണക്കവര്‍ച്ചയില്‍ എല്ലാ പ്രതികളും പിടിയിലായെന്നാണ് നിഗമനം. മധുരയിലെ കവര്‍ച്ചയില്‍ നിര്‍ണായകമായ അറസ്റ്റുകളുണ്ടായി. കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണത്തിന്റെ ഒരുഭാഗം കണ്ടെത്തുകയും ചെയ്തു. പ്രധാന പ്രതികളിലേക്ക് ഉടന്‍ എത്താനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. സ്വര്‍ണം കട്ടവര്‍ ആരെന്ന് അറിഞ്ഞു. ഇനി അറിയേണ്ടത്, ഈ കവര്‍ച്ചകള്‍ക്ക് പിന്നിലെ കഥകളാണ്.

Shocking Gold Robberies Shake Thiruvananthapuram and Madurai:

Thiruvananthapuram gold robbery and the massive Madurai jewellery heist highlight a shocking series of crimes solved by active police investigations. Both cases involved meticulous planning, insider tracking, and swift arrests across state borders