പ്രതീകാത്മക ചിത്രം : X
ഉത്തര്‍പ്രദേശില്‍ വേസ്റ്റ് ബിന്നുകള്‍ ഗ്രാമ പഞ്ചായത്തിലേക്ക് വാങ്ങിയതില്‍ ലക്ഷങ്ങളുടെ അഴിമതി. മഹാരാജഗഞ്ച് ജില്ലയിലെ ഘുഘ്ലി നഗര്‍ പഞ്ചായത്തില്‍ 27.36 ലക്ഷം രൂപയുടെ അഴിമതി നടന്നതായാണ് കണ്ടെത്തല്‍. കേസില്‍ നിലവിലെ പഞ്ചായത്ത് ചെയര്‍പഴ്സന്‍, മുന്‍ ചെയര്പഴ്സന്മാര്, സര്‍ക്കാര്‍ ജീവനക്കാര്‍, കോണ്‍ട്രാക്ടര്‍മാര്‍ എന്നിവരടക്കം പന്ത്രണ്ടുപേര്‍ക്കെതിരെ കേസെടുത്തു.
2018ലാണ് പഞ്ചായത്തിലേക്ക് 200 വേസ്റ്റ് ബിന്‍ വാങ്ങാന്‍ തീരുമാനിച്ചത്. ടെന്‍ഡര്‍ ക്ഷണിച്ചിരുന്നുവെങ്കിലും ലേലം ചട്ടപ്രകാരമല്ല നടന്നത്. നാല് ദിവസം മാത്രമാണ് ലേലത്തിനായി അപേക്ഷ സമര്‍പ്പിക്കാന്‍ നല്‍കിയത്. ഇതില്‍ തന്നെ കള്ളക്കളി വ്യക്തമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. വിപണിയില്‍ വീപ്പയൊന്നിന് 3,400 രൂപ മാത്രം വിലയുള്ളപ്പോള്‍ പഞ്ചായത്ത് 14,000 രൂപ മുടക്കിയാണ് ഓരോന്നും വാങ്ങിയത്. ഇതോടെയാണ് 27 ലക്ഷത്തിലേറെ രൂപയുടെ നഷ്ടം സംഭവിച്ചത്.
100 ലീറ്ററിന്റെ ബിന്‍ മാര്‍ക്കറ്റില്‍ 2,400 രൂപ മുതല്‍ 3,400 രൂപ വരെയുള്ള വിലയില്‍ ലഭ്യമാണെന്നിരിക്കെ ടെന്‍ഡര്‍ പ്രകാരം പഞ്ചായത്ത് അപ്രൂവ് ചെയ്തത് 14,160 രൂപയാണ്. രണ്ട് തവണകളായി (13.68 ലക്ഷം) മേയ് 20, 2023ലും ഓഗസ്റ്റ് 21, 2023ലുമായി 27.36 ലക്ഷം രൂപ നല്‍കിയെന്ന് രേഖകള്‍.
ടെന്‍ഡര്‍ നല്കിയ സമയത്ത് ഊര്‍മിള ദേവിയായിരുന്നു ചെയര്‍പഴ്സന്‍. ഇവരെ കൂടാതെ മുന്‍ എക്സിക്യുട്ടിവ് ഓഫിസര്‍ ശിവകുമാര്‍ മിശ്ര, മുന്‍ ക്ലര്‍ക് ഹീര്‍ പ്രസാദ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ടെന്‍ഡര്‍ നല്‍കിയത് ഊര്‍മിളയുടെ കാലത്താണെങ്കിലും പണം നല്‍കിയത് നിലവിലെ ചെയര്‍പഴ്സനാണ് എന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.