രാജ്യത്തെ നടുക്കിയ ഡൽഹി ചെങ്കോട്ട കാർ ബോംബ് സ്ഫോടനത്തിന് ഇന്ന് ഒരാണ്ട്. 15 ജീവനുകളാണ് സ്ഫോടനത്തിൽ പൊലിഞ്ഞത്. 30 ലേറെ പേർക്ക് പരുക്കേറ്റു. ചാവേറായ ഭീകരന്‍ ഡോ. ഉമര്‍ നബിയടക്കം കൊല്ലപ്പെട്ടു. തദ്ദേശീയ ഭീകരശൃംഖലയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണത്തിൽ പുറത്തുവന്നത്. കേസിലെ ഒരു പ്രധാന പ്രതി ഇപ്പോഴും ഒളിവിലാണ്.
രാജ്യതലസ്ഥാനത്തിന്റെ ഹൃദയഭാഗം. ഇന്ത്യയുടെ പരമാധികാരത്തിന്റെ പ്രതീകമായ ചെങ്കോട്ടയ്ക്ക് തൊട്ടുമുന്നിൽ. 2025 നവംബർ 10 വൈകിട്ട് 6.52ന് ഒരു കാർ പൊട്ടിത്തെറിച്ചു. ഡൽഹിയെ നടുക്കിയ ഭീകരാക്രമണം. കാർ ഓടിച്ചിരുന്നത് ഡോക്ടർ ഉമർ നബി. സ്ഫോടനത്തിൽ 11 പേർ തൽക്ഷണം മരിച്ചു. 32 പേർക്ക് പരുക്കേറ്റു. മരണസംഖ്യ പിന്നീട് ഉയര്‍ന്നു. സ്ഫോടനത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സ്ഥലത്തെത്തി. ആദ്യം പലതരം അഭ്യൂഹങ്ങൾ. സിഎൻജി സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന പ്രചാരണം. മറ്റൊരിടത്തേക്ക് കൊണ്ടുപോകുകയായിരുന്ന സ്ഫോടകവസ്തുക്കൾ പൊട്ടിയതാണെന്നും സംശയം. എന്നാൽ, ആസൂത്രിത കാർ ബോംബ് സ്ഫോടനമെന്ന് എൻഐഎ അന്വേഷണത്തിൽ സ്ഥിരീകരിച്ചു.
കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥൻ വിജയ് സാഖറെയുടെ നേതൃത്വത്തിൽ പത്തംഗ എൻഐഎ സംഘത്തിനായിരുന്നു അന്വേഷണം. 2011ന് ശേഷം ഡൽഹിയിൽ ഇത്തരമൊരു ആക്രമണം ഇതാദ്യമായിരുന്നു. ഉന്നതവിദ്യാഭ്യാസവും പ്രഫഷണൽ ജോലിയും ഭീകരവാദത്തിന് മറയാകുന്നുവെന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നു. 'വൈറ്റ് കോളർ ഭീകരവാദം' എന്ന വിശേഷണം അങ്ങനെ വാർത്തകളിൽ നിറഞ്ഞു. സ്ഫോടനത്തിലെ ചാവേറായ ഡോക്ടർ ഉമർ നബിയും കൂട്ടാളികളിൽ പലരും ഹരിയാനയിലെ ഫരീദാബാദിലെ അൽഫലാഹ് സർവകലാശാലയുമായി ബന്ധമുള്ള ഡോക്ടർമാറാണ്. ശ്രീനഗറിൽ ഭീഷണി സന്ദേശങ്ങളടങ്ങിയ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ചുള്ള അന്വേഷണമാണ് ഈ ഭീകരശൃംഖലയിലേക്ക് വഴിതുറന്നത്. എസ്‌എസ്‌പി ഡോ. ജി.വി.സന്ദീപ് ചക്രവർത്തിയുടെ അന്വേഷണത്തിൽ നിർണായക സൂചനകൾ ലഭിച്ചു. അൽഫലാഹ് കേന്ദ്രീകരിച്ചുള്ള ഭീകരശൃംഖലയെ പിടികൂടി. എന്നാൽ, ഉമർ നബി അന്വേഷണസംഘത്തിന്റെ പിടിയിലായില്ല. ഫരീദാബാദിൽനിന്ന് പിടിച്ചെടുത്തത് മൂന്ന് ടണ്ണോളം സ്ഫോടകവസ്തുക്കളാണ്. മറ്റൊരു വൻ ഭീകരാക്രമണത്തിനുള്ള തയാറെടുപ്പിലായിരുന്നു സംഘം. ജയ്ഷെ മുഹമ്മദ്, അൽഖായിദ ബന്ധമുള്ള അൻസാർ ഗസ്‌വത്ത് ഉൽ ഹിന്ദ് തുടങ്ങിയ ഭീകരസംഘടനകളുമായുള്ള ബന്ധവും അന്വേഷണത്തില്‍ തെളിഞ്ഞു. ഓപ്പറേഷൻ സിന്ദൂറിൽ മസൂദ് അസ്ഹറിന്റെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതിലുള്ള പ്രതികാരവും ആക്രമണത്തിന് പിന്നിലുണ്ടോയെന്ന് അന്വേഷണസംഘം പരിശോധിച്ചു. എൻഐഎ അന്വേഷണത്തിൽ ഒളിവിലുള്ള പ്രതി ഡോ. മുസഫർ അഹമ്മദ് ഒഴികെയുള്ളവർ പിടിയിലായി. കേസിൽ കുറ്റപത്രവും സമർപ്പിച്ചു. അതിനിടെ, ഫരീദാബാദിൽനിന്ന് പിടിച്ചെടുത്ത സ്ഫോടകവസ്തുക്കളുടെ ഫൊറൻസിക് പരിശോധനയ്ക്കിടെ കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷൻ വളപ്പിലുണ്ടായ സ്ഫോടനത്തിൽ ഒൻപത് പേർ മരിച്ചു. സാംപിളുകൾ ശേഖരിക്കുന്നതിനിടെയായിരുന്നു അപകടം. സ്ഫോടനത്തില്‍ അട്ടിമറിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ജമ്മു കശ്മീർ പൊലീസും വ്യക്തമാക്കി