പടക്കം കയ്യിലിരുന്ന് പൊട്ടിയതിനെ തുടര്‍ന്ന് മരിച്ച റിഷി ( ചിത്രം: X)

  • ദീപാവലി ദിവസം 257 എമര്‍ജന്‍സി കോളുകളാണ് എത്തിയതെന്ന് ഡല്‍ഹിയിലെ അഗ്നിരക്ഷാ സേന പറയുന്നു. ഇതില്‍ 214 ഉം പടക്കം പൊട്ടിയും അല്ലാതെയുമുള്ള തീ പിടിത്തത്തിന്‍റേതായിരുന്നു. 24 പേരാണ് പടക്കം പൊട്ടിയുള്ള പൊള്ളലിനെ തുടര്‍ന്ന് സഹായം തേടി

ദീപാവലി ആഘോഷത്തിനിടെ കയ്യിലിരുന്ന് പടക്കം പൊട്ടി പത്തുവയസുകാരന് ദാരുണാന്ത്യം. ഡല്‍ഹിയിലെ നറേലയില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. കുടുംബാംഗങ്ങള്‍ക്കൊപ്പം ആഘോഷത്തില്‍ പങ്കെടുത്ത റിഷിയെന്ന കുട്ടിയാണ് മരിച്ചത്. പടക്കത്തിന് തീ കൊളുത്തിയ കുട്ടി മുകളിലേക്ക് എറിഞ്ഞതും അത് നെഞ്ചിലേക്ക് തന്നെ പതിക്കുകയായിരുന്നു. 

സാരമായി പൊള്ളലേറ്റ കുട്ടിയെ ഉടന്‍ തന്നെ സത്യവതി രാജ ഹരിശ്ചന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്നാല്‍ ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മകന്റെ ജീവന്‍ നഷ്ടമാകാന്‍ കാരണമെന്ന് കുടുംബം ആരോപിച്ചു. 'എമര്‍ജന്‍സി കേസായിട്ട് പോലും ഡോക്ടര്‍മാര്‍ മെല്ലെയാണ് എത്തിയത്. പരിശോധിക്കാനെത്തിയ ഡോക്ടര്‍ കുട്ടിയുടെ നെഞ്ചില്‍ അമര്‍ത്തിയ ശേഷം സ്ഥലം വിട്ടു'- റിഷിയുടെ മൂത്തസഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഡോക്ടര്‍മാര്‍ യഥാസമയം പരിശോധിച്ചിരുന്നുവെങ്കില്‍ കുട്ടിയെ രക്ഷിക്കാമായിരുന്നുവെന്നും കുടുംബം പറയുന്നു. 'അവന്‍ പടക്കം പൊട്ടിക്കുന്നതിനിടെ ഒരെണ്ണെ നെഞ്ചിലേക്ക് വീണു. ശ്വാസമുണ്ടായിരുന്നത് കൊണ്ടാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. പക്ഷേ കാര്യമുണ്ടായില്ല'- കുട്ടിയുടെ അമ്മ പ്രതികരിച്ചു.

ദീപാവലി ദിവസം 257 എമര്‍ജന്‍സി കോളുകളാണ് എത്തിയതെന്ന് ഡല്‍ഹിയിലെ അഗ്നിരക്ഷാ സേന പറയുന്നു. ഇതില്‍ 214 ഉം പടക്കം പൊട്ടിയും അല്ലാതെയുമുള്ള തീ പിടിത്തത്തിന്‍റേതായിരുന്നു. 24 പേരാണ് പടക്കം പൊട്ടിയുള്ള പൊള്ളലിനെ തുടര്‍ന്ന് സഹായം തേടിയതെന്നും റിപ്പോര്‍ട്ട് പറയുന്നു. രാത്രി എട്ടു മുതല്‍ പത്തുവരെ മാത്രം 85 ഫോണ്‍ കോള്‍ എത്തിയെന്നും 61 ഫോണ്‍ കോള്‍ രാത്രി പത്തിനും അര്‍ധരാത്രിക്കുമിടയിലാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടിലുണ്ട്. നഗരത്തില്‍ വിവിധയിടങ്ങളിലായി ഉണ്ടായ അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയ അഞ്ച് അഗ്നിരക്ഷാ സേന പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ENGLISH SUMMARY:

A 10-year-old boy named Rishi died after a firecracker exploded against his chest during Diwali celebrations in Narela, Delhi. The child was celebrating with his family when a firecracker he lit reportedly fell back onto his chest after he threw it into the air. He was rushed to Satyawati Raja Harish Chandra Hospital but could not be saved. His family has alleged medical negligence, while Delhi Fire Services reported 257 emergency calls on Diwali, including 214 related to fires.