പ്രതീകാത്മക ചിത്രം
മുന്‍ കാമുകിയുടെ വിവരങ്ങള്‍ക്കായി വിവരാവകാശ നിയമം ദുരുപയോഗം ചെയ്ത യുവാവിന് തമിഴ്നാട് വിവരാവകാശ കമ്മിഷന്റെ കര്‍ശന താക്കീത്. ഇനിയും സമാനമായ നീക്കങ്ങള്‍ നടത്തി നിയമം ദുരുപയോഗം ചെയ്താല്‍ മാനസികാരോഗ്യ ചികിത്സയ്ക്കയക്കാന് ഉത്തരവിടുമെന്ന് കമ്മിഷന് മുന്നറിയിപ്പ് നല്കി.വില്ലുപുരം സ്വദേശി സന്തോഷിനെയാണ് വിവരാവകാശ കമ്മിഷണര്‍ വി.പി.ആര് ഇളമ്പരിതി ശാസിച്ചത്.
Also read: ‘അതേ ദിവസം തന്നെ പൊയ്ക്കളഞ്ഞല്ലോ, ‘എടോ’ എന്ന് വിളിക്കാനെങ്കിലും വരുമോ’; വികാരാധീനനായി അക്ഷരയുടെ ഭര്‍ത്താവ്
പ്രണയബന്ധം അവസാനിപ്പിച്ച പെണ്‍കുട്ടിയുടെ വിവരങ്ങളും ചിത്രങ്ങളുമാണ് വിവരാവകാശ നിയമപ്രകാരം സന്തോഷ് ആവശ്യപ്പെട്ടത്. യുവതിയുടെ മുന്‍കാല പ്രണയബന്ധങ്ങള്‍, ആരെയൊക്കെ ചതിച്ചിട്ടുണ്ട്, എത്ര ബന്ധങ്ങളുണ്ടായിട്ടുണ്ട്, വിവാഹിതയായോ, യുവതിയുമായി സംസാരിച്ച ആളുകളൊക്കെ ജീവിച്ചിരിപ്പുണ്ടോ, അവരുടെയൊക്കെ ചിത്രങ്ങള്‍, തുടങ്ങി കമ്മിഷനെ അമ്പരപ്പിച്ച 1886 ചോദ്യങ്ങളാണ് ഇയാള്‍ 97 അപേക്ഷകളിലായി ഉള്‍പ്പെടുത്തിയിരുന്നത്. കടലൂർ ജില്ലാ പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.
ജില്ലാ പൊലീസ് സൂപ്രണ്ടിനും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കും ഇത്തരത്തില്‍ അപേക്ഷകള്‍ നല്‍കിയിരുന്നെന്നും മറുപടി ലഭിച്ചില്ലെന്നും കാണിച്ചാണ് വിവരാവകാശ കമ്മിഷനെ സമീപിച്ചത്. 2025 നവംബര്‍ മുതല്‍ ഈ വര്‍ഷം ജൂണ്‍വരെയാണ് സന്തോഷ് അപേക്ഷകള്‍ നല്‍കിയത്.
2021–2024 കോളജ് പഠനകാലത്താണ് സന്തോഷും യുവതിയുമായി പ്രണയത്തിലായിരുന്നത്. എന്നാല്‍ സന്തോഷിന്റെ മോശം പെരുമാറ്റത്തെത്തുടര്‍ന്ന് പെണ്‍കുട്ടി ബന്ധത്തില്‍ നിന്നൊഴിഞ്ഞു. തുടര്‍ന്നും ഇയാള്‍ പെണ്‍കുട്ടിയെ പിന്നാലെ നടന്ന് ഉപദ്രവിച്ചു. അതോടെ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സ തേടിയതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
പൊതുതാല്പര്യത്തിനല്ല ആര്‍ടിഐ നിയമം ഉപയോഗിച്ചതെന്ന് പ്രഥമദൃഷ്ട്യാ തന്നെ ബോധ്യപ്പെട്ടതായി കമ്മിഷന് വ്യക്തമാക്കുന്നു. പ്രണയിച്ചിരുന്നപ്പോള്‍ ഇരുവര്‍ക്കുമിടയിലുണ്ടായ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പോലും ഇയാള്‍ അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു.
അഴിമതിയും ക്രമക്കേടുകളും പുറത്തുകൊണ്ടുവരാന്‍ ഉപയോഗിക്കുന്ന നിയമത്തെ വ്യക്തിപരമായ കാര്യങ്ങള്‍ക്കായി ദുരുപയോഗിച്ചതായും കമ്മിഷന് നിരീക്ഷിച്ചു. അതേസമയം സര്‍ക്കാര്‍ ഉദ്യോഗ്സഥരെ ഭീഷണിപ്പെടുത്താനോ സമ്മര്‍ദത്തിലാക്കാനോ അനുവദിക്കില്ലെന്നും കമ്മിഷന് പറഞ്ഞു.
ജീവനക്കാരുടെ ജോലി തടസപ്പെടുത്തുന്ന വിധത്തില്‍ ഇനിയും ചോദ്യങ്ങളും കൊണ്ടുവന്നാല്‍ ഒരു വര്‍ഷത്തേക്ക് വിലക്ക് നല്‍കുമെന്നും മാനസികാരോഗ്യ കൗണ്‍സിലിങ്ങിന് വിധേയനാകാന്‍ ഉത്തരവിടുമെന്നും കമ്മിഷന് പറയുന്നു.