തമിഴ് സിനിമയ്ക്ക് ഇനി പുലർകാല പ്രദർശനങ്ങളുടെ ആവേശം. തമിഴ്നാട്ടിലെ സിനിമാ തിയറ്ററുകളിൽ ആറു പ്രദർശനങ്ങൾ നടത്താൻ സംസ്ഥാന സർക്കാർ അനുമതി നൽകി. ആഘോഷവേളകളിലും പുതിയ സിനിമകളുടെ റിലീസ് സമയത്തും അധിക പ്രദർശനങ്ങൾ നടത്തണമെന്ന തിയറ്റർ ഉടമകളുടെയും വിതരണക്കാരുടെയും ആവശ്യം മുഖ്യമന്ത്രി ജോസഫ് വിജയ് അംഗീകരിക്കുകയായിരുന്നു.
രാവിലെ ആറു മുതൽ അടുത്ത ദിവസം പുലർച്ചെ 2.30 വരെ പ്രദർശനങ്ങൾ നടത്താം. പുതിയ സിനിമകൾക്ക് റിലീസ് തീയതി മുതൽ ഏഴു ദിവസത്തേക്കാണ് അധിക പ്രദർശനത്തിന് അനുമതി. ദീപാവലി പോലുള്ള ആഘോഷവേളകളിലും പ്രാദേശിക ഉത്സവദിവസങ്ങളിലും ഏതു സിനിമയ്ക്കും ആറു പ്രദർശനങ്ങൾ നടത്താം.
പഴയൊരു തിയറ്റർ പാരമ്പര്യത്തിന്റെ തിരിച്ചുവരവ് മാത്രമല്ല ഈ തീരുമാനം. പുതിയ സിനിമകളുടെ ആദ്യ ആഴ്ചയിലെ റിലീസ് രീതികളിലും പ്രേക്ഷകരുടെ തിരക്ക് നിയന്ത്രിക്കുന്നതിലും ആദ്യദിന കളക്ഷനിലും ഇതു സ്വാധീനം ചെലുത്തിയേക്കും. കൂടുതൽ പ്രദർശനങ്ങൾ സാധ്യമാകുന്നതോടെ റിലീസിന്റെ ആദ്യദിവസങ്ങളിൽത്തന്നെ കൂടുതൽ പ്രേക്ഷകരിലേക്ക് സിനിമകളെത്തിക്കാനും കഴിയും.
നവംബർ ആറിന് റിലീസ് ചെയ്യുന്ന സൂര്യയുടെ 'സീൻ', നയൻതാരയുടെ 'മൂക്കുത്തി അമ്മൻ 2' എന്നീ സിനിമകൾക്കായിരിക്കും ഈ തീരുമാനത്തിന്റെ ആനുകൂല്യം ആദ്യം ലഭിക്കുക.
അജിത് കുമാറിന്റെ 'തുനിവ്' സിനിമയുടെ റിലീസ് ആഘോഷത്തിനിടെ ആരാധകൻ മരിച്ചതിനെത്തുടർന്നാണ് തമിഴ്നാട്ടിൽ പുലർച്ചെയുള്ള പ്രദർശനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ചെന്നൈയിലെ രോഹിണി സിൽവർ സ്ക്രീൻ തിയറ്ററിന് പുറത്തുവച്ചായിരുന്നു അപകടം. തുടർന്നുവന്ന ഡിഎംകെ സർക്കാർ പുലർച്ചെയുള്ള ഷോകൾക്ക് വിലക്കേർപ്പെടുത്തി. അതിനുശേഷം സിനിമകളുടെ പ്രദർശനസമയക്രമത്തിൽ കർശന നിയന്ത്രണങ്ങളാണ് നിലനിന്നിരുന്നത്.
പുതിയ സർക്കാർ ഉത്തരവോടെ സിനിമകളുടെ റിലീസ് ആഴ്ചയിൽ പുലർച്ചെതന്നെ പ്രദർശനങ്ങൾ ആരംഭിക്കാൻ തിയറ്റർ ഉടമകൾക്ക് സാധിക്കും. സിനിമാ ആരാധകർക്കും തിയറ്റർ വ്യവസായത്തിനും ഒരുപോലെ ആശ്വാസം നൽകുന്നതാണ് തീരുമാനം.