ato-riksha

TOPICS COVERED

പതിമൂന്ന് വർഷത്തെ ഇടവേളയ്ക്കുശേഷം തമിഴ്‌നാട്ടിൽ ഓട്ടോറിക്ഷകളുടെ മിനിമം നിരക്ക് വർധിപ്പിച്ചു. പുതിയ നിരക്കുപ്രകാരം മിനിമം ചാർജ് 25 രൂപയിൽനിന്ന് 50 രൂപയായി ഇരട്ടിയാക്കി. 2013 ഓഗസ്റ്റിനുശേഷം ആദ്യമായാണ് തമിഴ്‌നാട്ടിൽ ഓട്ടോ നിരക്കുകൾ ഔദ്യോഗികമായി പരിഷ്കരിക്കുന്നത്. ഇന്ധനവില വർധനയും പ്രവർത്തനച്ചെലവുകളും ചൂണ്ടിക്കാട്ടി നിരക്ക് കൂട്ടണമെന്ന് ഓട്ടോ യൂണിയനുകൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാർ പുതിയ ഉത്തരവിറക്കിയത്.

പുതുക്കിയ നിരക്കുപ്രകാരം ആദ്യ 1.8 കിലോമീറ്ററിന് 50 രൂപ ഈടാക്കും. തുടർന്നുള്ള ഓരോ കിലോമീറ്ററിനും 25 രൂപ വീതം നൽകണം. നേരത്തേ ഇത് 12 രൂപയായിരുന്നു. രാത്രി 10 മുതൽ പുലർച്ചെ അഞ്ച് വരെ സാധാരണ നിരക്കിന്റെ ഒന്നര ഇരട്ടി ഈടാക്കാം. വെയിറ്റിങ് ചാർജ് മിനിറ്റിന് ഒരു രൂപ എന്ന നിരക്കിലായിരിക്കും.

മലയോര മേഖലകളിലും (ഘാട്ട്) നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. ഇവിടെ അടിസ്ഥാന നിരക്ക് 60 രൂപയാണ്. തുടർന്നുള്ള ഓരോ കിലോമീറ്ററിനും 30 രൂപ വീതം ഈടാക്കും. സാധാരണ മിനിമം നിരക്കിന്റെ 1.2 ഇരട്ടിയാണ് മലയോര മേഖലകളിലെ അടിസ്ഥാന നിരക്ക്.

യാത്രക്കാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും ഡ്രൈവർമാർ നേരിടുന്ന പ്രതിസന്ധികളും പരിഗണിച്ചാണ് പുതിയ നിരക്ക് ഘടന തയാറാക്കിയതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ENGLISH SUMMARY:

Tamil Nadu auto fare hike 2025 marks the first official revision in thirteen years, doubling the minimum charge to 50 rupees for the first 1.8 kilometers. This update aims to balance passenger affordability with the rising operational costs and fuel price pressures faced by auto drivers across the state.