Image Credit:instagram/sowpika
ബെംഗളൂരു മെട്രൊ യാത്രയ്ക്കിടെയുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് യുവതി. യാത്രയ്ക്കിടെ മറ്റൊരു യാത്രക്കാരൻ ഫോണിൽ യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയെന്നാണ് പരാതി. യുവതിയും സുരക്ഷാ ജീവനക്കാരനും ചേർന്ന് യുവാവിനെ തടഞ്ഞുവച്ചെങ്കിലും ഫോണ്‍ തട്ടിപ്പറിച്ച് ഇയാള്‍ ഓടിക്കളഞ്ഞു. യുവതിയുടെ പരാതിയില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
സംഭവത്തിന്‍റെ വിഡിയോ ഇന്‍സ്റ്റഗ്രാമിലാണ് യുവതി പങ്കുവച്ചത്. ഇന്നലെ വൈകുന്നേരം നാലരയ്ക്ക് വൈറ്റ് ഫീല്‍ഡില്‍ വച്ചായിരുന്നു സംഭവം. 'ഞാനിപ്പോഴും വിറയ്ക്കുന്നുണ്ട്. ഒരു മനുഷ്യനെ, അയാള്‍ എന്‍റെ വിഡിയോ റെക്കോര്‍ഡ് ചെയ്യുന്നത് കണ്ട് ഞാന്‍ പിടിച്ചു. എന്നെ കുറ്റപ്പെടുത്തി കമന്‍റുകളിടാന്‍ വരട്ടെ, ഫോര്‍മല്‍ ഡ്രസാണ് ഞാനിട്ടിരിക്കുന്നത്. ശരീരപ്രദര്‍ശനമൊന്നും നടത്തിയിട്ടില്ല. എന്റെ വിഡിയോ എടുക്കുന്നത് കണ്ട് കയ്യോടെ പിടികൂടിയപ്പോള്‍ അയാള്‍ എന്‍റെ ബാഗും തട്ടിപ്പറിച്ച് മെട്രോയില്‍ നിന്നിറങ്ങി.
അയാളുടെ പിന്നാലെ ഓടി വീണ്ടും പിടികൂടി എന്‍റെ ബാഗും അയാളുടെ ഫോണും ഞാന്‍ പിടിച്ചെടുത്തു. തുറക്കാന്‍ പറഞ്ഞിട്ട് അയാള്‍ തുറക്കുകയോ, എന്തിനാണ് വിഡിയോ എടുത്തതെന്ന് പറയുകയോ ചെയ്തില്ല. സെക്യൂരിറ്റിയുടെ കയ്യില്‍ നിന്ന് ഫോണ്‍ പിടിച്ചുവാങ്ങി അയാള്‍ ഓടി രക്ഷപെടുകയാണ് ഉണ്ടായത്. ബെംഗളൂരുവിലുള്ളവര്‍ ഇയാളെ സൂക്ഷിക്കണം. മെട്രോ സ്റ്റേഷനുകളില്‍ ഇനിയും ഇയാളെ കണ്ടെത്തിയേക്കാം. ഇയാളുടെ ജോലി സ്ഥലവും കമ്പനിയും കുടുംബവും കണ്ടുപിടിക്കണം'- യുവതി പറയുന്നു. യുവതിയുടെ പരാതിയില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.
അതേസമയം, വിഡിയോ വൈറലായതിന് പിന്നാലെ തനിക്ക് ഭീഷണിയുണ്ടായെന്നും ഇതിന്‍റെ പരിണിതഫലങ്ങളെ കുറിച്ചോര്‍ത്ത് പേടിയാകുന്നുവെന്നും യുവതി ഇന്‍സ്റ്റഗ്രാം വിഡിയോയില്‍ വെളിപ്പെടുത്തി. പൊലീസ് കേസും കാര്യങ്ങളുമൊന്നും തനിക്ക് ശീലമില്ലെന്നും ഭയന്നിട്ട് പഴയ വിഡിയോ ആര്‍ക്കൈവ് ചെയ്യുകയാണെന്നും എന്ത് തന്നെ സംഭവിച്ചാലും പ്രതികരിക്കാന്‍ സ്ത്രീകള്‍ മടിക്കരുതെന്നും യുവതി പറയുന്നു.