പ്രതീകാത്മക ചിത്രം

  • മുഖത്ത് പുകച്ചില്‍ അനുഭവപ്പെടുന്നുവെന്ന് താന്‍ പറഞ്ഞിട്ടും സലൂണ്‍ അധികൃതര്‍ ഗൗനിച്ചില്ലെന്നും മുറിവുണ്ടായത് അവഗണിച്ചുവെന്നും മുഖം നീരുവച്ചതും കരുവാളിച്ചതും കാര്യമാക്കിയില്ലെന്നും യുവതിയുടെ പരാതിയില്‍

മുഖത്തെ അമിത രോമവളര്‍ച്ച നീക്കം ചെയ്യുന്നതിനായി ലേസര്‍ ചികില്‍സയ്ക്ക് വിധേയയായപ്പോള്‍ മുഖത്തിന് പൊള്ളലേറ്റ യുവതിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം. ബെംഗളൂരിലെ സലൂണ്‍ ഒരു ലക്ഷത്തിപ്പതിനായിരം രൂപ നഷ്ട പരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതിയാണ് വിധിച്ചത്. 45 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നും നല്‍കിയില്ലെങ്കില്‍ ഒന്‍പത് ശതമാനം പലിശ കൂടി ചേര്‍ത്ത് നല്‍കേണ്ടി വരുമെന്നും കമ്മിഷന്‍ വ്യക്തമാക്കി. ചികില്‍സയ്ക്ക് മുന്നോടിയായി ഉപഭോക്താവിന്‍റെ ചര്‍മ്മത്തിന്‍റെ സ്ഥിതിയോ, അലര്‍ജിയോ, മറ്റ് പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതയോ സലൂണ്‍ വിലയിരുത്തിയില്ലെന്ന് വ്യക്തമാക്കിയാണ് നഷ്ടപരിഹാരം വിധിച്ചത്. 1,100 രൂപയാണ് യുവതിയില്‍ നിന്നും ലേസര്‍ ചികില്‍സയ്ക്കായി ഈടാക്കിയത്.

മുഖത്ത് പുകച്ചില്‍ അനുഭവപ്പെടുന്നുവെന്ന് താന്‍ പറഞ്ഞിട്ടും സലൂണ്‍ അധികൃതര്‍ ഗൗനിച്ചില്ലെന്നും മുറിവുണ്ടായത് അവഗണിച്ചുവെന്നും മുഖം നീരുവച്ചതും കരുവാളിച്ചതും കാര്യമാക്കിയില്ലെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. മുഖം കരുവാളിച്ച് നീരുവച്ചതും പൊള്ളലിന്‍റെ പാടുകളും തന്‍റെ ആത്മവിശ്വാസത്തെയും കരിയറിനെയും ബാധിച്ചതായും യുവതി പറയുന്നു. 

'തീരെ ചെറുപ്പക്കാരിയാണ് പരാതിക്കാരി. മുഖസൗന്ദര്യം മെച്ചപ്പെടുത്താനും ആത്മവിശ്വാസം വര്‍ധിപ്പിക്കാനുമാണ് അവര്‍ ചികില്‍സ തേടിയെത്തിയത്. പക്ഷേ നേര്‍വിപരീതമാണ് സംഭവിച്ചത്. ചിന്തിക്കാന്‍ കഴിയുന്നതിനുമപ്പുറമാണ് നടന്നത്' കമ്മിഷന്‍ വിലയിരുത്തി.

ഏപ്രില്‍ 22നാണ് മേല്‍ചുണ്ടിന് മുകളിലും  കവിളുകളിലുമുള്ള  അമിത രോമവളര്‍ച്ച നീക്കാന്‍ യുവതി സലൂണിലെത്തിയത്. പക്ഷേ സാരമായി പൊള്ളലേല്‍ക്കുകയും മുഖം കരുവാളിക്കുകയുമായിരുന്നു. അലര്‍ജിയുണ്ടായതോടെ ക്ലിനികിനെ യുവതി സമീപിച്ചുവെങ്കിലും, അവര്‍ കയ്യൊഴിഞ്ഞു. മേല്‍ച്ചുണ്ടിലും താടിയിലും പൊള്ളിലും മുറിവുകളുമുണ്ടായി. ഇതിന്‍റെ ചിത്രങ്ങളും ആശുപത്രി രേഖകളും സഹിതമാണ് യുവതി ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. 1,100 രൂപയ്ക്ക് പുറമെ തനിക്ക് നേരിട്ട മാനസിക ബുദ്ധിമുട്ടുകള്‍ക്കും ശാരീരിക പ്രശ്നങ്ങള്‍ക്കും മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരവും നിയമനടപടി സ്വീകരിക്കുന്നതിന് ചെലവായ ഈ ഇനത്തില്‍ 25,000 രൂപയും ലഭിക്കണമെന്നും യുവതി ആവശ്യപ്പെട്ടു. തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന് സലൂണ്‍ കമ്മിഷനെ അറിയിച്ചുവെങ്കിലും വാദം കോടതി തള്ളി. പ്രഫഷനലുകള്‍ പാലിക്കേണ്ട മര്യാദ സംബന്ധിച്ചുള്ള സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. 

ENGLISH SUMMARY:

A consumer commission in Bengaluru has ordered a beauty salon to pay ₹1.1 lakh in compensation to a young woman who suffered facial burns during laser hair removal treatment. The commission found that the salon failed to assess her skin condition, allergies and potential risks before the procedure. The woman alleged that the salon ignored her complaints of burning sensations and failed to respond adequately when her face became swollen and discoloured. The commission directed the salon to pay the compensation within 45 days, failing which it will have to pay 9% annual interest.