Image credit:instagram/vikas_ias
മദ്യപിച്ച് പബ്ബില് പൊലീസുകാരെ തല്ലുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില് ഐഎഎസ് ഓഫിസര്ക്കെതിരെ നടപടി. 2019 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ വികാസ് മര്മതിനെയാണ് അടിയന്തരമായി സ്ഥലം മാറ്റിയത്. ബെംഗളൂരുവിലെ പബ്ബില് വച്ച് ശനിയാഴ്ച പുലര്ച്ചെയാണ് പൊലീസുകാരെ വികാസും സുഹൃത്തുക്കളും തല്ലിയത്. സംഭവത്തില് വികാസിനും സുഹൃത്തായ റിയല് എസ്റ്റേറ്റ് ബിസിനസുകാരന് അഭയ് ഉദയ് സിങ്, പബ്ബിലെ ബൗണ്സര് എന്നിവര്ക്കെതിരെ ബെംഗളൂരു കബ്ബന് പാര്ക്ക് പൊലീസ് കേസ് റജിസ്റ്റര് ചെയ്തിരുന്നു.
പ്രായപൂര്ത്തിയാകാത്തവര്ക്ക് മദ്യം വിളമ്പുന്നുണ്ടെന്ന് പരിശോധിക്കാന് പബ്ബില് പതിവ് പരിശോധനയ്ക്ക് എത്തിയതായിരുന്നു ഇന്സ്പെക്ടര് അരുണ് സലൂങ്കിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം. പരിശോധനയുടെ ഭാഗമായി പബ്ബിലുണ്ടായിരുന്ന ചില പെണ്കുട്ടികളോട് വയസ് തെളിയിക്കുന്ന രേഖ ആവശ്യപ്പെട്ടു. ഇതോടെ വികാസ് കുപിതനാകുകയും പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയുമായിരുന്നു.
ഐഎഎസുകാരനായ വികാസ് പൊലീസുകാരെ തെറി വിളിക്കുന്നതും തല്ലുന്നതും സമൂഹമാധ്യമങ്ങളില് വൈറലായതിന് പിന്നാലെയാണ് ട്രാന്സ്ഫറടക്കമുള്ള നടപടി വന്നത്. മുഖ്യമന്ത്രി എന്.ചന്ദ്രബാബു നായിഡുവിന്റെ മണ്ഡലമായ കുപ്പത്ത് അര്ബന് ഡവലപ്മെന്റ് അതോറിറ്റിയില് പ്രൊജക്ട് ഡയറക്ടറായിരുന്നു വികാസ്. അതേസമയം, വികാസിനെ എവിടേക്കാണ് സ്ഥലം മാറ്റിയതെന്ന് ഉത്തരവില് ഇല്ല. പ്രൊജക്ട് ഡയറക്ടറുടെ പോസ്റ്റിലേക്ക് അടിയന്തരമായി ആളെ നിയമിക്കാനുള്ള നടപടി സ്വീകരിക്കാന് കലക്ടറെ ചുമതലപ്പെടുത്തുന്നതായും ചീഫ് സെക്രട്ടറിയുടെ ഉത്തരവില് പറയുന്നു.
സംഭവത്തില് പ്രാഥമിക വകുപ്പുതല അന്വേഷണം നടത്തിയെന്നും അതിന്റെ അടിസ്ഥാനത്തില് നടപടി സ്വീകരിക്കാന് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറിയോട് ഉത്തരവിടുകയായിരുന്നുവെന്നുമാണ് വിവരം. സര്ക്കാര് നടപടി സ്വാഗാതാര്ഹമാണെന്നും ചില ഐഎഎസ് ഉദ്യോഗസ്ഥര്ക്ക് അവരാണ് പൊലീസിനും സര്ക്കാരിനും മുകളിലുള്ളതെന്ന വിചാരമുണ്ടെന്നും മാതൃകാപരമായ നടപടിയെന്നുമെല്ലാം ആളുകള് സമൂഹമാധ്യമങ്ങളില് കുറിച്ചിട്ടുണ്ട്.