ഭർത്താവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി ഹൃദയാഘാതമാണെന്ന് വരുത്തിത്തീർക്കുകയും, ഒരു മാസത്തോളം കുറ്റകൃത്യം മറച്ചുവെക്കുകയും ചെയ്ത യുവതിയെ പൊലീസ് പിടികൂടി. 41-കാരനായ ഉപേന്ദ്ര എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ബെംഗളൂരു ദൊഡ്ഡതൊഗൂരുവിലാണ് ക്രൂരമായ കൊലപാതകം നടന്നത്.

ഒക്ടോബർ 12-നാണ് കൊല്ലപ്പെട്ട ഉപേന്ദ്രയുടെ സഹോദരൻ മരണത്തിൽ ദുരൂഹത ആരോപിച്ച് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെ സംശയം തോന്നിയ പൊലീസ് മരണത്തിലെ ദുരൂഹതയെക്കുറിച്ച് സമഗ്രമായ അന്വേഷണം ആരംഭിച്ചു. 

നവംബർ 5-ന് കേസുമായി ബന്ധപ്പെട്ട് 46-കാരനായ മധുസൂദനൻ റെഡ്ഡിയെ പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി. ചോദ്യം ചെയ്യലിൽ, ഉപേന്ദ്രയുടെ ഭാര്യ അനിതയുമായി തനിക്ക് വഴിവിട്ട ബന്ധമുണ്ടെന്ന് റെഡ്ഡി സമ്മതിച്ചു. ഇവരുടെ ബന്ധത്തെക്കുറിച്ച് വിവരമറിഞ്ഞ ഭർത്താവ് ഇരുവർക്കും മുന്നറിയിപ്പ് നൽകിയിരുന്നു. തങ്ങളുടെ ബന്ധത്തിന് തടസ്സമാകുമെന്ന് കരുതി ഉപേന്ദ്രയെ കൊലപ്പെടുത്താൻ ഇരുവരും ഗൂഢാലോചന നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഒക്ടോബർ 12-ന് പുലർച്ചെ പ്രതികൾ ഉപേന്ദ്രയുടെ മൂക്കും വായയും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം മറച്ചുവെക്കാൻ, അദ്ദേഹം അബദ്ധത്തിൽ വീണതാണെന്നും ഹൃദയാഘാതം മൂലം മരിച്ചതാണെന്നും വരുത്തിത്തീർക്കുകയും ചെയ്തു. റെഡ്ഡിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ദൊഡ്ഡതൊഗൂരുവിലെ വീട്ടിൽ നിന്ന് അനിതയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ കൊലപാതകത്തിൽ തനിക്കുള്ള പങ്ക് അനിതയും സമ്മതിച്ചു.

അനിതയെയും കാമുകനെയും കോടതിയിൽ ഹാജരാക്കി ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

ENGLISH SUMMARY:

A woman in Bangalore was arrested along with her lover for murdering her husband and disguising the death as a heart attack. The crime was uncovered a month later following a police investigation triggered by the victim's brother.