Image Credit: Instagram

  • യാട്ടുകളും ഉല്ലാസ ബോട്ടുകളും സുരക്ഷിതമായി നിർത്താനും (Park ചെയ്യാനും) ആവശ്യമായ സേവനങ്ങൾ നൽകാനുമായി കടൽത്തീരങ്ങളിലോ നദീതീരങ്ങളിലോ ഒരുക്കുന്ന പ്രത്യേക ബോട്ട് തുറമുഖമാണിത്. ചെറുകപ്പലുകളുടെ 'ഹോം'

കൊച്ചിയിൽ രാജ്യാന്തര നിലവാരമുള്ള ടൂറിസം സാധ്യതകളുണ്ടായിട്ടും അവഗണന നേരിടുന്ന ബോൾഗാട്ടി മറീനയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായി. പ്രമുഖ ട്രാവൽ വ്ലോഗർ അമൃത (Sailing_Amrutha) ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു വിഡിയോയും അതിന് കേരള മുഖ്യമന്ത്രി നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്നത്.

അമൃത ചൂണ്ടിക്കാണിച്ച ആ 'പ്രധാന പ്രശ്നം': ബോൾഗാട്ടിയിലെ കൊച്ചി ഇന്റർനാഷണൽ മറീനയുടെ ശോച്യാവസ്ഥയും, അവിടെ ഒളിഞ്ഞുകിടക്കുന്ന ടൂറിസം സാധ്യതകളും തുറന്നുകാട്ടിക്കൊണ്ടാണ് അമൃത വിഡിയോ പങ്കുവെച്ചത്. ദയനീയമായ അവസ്ഥയിലുള്ള മറീന പരിസരത്ത് ഒരു കഫ്റ്റീരിയ പോലുമില്ലാത്തത് വിദേശയാത്രികരെയും പൊതുജനങ്ങളെയും ഒരുപോലെ നിരാശപ്പെടുത്തുന്നുണ്ടെന്ന് അവർ വിഡിയോയിലൂടെ വ്യക്തമാക്കുന്നു. രാജ്യാന്തര തലത്തിൽ ലക്ഷ്യങ്ങൾ നേടാൻ സാധിക്കുന്ന ഒരിടം തഴയപ്പെട്ടുപോകുന്നതിനെതിരെ അമൃത ഉന്നയിച്ച കാര്യങ്ങൾ വൻ വൈറലായി.

മുഖ്യമന്ത്രിയുടെ കമൻ്റും സർക്കാർ നടപടിയും :വിഡിയോ വൈറലായതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക പ്രതികരണം എത്തി.അതും വൈറൽ. "Noted your suggestion" (നിങ്ങളുടെ നിർദ്ദേശം ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു) എന്നായിരുന്നു മുഖ്യമന്ത്രിയുടെ കമന്റ്. ഒപ്പം "Together let's build a new era for Keralam" (നമുക്ക് ഒരുമിച്ച് കേരളത്തിനായി ഒരു പുതിയ കാലം നിർമിക്കാം) എന്ന വരികളും കൂടിയായപ്പോൾ കൊച്ചിയുടെ മറീന സ്വപ്നങ്ങൾക്ക് ജീവൻ വയ്ക്കുമെന്ന പ്രതീക്ഷയിലാണ് സഞ്ചാരികളും നാട്ടുകാരും.

എന്താണ് മറീന (Marina)? ഇനി മാറ്റങ്ങൾ സംഭവിക്കുമോ?

യാട്ടുകളും ഉല്ലാസ ബോട്ടുകളും സുരക്ഷിതമായി നിർത്താനും (Park ചെയ്യാനും) ആവശ്യമായ സേവനങ്ങൾ നൽകാനുമായി കടൽത്തീരങ്ങളിലോ നദീതീരങ്ങളിലോ ഒരുക്കുന്ന പ്രത്യേക ബോട്ട് തുറമുഖമാണിത്.

ചെറുകപ്പലുകളുടെ 'ഹോം': വലിയ ചരക്കുകപ്പലുകൾ അടുക്കുന്ന സാധാരണ തുറമുഖങ്ങളിൽ നിന്ന് വ്യത്യസ്തമായി, വിനോദയാത്രകൾക്കായി ഉപയോഗിക്കുന്ന ചെറിയ ബോട്ടുകൾക്ക് മാത്രമായി ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നു. ലളിതമായി പറഞ്ഞാൽ, ബോട്ടുകളുടെ ഒരു 'ആഡംബര പാർക്കിംഗ് യാർഡ്' ആണ് മറീന! കേരളത്തിലെ ടൂറിസം മേഖലയ്ക്ക് വലിയ മുതൽക്കൂട്ടാകേണ്ട കൊച്ചി മറീന നവീകരിക്കുന്നതിനും, വിദേശ സഞ്ചാരികളെ ആകർഷിക്കുന്ന രീതിയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള നടപടികളിലേക്ക് അധികാരികൾ കടക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ നൽകുന്ന സൂചന.

ENGLISH SUMMARY:

The future of Kochi's Bolgatty Marina has sparked renewed public interest after travel vlogger Amrutha (Sailing_Amrutha) highlighted its poor condition and untapped tourism potential in an Instagram video. She pointed out the lack of basic facilities, including even a cafeteria, despite the marina's potential to attract international tourists. Kerala Chief Minister responded to her video with the comment, "Noted your suggestion," followed by the message, "Together let's build a new era for Keralam." The response has raised hopes among residents and tourism enthusiasts that authorities may take steps to modernise Bolgatty Marina and improve its infrastructure.