ഒഡീഷയിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികൾ ബെംഗളൂരുവിൽ പിടിയിലായി. വിഷ്ണു, ചാന്തുപാഷ എന്നിവരാണ് എക്സൈസും പൊലീസും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തില്‍ പിടിയിലായത്. 3 കോടി 17 ലക്ഷം രൂപ വിലവരുന്ന കഞ്ചാവാണ് ഇവരിൽ നിന്ന് പിടികൂടിയത്.
കർണാടക വഴി കേരളത്തിലേക്ക് വലിയ തോതിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസും പൊലീസും സംയുക്തമായി പരിശോധന ശക്തമാക്കിയത്. ഒഡീഷയിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ച് ചില്ലറ വിൽപ്പന നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവർക്ക് പിന്നിൽ മറ്റാരെങ്കിലും പ്രവർത്തിക്കുന്നുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.