Image: X, From The Video
ഹോസ്റ്റലുകളില്‍ വിദ്യാര്‍ഥികള്‍ ജീവനൊടുക്കുന്നത് തടയാനായി ഗുജറാത്തിലെ സര്‍വകലാശാല നടത്തിയ നീക്കം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. വീർ നർമദ് സൗത്ത് ഗുജറാത്ത് സർവകലാശാലയാണ് ഹോസ്റ്റലുകളില്‍ സ്പ്രിങ് ഘടിപ്പിച്ച ഫാന്‍ സ്ഥാപിച്ചത്. സർവകലാശാലയിലെ ഹോസ്റ്റലുകളിലായി ഏകദേശം 350 ഫാനുകളാണ് ഇത്തരത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ കുട്ടികളുടെ മാനസിക സമ്മര്‍ദത്തിനുള്ള പരിഹാരമാണോ ഇതെന്ന ചോദ്യവുമായി നിരവധിപേര്‍ രംഗത്തെത്തിക്കഴിഞ്ഞു.
Also Read: പുതു തന്ത്രവുമായി പ്രതിപക്ഷം; ഗ്യാനേഷ്കുമാര്‍ പുറത്തേക്ക്? നയം വ്യക്തമാക്കി ലോക്സഭാ സ്പീക്കര്‍
ഫാനില്‍ പത്ത് കിലോയിലധികം ഭാരം വന്നാല്‍ പ്രവര്‍ത്തിക്കുന്ന സ്പ്രിങ് സംവിധാനമാണ് ഇതിന്റെ പ്രത്യേകത. ഭാരം അനുഭവപ്പെടുമ്പോള്‍ സ്പ്രിങ് പ്രവര്‍ത്തിക്കുകയും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെടുകയും ഫാന്‍ താഴുകയും ചെയ്യുന്ന രീതിയിലാണ് പ്രവര്‍ത്തനം. 1500 രൂപയാണ് ഫാനിന്റെ വില. ഹോസ്റ്റലുകളിൽ നടപ്പാക്കാവുന്ന ചെലവുകുറഞ്ഞ സുരക്ഷാ സംവിധാനമായാണ് സർവകലാശാല ഈ നടപടിയെ വിലയിരുത്തുന്നത്.
എന്നാല്‍ ശാരീരികമായ അപകടസാധ്യത ഇല്ലാതാക്കാം എന്നതിനപ്പുറം വിദ്യാര്‍ഥികള്‍ നേരിടുന്ന മാനസികപ്രയാസത്തിനും പ്രശ്നങ്ങള്‍ക്കും ഈ പരിഹാരം മതിയാകില്ലെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. ഈ സംവിധാനത്തിന്റെ പ്രവർത്തനം വിശദീകരിക്കുന്ന വൈസ് ചാൻസലർ കിഷോർസിങ് ചാവ്ദയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
വിദ്യാര്‍ഥികളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും പഠനസമ്മര്‍ദം കുറയ്ക്കാനുമാണ് സര്‍വകലാശാലകള്‍ ശ്രമിക്കേണ്ടതെന്ന ആവശ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്. വിദ്യാഭ്യാസ മേഖല കുട്ടികള്‍ക്ക് മാനസിക പിന്തുണ നല്കുന്ന തരത്തിലുള്ള പഠന പരിഷ്കാരങ്ങള്‍ നടപ്പാക്കണമെന്നും ആവശ്യമുയര്‍ന്നു. രാജസ്ഥാനിലെ കോട്ടയിലും നേരത്തേ സമാനമായ ചില നീക്കങ്ങള്‍ നടത്തിയിരുന്നു. ഹോസ്റ്റലിൽ സീലിങ് ഫാനുകൾ ഇരുമ്പ് കൂടുകൾക്കുള്ളിൽ സ്ഥാപിച്ചത് 2022ല്‍ ചർച്ചയായിരുന്നു. 2017ൽ തന്നെ കോട്ട ഹോസ്റ്റൽ അസോസിയേഷൻ ഫാനുകളിൽ സ്പ്രിങ് സംവിധാനങ്ങളും അലാറം സെൻസറുകളും സ്ഥാപിക്കാനുള്ള നിർദേശവും മുന്നോട്ടുവച്ചിരുന്നു. 2023 ഓഗസ്റ്റിൽ ഹോസ്റ്റലുകളിലും പേയിങ് ഗസ്റ്റ് താമസസ്ഥലങ്ങളിലും സ്പ്രിങ് ഘടിപ്പിച്ച ഫാനുകൾ സ്ഥാപിക്കാൻ ജില്ലാ ഭരണകൂടം നിർദേശിച്ചിരുന്നു.