പ്രതീകാത്മക ചിത്രം

  • 'ഇലവന്‍ പവര്‍' എന്ന സ്വകാര്യ വൈദ്യുത കമ്പനിക്ക് 25 വര്‍ഷത്തേക്ക് ഗുരുഗ്രാമിലെയും നൂഹിലെയും വൈദ്യുതി വിതരണത്തിനുള്ള കരാര്‍ നല്‍കാന്‍ ഹരിയാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്

വൈദ്യുതി വകുപ്പ് ജീവനക്കാര്‍ പണിമുടക്കിയതോടെ ഹരിയാനയിലെ ഗുരുഗ്രാം, ഫരീദാബാദ്, നൂഹ് ജില്ലകള്‍ ഇരുട്ടില്‍. വെള്ളംകൂടി മുടങ്ങിയതോടെ ജനങ്ങള്‍ ദുരിതത്തില്‍. പന്ത്രണ്ട് മണിക്കൂറിനിടെ 3000ത്തിലേറെപ്പേര്‍ വൈദ്യുതി മുടങ്ങിയെന്ന് ചൂണ്ടിക്കാട്ടി പരാതിപ്പെട്ടുകഴിഞ്ഞു. ഞായറാഴ്ച വരെയാണ് വൈദ്യുതി വകുപ്പ് ജീവനക്കാരുടെ പണിമുടക്ക്. 'ഇലവന്‍ പവര്‍' എന്ന സ്വകാര്യ വൈദ്യുതി കമ്പനിക്ക് 25 വര്‍ഷത്തേക്ക് ഗുരുഗ്രാമിലെയും നൂഹിലെയും വൈദ്യുതി വിതരണത്തിനുള്ള കരാര്‍ നല്‍കാന്‍ ഹരിയാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് ദക്ഷിണ്‍ ഹരിയാന ബിജ്​ലി വിത്രാന്‍ നിഗം ജീവനക്കാര്‍ പണിമുടക്ക് തുടങ്ങിയത്. ഇതോടെ വൈദ്യുതി വിതരണം താറുമാറായി.

ഫരീദാബാദിലെ ന്യൂ ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്2 ല്‍ ഉള്ള ജനങ്ങള്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിറങ്ങിക്കഴിഞ്ഞു. വൈദ്യുതി മുടങ്ങിയതോടെ കുടിവെള്ള വിതരണവും തടസപ്പെട്ടുവെന്നും ജനങ്ങള്‍ പറയുന്നു. ഗുരുഗ്രാമിലെ ദൗലത്താബാദ്, കഡിപുര്‍, സെക്ടര്‍ 37 എന്നിവിടങ്ങളിലും വൈദ്യുതി–വെള്ള വിതരണം പ്രതിസന്ധിയിലാണ്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഗുരുഗ്രാമില്‍ നിന്നുള്ള വാണിജ്യ ഇടപാടുകള്‍ തകരാറിലാകുമെന്നും ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കറന്‍റ് കട്ട് നീണ്ടതോടെ സ്ഥാപനങ്ങള്‍ പലതും അവധി നല്‍കിയിട്ടുണ്ട്. കഡിപുരിലെയും ബസായിലെയും വ്യവസായ മേഖലകളും ഇരുട്ടിലാണ്.

ഗുരുഗ്രാമില്‍ മിക്കയിടത്തും ജനറേറ്ററുകള്‍ കൂടി  പണിമുടക്കിയതോടെ ജനവാസ കേന്ദ്രങ്ങളും പ്രതിസന്ധിയിലായി. കുറച്ച് നേരത്തേക്കുള്ള കുടിവെള്ളം കൂടിയേ ഉള്ളൂവെന്നും ടാങ്കിലേക്ക് വെള്ളമടിച്ച് കയറ്റാനുള്ള വൈദ്യുതി പോലും ലഭിക്കുന്നില്ലെന്നും ആളുകള്‍ പരാതിപ്പെട്ടതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

'കറന്‍റും, വെള്ളവും അത്യാവശ്യ സര്‍വീസുകളാണ്. സര്‍ക്കാര്‍ എവിടെ? വൈദ്യുതി വകുപ്പ് ജീവനക്കാര്‍ ജനങ്ങളെയാകെ ബന്ദികളാക്കി വച്ചിരിക്കുകയാണെന്ന് പറയേണ്ടി വരും. ബുധനാഴ്ച രാത്രി പത്ത് മണി മുതല്‍ കറന്‍റില്ല. ജീവനക്കാരുടെ ആശങ്ക പരിഹരിച്ച് അവരെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകുകയോ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുകയോ വേണം. ഓഫിസര്‍മാരെ വിളിക്കുമ്പോള്‍ അവര്‍ കൈ മലര്‍ത്തുകായണ്. ഇതിനൊരു പരിഹാരം വേണ്ടേ?'-പ്രദേശിവാസികള്‍ രോഷാകുലരാകുന്നു. 

അതേസമയം, വൈദ്യുതി വകുപ്പ് ജീവനക്കാരുടെ ആശങ്കകള്‍ അപ്പല്ലേറ്റ് ട്രിബ്യൂണലിന് മുന്നില്‍  സര്‍ക്കാര്‍ എത്തിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സെയ്നി പറഞ്ഞു. വിഷയത്തില്‍ ഇടപെടാമെന്നും തൊഴിലാളി നേതാക്കള്‍ക്ക് അദ്ദേഹം ഉറപ്പ് നല്‍കി. എന്നാല്‍ വൈദ്യുതി വകുപ്പ് ജീവനക്കാരുടെ ആവശ്യം ന്യായമാണെന്ന് പ്രഖ്യാപിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച, സര്‍വ കരംചാരി സംഘ് ഹരിയാന, സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി എന്നിവര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

A strike by electricity department employees has plunged parts of Haryana, including Gurugram, Faridabad and Nuh, into darkness, with power cuts lasting up to 36 hours and disrupting water supplies. More than 3,000 complaints about power outages were reportedly received within 12 hours, while residents and businesses faced severe difficulties due to the prolonged disruption. The strike began on Wednesday night in protest against the Haryana Electricity Regulatory Commission’s decision to award a 25-year electricity distribution contract for Gurugram and Nuh to a private company, Eleven Power.