എറണാകുളം അങ്കമാലി അയ്യമ്പുഴയിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് ആശങ്കയായി മൂലേപ്പാറ കുടിവെള്ള പദ്ധതി. പദ്ധതിയിലെ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. വെള്ളത്തിന്‍റെ ഗുണനിലവാരം തൃപ്തികരമല്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ റിപ്പോർട്ട്. 

നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന മൂലേപ്പാറ കുടിവെള്ള പദ്ധതിയിലെ വെള്ളത്തിലാണ് കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. അയ്യമ്പുഴ കുടുംബാരോഗ്യ കേന്ദ്രം ശേഖരിച്ച സാമ്പിളിന്‍റെ പരിശോധനയിലാണ് ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചത്. വെള്ളത്തിന്‍റെ ഗുണനിലവാരം തൃപ്തികരമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു .

ചുള്ളി–മൂലേപ്പാറ തോടിനോട് ചേർന്നുള്ള കിണറിൽ നിന്നാണ് പമ്പ് ഹൗസ് വഴി അയ്യമ്പുഴയിലെ ഭൂരിഭാഗം പ്രദേശങ്ങളിലേക്കും വെള്ളമെത്തിക്കുന്നത്. കാലടി പ്ലാന്‍റേഷനില്‍നിന്ന്   രാസമാലിന്യം കലർന്ന വെള്ളം തോട്ടിലേക്ക് ഒഴുക്കുന്നതായി നാട്ടുകാർ നേരത്തെ പരാതി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യവകുപ്പും മലിനീകരണ നിയന്ത്രണ ബോർഡും പരിശോധന നടത്തിയത്. വെള്ളത്തിലെ രാസമാലിന്യങ്ങളുടെ സാന്നിധ്യവും ബാക്ടീരിയയുടെ ഉറവിടവും കണ്ടെത്താൻ മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ പരിശോധന തുടരുകയാണ്. സുരക്ഷിതമായ കുടിവെള്ളം ഉറപ്പാക്കാൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Coliform Bacteria Found in Moolappara Drinking Water Project: