കാസർകോട് ചീമേനി മുക്കടയിൽ സ്ഥാപിക്കുന്ന വൻകിട കുടിവെള്ള പദ്ധതിക്കെതിരെ ജനകീയ പ്രതിഷേധം. കാര്യങ്കോട് പുഴയിൽ നിന്ന് വൻതോതിൽ വെള്ളം കൊണ്ടുപോകുന്നത് പ്രദേശത്ത് വരൾച്ചയ്ക്ക് കാരണമാകുമെന്നാണ് ആശങ്ക. പദ്ധതിയുടെ നിർമാണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് മുക്കട പാലത്തിൽ മനുഷ്യച്ചങ്ങല തീർത്തു.

കാര്യങ്കോട് പുഴയിൽ നിന്ന് പ്രതിദിനം മൂന്ന് കോടിയിലധികം ലിറ്റർ വെള്ളം കൊണ്ടുപോകാൻ ലക്ഷ്യമിടുന്ന പദ്ധതിക്കെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. "കാര്യങ്കോട് പുഴയെ വറ്റിക്കാൻ വിടില്ല" എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു മുക്കട പാലത്തിലെ മനുഷ്യച്ചങ്ങല.

കയ്യൂർ-ചീമേനി പഞ്ചായത്ത് പ്രസിഡന്‍റ് എം.പി.വി. ജാനകിയും കിനാനൂർ-കരിന്തളം പഞ്ചായത്ത് പ്രസിഡന്‍റ് എം. രാജനും മനുഷ്യച്ചങ്ങലയിൽ ആദ്യ കണ്ണികളായി.

ജനപ്രതിനിധികളും സംഘടനാ പ്രതിനിധികളും നാട്ടുകാരുമടക്കം നൂറുകണക്കിന് പേർ പ്രതിഷേധത്തിൽ അണിനിരന്നു. മുക്കട പാലത്തിന് സമീപം പമ്പ് ഹൗസ് സ്ഥാപിച്ച് പള്ളിപ്പാറയിലെ പ്ലാന്‍റില്‍ വെള്ളം ശുദ്ധീകരിച്ച് കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഏഴ് പഞ്ചായത്തുകളിലേക്ക് എത്തിക്കുന്നതാണ് പദ്ധതി.

നിലവിൽ പുഴയിൽ ഒരു കിലോമീറ്റർ മാത്രം അകലെ ഏഴിമല നാവിക അക്കാദമിക്കും രാമന്തളി പഞ്ചായത്തിനും പെരിങ്ങോം സിആർപിഎഫ് ക്യാമ്പിനുമായി ഒരുകോടി ലിറ്ററിലധികം വെളളമെത്തിക്കുന്ന പദ്ധതിയുണ്ട്. ജലജീവൻ മിഷനിലൂടെ കയ്യൂർ ചീമേനി പഞ്ചായത്തിലും സമീപ പഞ്ചായത്തുകളിലേക്കും വെള്ളമെത്തിക്കുന്ന പദ്ധതിയുമുണ്ട്.   

പ്രദേശത്ത് മറ്റൊരു വൻകിട പദ്ധതി കൂടി വന്നാൽ കുടിവെള്ള ലഭ്യതയെയും കൃഷിക്കുള്ള ജലസേചനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ജനങ്ങൾക്കിടയിൽ ഉണ്ട്. വിഷയത്തിൽ പരിഹാരം കണ്ടശേഷം മാത്രമേ പദ്ധതി നടപ്പാക്കാവൂ എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

Kasaragode water project protest is gaining momentum as locals in Cheemeni Mukada fear the large-scale drinking water project will lead to drought. :