നായയുടെ കടിയേറ്റ പശു ചത്തതിനു പിന്നാലെ ആ പശുവിന്‍റെ പാലില്‍ തയാറാക്കിയ പ്രസാദം കഴിച്ചവര്‍ ഭീതിയില്‍. സംഭവത്തെ തുടര്‍ന്ന് ഉത്തർപ്രദേശിലെ ഗോരഖ്പൂർ ജില്ലയിലുള്ള രണ്ട് ഗ്രാമങ്ങളിലായി ദുർഗാപൂജയുടെ ഭാഗമായി വിതരണം ചെയ്ത പ്രസാദം കഴിച്ചെന്ന് തോന്നിയ ഏകദേശം 450 ഓളം പേർക്ക് പേവിഷബാധയ്‌ക്കെതിരായ വാക്സിൻ നൽകി. ഈ പശുവിന്റെ പാൽ പ്രദേശത്തെ രണ്ട് കടകളിലേക്കും നിരവധി വീടുകളിലേക്കും വിതരണം ചെയ്തിരുന്നു.  

പശുവിന്റെ ഉടമയായ നവാമി യാദവ് പറയുന്നതനുസരിച്ച്,  പശുവിന് ഒന്നോ രണ്ടോ ദിവസമായി അസുഖമുണ്ടായിരുന്നു. ചൊവ്വാഴ്ചയോടെ നില വഷളാകുകയായിരുന്നു, തെരുവുനായ എപ്പോഴാണ് പശുവിനെ കടിച്ചത് എന്ന് അറിയില്ല. പശുവിന്റെ ആരോഗ്യനില മോശമായപ്പോൾ, യാദവ് സ്വകാര്യ വെറ്ററിനറി ഡോക്ടർമാരായ ബെച്ചൻ സിങ്, ഹർദേവ് യാദവ് എന്നിവരെ സമീപിക്കുകയായിരുന്നു. തെരുവ് നായയുടെ കടിയേറ്റതാകാം എന്ന് വെറ്ററിനറി ഡോക്ടർമാർ സംശയിച്ചതായി യാദവ് പറഞ്ഞു. പിന്നീട് പശു അസാധാരണമായി പെരുമാറാന്‍ തുടങ്ങുകയും ചൊവ്വാഴ്ച വൈകുന്നേരം ചാവുകയും ചെയ്തു. ഒരു വെറ്ററിനറി ഡോക്ടർ പേവിഷബാധയുടെ സാധ്യത ചൂണ്ടിക്കാട്ടിയെങ്കിലും, പശുവിന് രോഗം ബാധിച്ചിരുന്നോ എന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.

പശു ചത്തതും അത് അസാധാരണമായി പെരുമാറിയതും, ദുർഗാ പൂജയോടനുബന്ധിച്ച് ചരണാമൃതം കഴിച്ച നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. മുൻകരുതൽ നടപടിയായി ആളുകൾ പേവിഷബാധയ്‌ക്കെതിരായ വാക്സിൻ എടുക്കാൻ മുന്നോട്ടുവന്നു.  പിന്നീട് ആരോഗ്യ വിദഗ്ധരെ അറിയിച്ചതിനെ തുടർന്ന് കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽവെച്ച് 50 പേരും, തുടർന്ന് ഗ്രാമത്തിൽ നടത്തിയ പ്രത്യേക ആരോഗ്യ ക്യാമ്പിൽ 400 പേരും വാക്സിൻ സ്വീകരിച്ചു. 

ചത്ത പശുവിന്റെ പാൽ പ്രദേശത്തെ രണ്ട് കടകളിലേക്കും നിരവധി വീടുകളിലേക്കും വിതരണം ചെയ്തിരുന്നു. അതുകൊണ്ട് സമീപ ഗ്രാമമായ ഗോവിന്ദ്പൂരിലുള്ളവരും വലിയ ആശങ്കയിലാണ്. ലക്ഷണങ്ങൾ പേവിഷബാധയുടേതാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണത്തിനായി കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് വെറ്ററിനറി ഡോക്ടർ സിദ്ദീഖി വ്യക്തമാക്കി. പാൽ കുടിക്കുന്നത് വഴി മാത്രം പേവിഷബാധ പകരാൻ സാധ്യതയില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. എങ്കിലും, പ്രസാദം കഴിച്ചവരും രോഗബാധിതമായ പശുവുമായി സമ്പർക്കത്തിൽ വന്നവരും ജാഗ്രത പാലിക്കണമെന്നും കൃത്യമായ വാക്സിനേഷൻ ഷെഡ്യൂൾ പിന്തുടരണമെന്നും വിദഗ്ധർ നിർദേശിച്ചു. വാക്സിനുകൾ കൃത്യസമയത്ത് ലഭ്യമാക്കാനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ENGLISH SUMMARY:

Residents of two villages in Uttar Pradesh's Gorakhpur district experienced widespread panic after a cow that was bitten by a stray dog died. Before its death, the cow's milk was used to prepare prasad and distributed during Durga Puja celebrations to hundreds of locals. Upon learning of the suspected rabies infection, health authorities launched a swift response by setting up special medical camps. Consequently, around 450 people who consumed the prasad or came into contact with the animal were administered anti-rabies vaccinations as a precautionary measure.