സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിർത്തിവെക്കുന്നത് നീട്ടി ഇൻഡിഗോ എയർലൈൻസ്. യാത്രക്കാർക്കും ജീവനക്കാർക്കും സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനാണ് മുൻഗണനയെന്നും യാത്രാ പദ്ധതികളിലുണ്ടാകുന്ന അപ്രതീക്ഷിത തടസങ്ങളിലും അനിശ്ചിതത്വങ്ങളിലും ഖേദിക്കുന്നതായും ഇൻഡിഗോ അധികൃതർ അറിയിച്ചു. റിയാദിലേക്കും തിരിച്ചുമുള്ള വിമാന സർവിസുകൾ ഒക്ടോബർ 31 വരെ റദ്ദാക്കിയതായി വിമാനക്കമ്പനി അറിയിച്ചു. ജിദ്ദ, ദമ്മാം, മദീന നഗരങ്ങളിലേക്കും തിരിച്ചുമുള്ള സർവിസുകൾ ഒക്ടോബർ 27 വരെ റദ്ദാക്കിയിട്ടുണ്ട്.
മേഖലയിലെ സുരക്ഷാ സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും ഇൻഡിഗോ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. ഇൻഡിഗോ എയർലൈൻ 'എക്സി' ൽ പോസ്റ്റ് ചെയ്ത വാർത്താക്കുറിപ്പ് ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക പേജിൽ പങ്ക് വെച്ച് സ്ഥിരീകരിച്ചിട്ടുണ്ട്.
റദ്ദാക്കിയ സര്‍വീസുകളെ കുറിച്ചുള്ള വിവരങ്ങള്‍ ബുക്കിങ് സമയത്ത് നൽകിയ കോൺടാക്ട് നമ്പർ വഴി ഉപഭോക്താക്കളെ അറിയിക്കും. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ വിമാനത്തിന്റെ നിലവിലെ സ്ഥിതി ഔദ്യോഗിക വെബ്സൈറ്റിലൂടെ പരിശോധിക്കണമെന്നും കമ്പനി മുന്നറിയിപ്പ് നൽകി.
സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ, ഊർജ്ജ കേന്ദ്രങ്ങൾ, മറ്റ് നിർണായക അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ട് ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് വിമാന സർവീസുകൾ തടസ്സപ്പെട്ടിരിക്കുന്നത്. യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ സൗദി അറേബ്യയ്ക്കെതിരെ ദീർഘകാലമായി ആക്രമണങ്ങൾ നടത്തിവരികയാണ്. ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബുധനാഴ്ച നടന്ന ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരുക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് സർവീസ് റദ്ദാക്കൽ നടപടി നീട്ടിയത്. അതേ ദിവസം തന്നെ സൗദി അരാംകോയുടെ ഷൈബ എണ്ണപ്പാടത്തുണ്ടായ മറ്റൊരു ആക്രമണത്തിൽ മറ്റൊരു ഇന്ത്യക്കാരനും പരുക്കേറ്റിരുന്നു.
സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ മറ്റ് ഇന്ത്യൻ വിമാനക്കമ്പനികളും നിർത്തിവെച്ചിട്ടുണ്ട്. എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഒക്ടോബർ 24 വരെ എല്ലാ റൂട്ടുകളിലെയും സർവീസുകൾ നിർത്തിവെച്ചപ്പോൾ, ആകാശ എയർ ഒക്ടോബർ 27 വരെയാണ് സർവീസുകൾ നിർത്തിവെച്ചിരിക്കുന്നത്. അടിയന്തിരമായി യാത്ര ചെയ്യേണ്ട ഇന്ത്യൻ പൗരന്മാർക്ക്, ആവശ്യമായ വിസകൾ ലഭിക്കുന്ന പക്ഷം ബഹ്റൈൻ, കുവൈറ്റ് അല്ലെങ്കിൽ ഖത്തർ വഴിയുള്ള യാത്ര പരിഗണിക്കാവുന്നതാണ്, എന്ന് ഇന്ത്യൻ മിഷൻ നേരത്തെ അറിയിച്ചിരുന്നു.