നാഗൂർ ദർഗയിലെ പ്രശസ്തമായ പെരിയ ആണ്ടവർ കന്തൂരി ഉത്സവത്തിന് 45 കിലോഗ്രാം ചന്ദനം തമിഴ്നാട് സര്‍ക്കാര്‍  സൗജന്യമായി നൽകും. ഇതിനുള്ള നിര്‍ദേശം മുഖ്യമന്ത്രി ജോസഫ് വിജയ് നല്‍കി. .നവംബര്‍ 10ന് നടക്കുന്ന നാഗൂര്‍ ചന്ദനക്കുടം ആഘോഷ കൊടിയേറ്റത്തിന്റെ ഭാഗമായിട്ടാണ് ചന്ദനം കൈമാറുന്നത്. ദർഗ മാനേജിങ് ട്രസ്റ്റി എച്ച്.ഹാജാ നജീമുദ്ദീൻ സാഹിബിനും മറ്റ് ട്രസ്റ്റിമാർക്കുമാണ് വ്യാഴാഴ്ച സെക്രട്ടേറിയറ്റിൽ വെച്ച് മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് കൈമാറിയത്. 

വനംവകുപ്പിന്‍റെ കൈവശമുള്ള 'ജാജ്‌പൊകൽ II ക്ലാസ്' ഇനത്തിൽപ്പെട്ട ചന്ദനമാണ് ഇത്തരത്തില്‍ സൗജന്യമായി അനുവദിച്ചത്. ചടങ്ങിൽ ന്യൂനപക്ഷ ക്ഷേമ മന്ത്രി എ.എം ഷാജഹാൻ, തൊഴിൽക്ഷേമ-നൈപുണ്യ വികസന മന്ത്രി ജെ.മുഹമ്മദ് ഫർവാസ്, വനം വകുപ്പ് മന്ത്രി ആർ.വി. രഞ്ജിത് കുമാർ, തമിഴ്നാട് വഖഫ് ബോർഡ് ചെയർമാനും രാമനാഥപുരം എംപിയുമായ കെ.നവാസ് കനി തുടങ്ങിയവരും പങ്കെടുത്തിരുന്നു.

തമിഴ്നാട്ടിൽ വളരെ വിപുലമായി ആഘോഷിക്കപ്പെടുന്ന ഒരു പ്രശസ്തമായ സൂഫി ഉത്സവമാണ് കന്തൂരി ഉറൂസ് അഥവാ നാഗൂർ ദർഗ ഉറൂസ്. 16ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സൂഫി വര്യനായ ഹസ്രത്ത് സയ്യിദ് ഷാഹുൽ ഹമീദ് ഖാദിർ വലിയുടെ സ്മരണ പുതുക്കാനായാണ് 14 ദിവസം നീണ്ടുനിൽക്കുന്ന ഈ ഉത്സവം സംഘടിപ്പിക്കുന്നത്. സൂഫി വര്യന്റെ ശവകുടീരം നിലകൊള്ളുന്ന തമിഴ്നാട്ടിലെ നാഗപട്ടണത്തിനടുത്തുള്ള ദർഗയിലാണ് ചടങ്ങുകള്‍ നടക്കുന്നത്. 

കന്തൂരി ഉറൂസിന്‍റെ ഒമ്പതാമത്തെയോ പത്താമത്തെയോ ദിവസം നടക്കുന്ന 'ചന്ദനക്കുടം' ഘോഷയാത്രയാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ്. വലിയൊരു രഥത്തിൽ ചന്ദന അരപ്പ് ദർഗയിലേക്ക് ഘോഷയാത്രയായി കൊണ്ടുവരികയും അത് സയ്യിദ് ഷാഹുല്‍ ഹമീദിന്‍റെ ഖബറിടത്തില്‍ പുരട്ടുകയും ചെയ്യുന്നു. ഇതിന് സര്‍ക്കാരിന്‍റെ പ്രത്യേക അനുമതി വേണം. എല്ലാ വര്‍ഷവും തമിഴ്‌നാട് സര്‍ക്കാര്‍ നിശ്ചിത അളവില്‍ ചന്ദനം കൈമാറുന്ന ഉത്തരവ് പുറപ്പെടുവിക്കും. 

പുരട്ടിയ ശേഷം ബാക്കി വരുന്ന ചന്ദനം അവിടെയെത്തുന്ന ഭക്തര്‍ക്ക് പ്രസാദമായി വിതരണവും ചെയ്യാറുണ്ട്. ഇത്തരത്തില്‍ പ്രസാദമായി ലഭിക്കുന്ന ചന്ദനത്തിന് രോഗമുക്തി നേടാനുള്ള അദ്ഭുതകരമായ കഴിവുണ്ടെന്നാണ് ഇവിടെയുള്ളവരുടെ വിശ്വാസം. എല്ലാ മതസ്ഥരും പങ്കെടുക്കുന്ന ആഘോഷത്തില്‍ കേരളത്തില്‍ നിന്നും ഒട്ടേറെപ്പേര്‍  പങ്കെടുക്കാറുണ്ട്.

ENGLISH SUMMARY:

Tamil Nadu Chief Minister Joseph Vijay has officially handed over 45 kilograms of high-grade sandalwood free of cost to the managing trustees of the renowned Nagore Dargah for the upcoming Periya ஆண்டവർ Kanduri festival. The government order was formally presented at the secretariat ahead of the sandalwood procession flag-hoisting ceremony scheduled for November 10. The 14-day annual Sufi festival commemorates the 16th-century saint Hazrat Syed Shahul Hamid Qadir Wali, drawing thousands of devotees from across states including Kerala. The allocated sandalwood, sanctioned from forest department reserves, will be applied to the saint's shrine during the grand procession and distributed as sacred prasadam.