എം എൽ എമാരുടെ വിലയിരുത്തൽ എന്ന പേരിൽ ചേർന്ന ടി വികെ യോഗത്തിൽ പ്രധാന ചർച്ചയായത് സർക്കാരിന്റെ ഭാവി വെല്ലുവിളികൾ. വിജയ് സർക്കാരിന് ആറുമാസം പ്രായമായതോടെ പ്രതിപക്ഷ പാർട്ടികൾ വീണ്ടുമൊരു അവിശ്വാസ പ്രമേയത്തിന് മുതിരുമോയെന്ന ആശങ്കയിലാണ് TVK. എം എൽ എ മാരെ ഒരുമിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുക എന്ന ദ്യത്യത്തിന്റെ ആദ്യപടിയായിരുന്നു ഇന്നലത്തെ യോഗം.
തമിഴകത്ത് വിജയ് സർക്കാർ അധികാരത്തിലെത്തിയിട്ട് ആറു മാസം തികഞ്ഞതിൻ്റെ പിറ്റേന്ന് ചേർന്ന യോഗം എം എൽ എമാരുടെ പെരുമാറ്റം വിലയിരുത്താൻ മാത്രം ലക്ഷ്യം വച്ച് നടത്തിയതല്ലെന്നാണ് പുറത്ത് വരുന്ന വിവരം. സർക്കാരിൻ്റെ മുന്നോട്ട് പോക്കിന് ഒരുമിച്ച് നിൽക്കേണ്ടത് അനിവാര്യമെന്ന് പറഞ്ഞ് തുടങ്ങിയ വിജയ് ഭരണകക്ഷി നേരിടുന്ന ആശങ്കയും വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. ആറ് മാസം കഴിഞ്ഞെന്നതിനാൽ പ്രതിപക്ഷ പാർട്ടികൾ സർക്കാരിന്റെ ഭൂരിപക്ഷത്തെ വെല്ലുവിളിക്കാൻ വീണ്ടും ശ്രമം നടത്തിയേകുമെന്ന ആശങ്ക ടിവി കെ നേതൃത്വത്തിന് ഉണ്ട്. ആ രാഷ്ട്രീയ ഭീഷണിയെ നേരിടാനുള്ള ഒരുക്കങ്ങളുടെ തുടക്കമായിരുന്നു യോഗം. സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ പ്രതിപക്ഷ കക്ഷികൾ തുടരുന്നുണ്ടെന്നും അവരുടെ വാഗ്ദാനങ്ങളിൽ വീഴരുതെന്നും ശക്തമായ മുന്നറിയിപ്പ് നൽകിയ വിജയ് എം എൽ എമാരുടെ രാഷ്ട്രീയ ഭാവിക്ക് ഉറപ്പുകളും നൽകിയിരുന്നു. അടുത്തിടെ ഡി.എം.കെയുമായി ബന്ധമുള്ള ഇടനിലക്കാർ കോടികളുടെ ഓഫറുമായി ടി വികെ എം എൽ എ സമീപിച്ചുവെന്ന് മന്ത്രി നിർമൽ കുമാർ ആരോപിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ എതിർ കക്ഷികൾ വീണ്ടും എംഎൽഎമാരെ സമീപിക്കുന്നത് വിദൂരമല്ലെന്ന് ടി വികെയ്ക്ക് അറിയാം. അതിനാൽ എം എൽ എമാരെ ഒന്നിപ്പിച്ച് കൊണ്ടുപോകാനുള്ള തീവ്ര ശ്രമം ടി വികെ തുടരും. രണ്ടേമുക്കാൽ മണിക്കൂർ നീണ്ട യോഗത്തിൽ ഭൂരിഭാഗം എം എൽ എമാരുമായും വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം പരാതിക്കാരനെ മർദിചെന്ന ആരോപണം നേരിടുന്ന ഡപ്യൂട്ടി സ്പീക്കർ രവിശങ്കറിനെയും വനിത കലക്ടർക്ക് അശ്ലീല സന്ദേശമയച്ച് വിവാദത്തിൽ പെട്ട അരുൾ വിഘ്നേശിനെയും ഒറ്റയ്ക്ക് കണ്ട വിജയ് ഇരുവരെയും ശാസിച്ചു.