ഭര്ത്താവ് തന്നെ കൊലപ്പെടുത്താന് ശ്രമിക്കുന്നുവെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ഉത്തരാഖണ്ഡിലെ വനിതാ ശിശുക്ഷേമ മന്ത്രി രേഖ ആര്യ. ഭര്ത്താവ് ഗിര്ധരി ലാല് സാഹുവിനെതിരെ മന്ത്രി ഗാര്ഹി കന്റോണ്മെന്റ് പൊലീസില് പരാതി നല്കി. ശാരീരികമായി ഉപദ്രവിക്കുന്നുവെന്നും വഞ്ചിക്കുകയും ചതിക്കുകയും ചെയ്തുവെന്നുമാണ് പരാതിയിലുള്ളത്. തന്നെ മാത്രമല്ല, പ്രായപൂര്ത്തിയാകാത്ത തന്റെ മക്കളെയും അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയെന്നും അവര് വിഡിയോ സന്ദേശത്തിലൂടെ വെളിപ്പെടുത്തി. Also Read: അയല്വാസിയുടെ ഒന്നരവയസുകാരിയെ 6–ാം നിലയില് നിന്ന് താഴെ എറിഞ്ഞ് 10വയസുകാരി
മന്ത്രിയുടെ പരാതിയില് കുറ്റകരമായ ഗൂഢാലോചന, മനപ്പൂര്വമായി മുറിവേല്പ്പിക്കല്,വഞ്ചന, എസ്സി/ എസ്ടി അതിക്രമം തടയല് തുടങ്ങി പതിമൂന്നോളം വകുപ്പുകള് ചുമത്തി പൊലീസ് കേസ് റജിസ്റ്റര് ചെയ്തു.
2004 ജൂലൈ ആറിനാണ് സാഹുവിനെ രേഖ വിവാഹം കഴിച്ചത്. എന്നാല് മറ്റൊരു ഭാര്യയും ആ ബന്ധത്തില് മക്കളുമുണ്ടെന്ന വിവരം മറച്ചുവച്ചാണ് തന്നെ വിവാഹം കഴിച്ചതെന്നും വര്ഷങ്ങള് കഴിഞ്ഞാണ് താന് ഈ ചതി അറിഞ്ഞതെന്നും മന്ത്രി പറയുന്നു. ആ കുട്ടികളുടെ ഭാവിയെ ഓര്ത്ത് ഇത്രയും നാള് മൗനം പാലിച്ചതാണെന്നും അവര് വെളിപ്പെടുത്തി. ഇതിന് പുറമെ പരസ്ത്രീ ബന്ധവും ഭര്ത്താവിനുണ്ടെന്നും ഇതൊക്കെ താന് കയ്യോടെ പിടികൂടുമ്പോള് മാപ്പു പറഞ്ഞ് ഒഴിയുമെന്നും എന്നാല് അതിന് ശേഷവും ഈ ബന്ധങ്ങള് ഭര്ത്താവ് നിലനിര്ത്തിയിരുന്നുവെന്നും രേഖ പറയുന്നു.
രഹസ്യബന്ധങ്ങളെ കുറിച്ച് ചോദിക്കുമ്പോള് തന്നെ ക്രൂരമായി മര്ദിച്ചിരുന്നുവെന്നും അവര് വെളിപ്പെടുത്തി. കൊല്ലുമെന്ന് ഭീഷണി മുഴക്കിയെന്നും ജാതി അധിക്ഷേപം നടത്തിയെന്നും ഔദ്യോഗിക വസതിയില് വച്ചും ശാരീരിക ഉപദ്രവം തുടര്ന്നുവെന്നും പൊലീസ് പറയുന്നു. മന്ത്രിയുടെ ഒപ്പ് സാഹു വ്യാജമായി ഇട്ടുവെന്നും കൃത്രിമ രേഖകള് ചമച്ചുവെന്നും പരാതിയില് പറയുന്നു. തന്നെ കൊല്ലുമെന്ന് സാഹു കാമുകിമാരില് ഒരാളോട് പറയുന്നതിന്റെ ശബ്ദ സന്ദേശമടക്കമാണ് രേഖ പൊലീസില് പരാതി നല്കിയിരിക്കുന്നത്.