സയന്‍സോ എൻജിനീയറിങ്ങോ പഠിക്കാതെ തന്നെ ഓൺലൈനിലെ വിവിധ സൈറ്റുകളില്‍ നിന്നുള്ള പഠനത്തിലൂടെയും നേരിട്ടുള്ള പരീക്ഷണങ്ങളിലൂടെയും 13 വർഷത്തെ പരിശ്രമത്തിനൊടുവിൽ, പറക്കാൻ കഴിയുന്ന ഒരു ഇലക്ട്രിക് കാറിന്റെ മാതൃക വികസിപ്പിച്ചെടുത്ത് യുവാവ്.  ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിൽ നിന്നുള്ള രവി തംതയാണ് ഒരു ഇലക്ട്രിക് ഫ്ലയിംഗ് കാർ പ്രോട്ടോടൈപ്പ് നിർമ്മിച്ചത്. രവി നിർമിച്ച 'ഹാപ്പിഡ സ്കൈനെക്സ്' എന്ന ഒറ്റസീറ്റർ വാഹനം ആഗസ്റ്റിലാണ് വിജയകരമായി പരീക്ഷണ പറക്കൽ പൂർത്തിയാക്കിയത്. ഇന്റർനെറ്റ്, വർഷങ്ങളോളം നീണ്ട പരീക്ഷണങ്ങൾ, കുടുംബത്തിന്റെ പിന്തുണ എന്നിവയിലൂടെയാണ് ഇത്തരത്തിലൊരു പ്രോട്ടോടൈപ്പ് പൂര്‍ത്തിയാക്കാന്‍ സാധിച്ചതെന്ന് യുവാവ് വ്യക്തമാക്കി. ഇതോടെ ക്ലാസ് മുറികളിലെ പഠനങ്ങള്‍ക്കുമപ്പുറം നമുക്ക് വിജയിക്കാനാകുമെന്നാണ് ഇത് തെളിയിക്കുന്നത്. 

ജാഗേശ്വർ ധാമിന് അടുത്തുള്ള കാഫ്ലിഖാൻ എന്ന ഗ്രാമത്തിലാണ് തംത വളർന്നത്. വളഞ്ഞുപുളഞ്ഞ റോഡുകളിലൂടെ ആശുപത്രിയിലെത്താൻ നീണ്ട യാത്ര ചെയ്യേണ്ടിവരുന്ന മലയോര മേഖലകളിലെ യാത്രാബുദ്ധിമുട്ടുകളാണ് വ്യക്തിഗത വ്യോമയാന മേഖലയിലുള്ള അദ്ദേഹത്തിന്‍റെ താല്പര്യം വളർത്താന്‍ സഹായകമായത്.  2015ലാണ് പറക്കുന്ന കാർ നിർമിക്കുക എന്ന സ്വപ്നം അദ്ദേഹം കണ്ടുതുടങ്ങിയത്. 'ഹാപ്പിഡ സ്കൈ പ്രൈവറ്റ് ലിമിറ്റഡ്' എന്ന തന്‍റെ സംരംഭത്തിലൂടെയാണ് അദ്ദേഹം ഈ ആശയം വികസിപ്പിച്ചെടുത്തത്. ഒരു റൺവേയുടെയും സഹായമില്ലാതെ കുത്തനെ പറന്നുയരാനും ഇറങ്ങാനും സാധിക്കുന്ന രീതിയിലാണ് ഈ വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. മൾട്ടിറോട്ടർ ഡ്രോണുകൾക്ക് സമാനമായ സാങ്കേതികവിദ്യ ഉപയോഗിച്ച്, നിരവധി ഇലക്ട്രിക് മോട്ടോറുകളും പ്രൊപ്പല്ലറുകളുമാണ് ഇതിൽ പ്രവർത്തിക്കുന്നത്.

ഭാരം കുറഞ്ഞ ഫ്രെയിം, കോക്ക്പിറ്റ്, സുതാര്യമായ മേൽക്കൂര എന്നിവയാണ് ഈ പ്രോട്ടോടൈപ്പിനുള്ളത്. ഇത് ബാറ്ററിയിലാണ് പ്രവർത്തിക്കുന്നത്, അതുകൊണ്ട് തന്നെ ഏവിയേഷൻ ഫ്യുവലോ എഥനോളോ ആവശ്യമില്ല. എന്നിരുന്നാലും, ഈ പരീക്ഷണ പറക്കൽ ഒരു തുടക്കം മാത്രമാണ്; വാഹനം യാത്രക്കാരെ കയറ്റാനോ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കാനോ സജ്ജമാണെന്നതിന്റെ തെളിവല്ല.

സ്വന്തം ഗ്രാമത്തിൽ ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയ തംത, പിന്നീട് നൈനിറ്റാൾ ക്യാമ്പസിൽ നിന്നാണ് ബി.എ ബിരുദം നേടിയത്. മെക്കാനിക്കായ ഹരീഷ് റാമാണ് പിതാവ്. ഔപചാരിക എഞ്ചിനീയറിങ് പരിശീലനമോ പ്രത്യേക ലബോറട്ടറിയോ ഇല്ലാതെ, ഓൺലൈൻ വിവരങ്ങളെയും ആവർത്തിച്ചുള്ള പരീക്ഷണങ്ങളെയും ആശ്രയിച്ചാണ് തംത തന്റെ ആശയങ്ങൾ വികസിപ്പിച്ചത്. എന്നാൽ പറക്കുന്ന ഒരു വാഹനത്തിന്‍റെ ഡിസൈൻ, ബാറ്ററി ശേഷി, കൃത്യമായ നിയന്ത്രണം, സുരക്ഷ എന്നിവയെക്കുറിച്ച് സങ്കീർണ്ണമായ ചോദ്യങ്ങൾ ഉയർന്നുവരുന്നുണ്ട്. ഇവയ്‌ക്കെല്ലാം കടുത്ത പരിശോധനകളും സാങ്കേതിക സ്ഥിരീകരണവും ആവശ്യമാണ്.

നംതയുടെ ആദ്യ ശ്രമമല്ല ഈ കാർ. മൊബൈൽ ഫോണുകൾ ചാർജ് ചെയ്യാൻ കഴിയുന്ന ഷൂസുകൾ, കാഴ്ചപരിമിതിയുള്ളവർക്കുള്ള സ്മാർട്ട് വാക്കിംഗ് സ്റ്റിക്ക്, മുള പിളർക്കുന്ന യന്ത്രം, അഗ്നിശമന ഉപകരണങ്ങൾ എന്നിവയെല്ലാം അദ്ദേഹത്തിന്റെ മുൻകാല കണ്ടുപിടുത്തങ്ങളിൽ ഉൾപ്പെടുന്നു.  വനം വകുപ്പിനായി സ്റ്റിക്ക് മൊബൈൽ ചാർജറും ഫയർ എക്സ്റ്റിങ്ങിഷറുകളും അദ്ദേഹം വികസിപ്പിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Without any formal training in engineering, Ravi Tamta from Uttarakhand's Almora district has successfully developed a single-seater electric flying car prototype named 'Happida Skynex'. Driven by the transportation challenges in his mountainous hometown, Tamta spent 13 years utilizing internet tutorials and hands-on experiments to bring his vision to life. The battery-powered vehicle utilizes multi-rotor drone technology, featuring vertical take-off and landing (VTOL) capabilities without requiring a traditional runway. While experts note that rigorous safety and regulatory testing still lie ahead, this milestone follows his previous grassroots innovations like mobile-charging shoes and smart walking sticks.