jantar-mantar-delhi
  • ഡൽഹിയിലെ ജന്തർ മന്തറിൽ ഇനി പ്രതിഷേധങ്ങളും ധർണകളും അനുവദിക്കില്ലെന്ന് ഡൽഹി പൊലീസ്. പ്രതിഷേധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കുമായി മൂന്ന് പുതിയ വേദികളാണ് പൊലീസ് നിശ്ചയിച്ചിരിക്കുന്നത്.

ഡൽഹിയിലെ ജന്തർ മന്തറിൽ ഇനി പ്രതിഷേധങ്ങളും ധർണകളും അനുവദിക്കില്ലെന്ന് ഡൽഹി പൊലീസ്. പ്രതിഷേധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കുമായി മൂന്ന് പുതിയ വേദികളാണ് പൊലീസ് നിശ്ചയിച്ചിരിക്കുന്നത്. രാംലീല മൈതാനം, ബുറാരി മൈതാനം, കിഴക്കൻ ഡൽഹിയിലെ സിബിഡി മൈതാനം എന്നിവിടങ്ങളിലാണ് ഇനി പ്രതിഷേധങ്ങൾക്ക് അനുമതി നൽകുക.

 

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് പുതിയ പ്രതിഷേധ വേദികൾ അന്തിമമാക്കിയത്. ഉയർന്ന സുരക്ഷാ സംവിധാനങ്ങളുള്ള മധ്യ ഡൽഹിയിലെ ജന്തർ മന്തർ ഇതുവരെ പ്രതിഷേധങ്ങൾക്കായി ഉപയോഗിച്ചിരുന്ന പ്രധാന വേദിയായിരുന്നു. എന്നാൽ പ്രതിഷേധ വേദികളുടെ പട്ടികയിൽനിന്ന് ജന്തർ മന്തറിനെ ഒഴിവാക്കിക്കൊണ്ട് ഡൽഹി പൊലീസ് കമ്മീഷണർ ഉത്തരവിറക്കി.

 

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ സഖ്യവും സിപിഐയും ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിച്ച സാഹചര്യത്തിലാണ് പുതിയ നടപടി. ഇതിന് പിന്നാലെ ജന്തർ മന്തറിൽ പ്രതിഷേധങ്ങൾ അനുവദിക്കില്ലെന്ന പൊലീസ് തീരുമാനം നിർണായകമായിരിക്കുകയാണ്.

 

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്തുന്ന സുപ്രീം കോടതി മാർച്ച് ഉടൻ ആരംഭിക്കും. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നിന്നാണ് മാർച്ച് ആരംഭിക്കുന്നത്. മമത ബാനർജി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, എം.എ. ബേബി തുടങ്ങിയ ഘടകകക്ഷി നേതാക്കളും മാർച്ചിൽ പങ്കെടുക്കും. വിവിധ ഭാഗങ്ങളിലായി എൻഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരും സംഘടിച്ചിട്ടുണ്ട്.

 

ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്താനുള്ള അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് മാർച്ചുമായി മുന്നോട്ടുപോകാൻ പ്രതിപക്ഷം തീരുമാനിച്ചത്. മാർച്ച് പൊലീസ് തടയുമെന്നാണ് സൂചന. രാഹുൽ ഗാന്ധിയുടെ ഭാഗത്തുനിന്ന് അപ്രതീക്ഷിത നീക്കങ്ങളുണ്ടാകാമെന്നും പൊലീസ് കണക്കുകൂട്ടുന്നു. മാർച്ചിന്‍റെ പശ്ചാത്തലത്തിൽ എഐസിസി ആസ്ഥാനത്തും സുപ്രീം കോടതി പരിസരത്തും വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിൽനിന്ന് മന്ത്രി ഒ.ജെ. ജനീഷ്, എംഎൽഎമാരായ മാത്യു കുഴൽനാടൻ, അബിൻ വർക്കി എന്നിവരും പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയിട്ടുണ്ട്.

ENGLISH SUMMARY:

Delhi Police have removed Jantar Mantar from the list of authorised protest venues and designated Ramlila Maidan, Burari Maidan and CBD Maidan in East Delhi for demonstrations. The decision comes amid opposition protests demanding Chief Election Commissioner Gyanesh Kumar's resignation. The INDIA bloc is preparing to march towards the Supreme Court under the leadership of Mallikarjun Kharge and Rahul Gandhi, prompting heightened security in central Delhi.