തമിഴ്‌നാട്ടിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് തകർപ്പൻ മുന്നേറ്റം. ധാരാപുരം മണ്ഡലത്തിൽ ടിവികെ സ്ഥാനാർഥി പി. സത്യഭാമ 9,471 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മികച്ച വിജയം നേടി. 66,841 വോട്ടുകളാണ് സത്യഭാമ നേടിയത്. ഡിഎംകെ സ്ഥാനാർഥി എസ്. സുകന്യ 57,370 വോട്ടുകളോടെ രണ്ടാമതെത്തിയപ്പോൾ എഐഎഡിഎംകെ സ്ഥാനാർഥി കെ. ഭാനുമതിക്ക് 45,280 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
നേരത്തെ ധാരാപുരത്ത് ഡിഎംകെ സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കവെ മുൻമുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ സ്റ്റാലിൻ പി. സത്യഭാമയ്‌ക്കെതിരെ നടത്തിയ പരാമർശങ്ങൾ ഏറെ വിവാദമായിരുന്നു. സത്യഭാമയെ ‘സ്യൂട്ട്കേസ് ഭാമ’ എന്നായിരുന്നു സ്റ്റാലിൻ പരിഹസിച്ചത്. പണം വാഗ്ദാനം ചെയ്താണ് അവർ എഐഎഡിഎംകെയിൽനിന്ന് ടിവികെയിലേക്ക് മാറിയതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കൂടാതെ, സത്യഭാമയുടെ ശരീരത്തെയും സ്റ്റാലിൻ പരിഹസിച്ചിരുന്നു.
‘നിങ്ങൾ, ഈ ജനങ്ങൾ തന്നെയാണ് വിളിക്കുന്നത്. എന്താണത്? “സ്യൂട്ട്കേസ് ഭാമ” (പണം വാങ്ങിയ ഭാമ). മറ്റൊന്നുകൂടിയുണ്ട്, “മലക്കം മറിയുന്ന ഭാമ”. ഇങ്ങനെയൊരു ശരീരം വച്ചുകൊണ്ട് അവർ എങ്ങനെയാണ് മലക്കം മറിഞ്ഞതെന്ന് മനസ്സിലാകുന്നില്ല’– അന്ന് സ്റ്റാലിൻ പറഞ്ഞു.
പിന്നാലെ, സത്യഭാമയെ സ്റ്റാലിൻ ബോഡി ഷെയ്മിങ്ങിനും വ്യക്തിഹത്യയ്ക്കും വിധേയയാക്കിയെന്നാരോപിച്ച് ടിവികെ നേതാക്കളും മന്ത്രിമാരും രൂക്ഷവിമർശനവുമായി രംഗത്തെത്തി. ഡിഎംകെ അധ്യക്ഷന്റെ പരാമർശം ഒരു സ്ത്രീയെയും പട്ടികജാതി വിഭാഗത്തിൽനിന്നുള്ള സ്ഥാനാർഥിയെയും അപമാനിക്കുന്നതാണെന്നും രാഷ്ട്രീയ മര്യാദകൾക്ക് നിരക്കാത്തതാണെന്നും ടിവികെ ആരോപിച്ചു. എന്നാൽ, ആരോപണങ്ങൾ ഡിഎംകെ തള്ളി. സ്റ്റാലിന്റെ പരാമർശങ്ങൾ രാഷ്ട്രീയമായ പാർട്ടിമാറ്റത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണെന്നും സത്യഭാമയുടെ രൂപത്തെ അപമാനിച്ചിട്ടില്ലെന്നും എതിരാളികൾ വാക്കുകൾ വളച്ചൊടിക്കുകയാണെന്നുമായിരുന്നു ഡിഎംകെയുടെ പ്രതികരണം.
തമിഴ്‌നാട് രാഷ്ട്രീയത്തിൽ ശ്രദ്ധേയയായ വനിതാ നേതാവാണ് പി. സത്യഭാമ. 2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ എഐഎഡിഎംകെ സ്ഥാനാർഥിയായി മത്സരിച്ച അവർ, ഡിഎംകെയിലെ ടി. ഇന്ദിരാണിയെ 16,727 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ആദ്യമായി നിയമസഭയിലെത്തിയത്. പിന്നീട് എഐഎഡിഎംകെ വിട്ട് വിജയ്‌യുടെ തമിഴക വെട്രി കഴകത്തിൽ ചേരുകയായിരുന്നു.
അതേസമയം, ധാരാപുരത്തിനു പുറമേ മധുരാന്തകത്തും ടിവികെ സ്ഥാനാർഥി വിജയിച്ചു. മധുരാന്തകത്ത് 20,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മരഗതം കുമരവേൽ വിജയിച്ചത്. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ എഐഎഡിഎംകെ വിജയിച്ച മണ്ഡലങ്ങളായിരുന്നു മധുരാന്തകവും ധാരാപുരവും. ഈ മണ്ഡലങ്ങളിൽനിന്ന് രാജിവച്ച് ടിവികെയിൽ ചേർന്ന മുൻ എംഎൽഎമാരാണ് പാർട്ടിക്കുവേണ്ടി വീണ്ടും മത്സരിച്ചത്. അതേസമയം, ഉപതിരഞ്ഞെടുപ്പ് നടന്ന പുതുച്ചേരിയിലെ തട്ടാൻചാവടി മണ്ഡലത്തിൽ ഭരണകക്ഷിയായ എൻ.ആർ. കോൺഗ്രസ് വിജയിച്ചു.