തമിഴ്‌നാട് കള്ളക്കുറിച്ചി എംഎല്‍എക്കെതിരെ പൊലീസില്‍ പരാതി നല്‍കി കള്ളക്കുറിച്ചി കലക്‌ടര്‍. ടിവികെ എംഎല്‍എ അരുള്‍ വിഘ്നേശിനെതിരെയാണ് കലക്ടര്‍ ജെ.ഇ.പത്മജ പൊലീസില്‍ പരാതി നല്‍കിയത്. മാസങ്ങള്‍ക്ക് മുന്‍പ് ഇതേ പരാതി കലക്ടര്‍ ചീഫ് സെക്രട്ടറിയെ വാക്കാല്‍ അറിയിക്കുകയും എംഎല്‍എയ്ക്ക് ടിവികെ നേതൃത്വം താക്കീത് നല്‍കുകയും ചെയ്തിരുന്നു. വാട്ട്സാപ്പ് വഴി അശ്ലീല സന്ദേശങ്ങള്‍ അയച്ചതിനും പൊതുപരിപാടികളില്‍ വച്ച് വസ്ത്രധാരണത്തെക്കുറിച്ചും രൂപത്തെക്കുറിച്ചും മോശം പരാമര്‍ശം നടത്തിയതുമാണ് കലക്ടറെ പരാതി നല്‍കാന്‍ കാരണമായത്. മൂന്ന് മാസം മുന്‍പാണ് സംഭവം. 

ചെന്നൈയിലെ അഭിഭാഷകയായ ആര്‍.തൃശൂലി സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലൂടെയാണ് വിഷയം ഹൈക്കോടതിയുടെ ശ്രദ്ധയില്‍ വരുന്നത്. നവംബര്‍ പത്ത് മുതല്‍ പുറത്തുവന്ന മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലായിരുന്നു അഭിഭാഷക റിട്ട് സമര്‍പ്പിച്ചത്. 

പിന്നാലെ കലക്ടര്‍ പരാതി നല്‍കിയിട്ടുണ്ടോ എന്ന് കോടതി ചോദ്യമുന്നയിച്ചു. ഭരണകക്ഷി എംഎല്‍എ ആയതിനാല്‍ താക്കീതില്‍ പ്രശ്നം ഒഴിവാക്കിയതിനെതിരെ കോടതി രൂക്ഷ വിമര്‍ശനമാണുന്നയിച്ചത്. ഇതിന് മണിക്കൂറുകള്‍ക്ക് പിന്നാലെ കലക്ടര്‍ പത്മജ എസ്പിക്ക് നേരിട്ട് പരാതി നല്‍കുകയായിരുന്നു. കലക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തമിഴ്നാട് സ്ത്രീധനപീഡന നിരോധന നിയമപ്രകാരം എംഎല്‍എയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കലക്ടറിൽ നിന്നും ചീഫ് സെക്രട്ടറിയില്‍നിന്നും വിവരങ്ങൾ തേടി അറിയിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഇന്നലെ പബ്ലിക് പ്രോസിക്യൂട്ടർക്ക്  നിർദേശം നൽകിയിരുന്നു.

തനിക്കെതിരെയുള്ള ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതവും അടിസ്ഥാനരഹിതവുമാണെന്നാണ് എംഎൽഎ അരുൾ വിഘ്‌നേശിന്റെ വിശദീകരണം. പൊതുജനങ്ങളുടെ പരാതികളുമായി ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ് കലക്ടർക്ക് അയച്ചതെന്നും അരുള്‍ അവകാശപ്പെട്ടു. എംഎല്‍എയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തണമെന്ന് ഡിഎംകെ നേതാവ് എം.കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. കേസെടുക്കണമെന്ന് തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മാണിക്കം ടാഗോറും ആവശ്യമുന്നയിച്ചിട്ടുണ്ട്. കനിമൊഴിയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. 

ENGLISH SUMMARY:

Police complaint filed by the Kallakurichi collector against TVK MLA Arul Vignesh for alleged harassment and inappropriate comments. The Madras High Court and political leaders have strongly reacted to the incident, leading to a formal police case.