ബിരിയാണി എവിടെ നിന്ന് വന്നു. അച്ചാറും സാലഡും കൂട്ടി അകത്താക്കുമ്പോള്‍ ചിന്തിക്കാന്‍ നേരം കിട്ടിക്കാണില്ല. ബിരിയാണി എന്ന വാക്ക് വന്നത് പേര്‍ഷ്യന്‍ ഭാഷയില്‍ നിന്നാണ്. ഉത്തരേന്ത്യയില്‍ മുഗളന്മാരും കേരള തീരത്തടക്കം അറബികളുമാണ് ബിരിയാണി എന്ന വിഭവം എത്തിച്ചതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ബിരിയാണി എന്ന പേര് മാത്രമാണ് വന്നതെന്നും സമാനമായ ഭക്ഷ്യവിഭവങ്ങള്‍ ഇന്ത്യയിലുണ്ടായിരുന്നെന്നും ചരിത്രരേഖകളിലുണ്ട്.
ഇതില്‍ ഇന്നത്തെ ബിരിയാണികളോട് ഏറ്റവും സാമ്യം തോന്നുന്ന രേഖകളിലൊന്ന് സംഘകാലത്തെ പ്രധാന കൃതികളിലൊന്നായ പുറനാനൂറിലാണ്.
ഊണ് സോറ്, അതാണ് കവി കപിലര്‍ പുറനാനൂറില്‍ ഈ ഭക്ഷണത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. സംഘകാലത്തെ പ്രസിദ്ധനായ വള്ളൽ 'പാരി' തന്റെ നാട്ടിലെ ജനങ്ങൾക്കും അതിഥികൾക്കും ആട്ടിറച്ചി ചേർത്ത കൊഴുപ്പുള്ള ചോറ് ('ഊൺ സോറു') ധാരാളമായി നൽകിയിരുന്നതായി പുറനാനൂറില്‍ എഴുതിയിട്ടുണ്ട്. എഡി രണ്ടാം നൂറ്റാണ്ടിന് മുന്‍പാണ് ഇത്.
ഇതുകൂടാതെ യുദ്ധക്കളത്തിൽ വിജയിച്ച സൈനികർക്ക് ഊർജ്ജം നൽകാനായി ചോള രാജാവായ നളങ്കിള്ളി ഊൺ സോറു നൽകിയിരുന്നതായും പുരാതന തമിഴ് കൃതികളിൽ കാണാം.
എന്നാല്‍ ഊണ് സോറിനെ ബിരിയാണിയുടെ പൂര്‍വികനെന്ന് വിളിക്കാന്‍ കാരണം പാചകരീതിയാണ്.
അരി, നെയ്യ്, മാംസം (പ്രധാനമായും ആട്ടിറച്ചി, കോഴിയിറച്ചി, കാട, മുയൽ എന്നിവ), മഞ്ഞൾ, കുരുമുളക്, മല്ലി, വഴനയില തുടങ്ങിയവയാണ് ഊണ് സോറിലെ പ്രധാന ചേരുവകള്‍ ഉപയോഗിച്ചിരുന്നത്. (മുളക് ഇന്ത്യയിൽ എത്തുന്നതിന് മുൻപുള്ള കാലമായതിനാൽ എരിവിനായി കുരുമുളകാണ് ഉപയോഗിച്ചിരുന്നത്.
ഒരു വലിയ മൺപാത്രത്തിൽ അരിയും മാംസവും സുഗന്ധവ്യഞ്ജനങ്ങളും നെയ്യും ചേർത്ത് വായു കടക്കാത്ത വിധം വാഴയില കൊണ്ട് മൂടിക്കെട്ടി, കനലിൽ (ചാരം മൂടിയ തീയിൽ) മണിക്കൂറുകളോളം വേവിക്കുന്ന രീതിയായിരുന്നു ഇത്. ഇന്നത്തെ 'ദം' (Dum) പാചകരീതിയോട് ഇതിന് വലിയ സാമ്യമുണ്ട്.
പിന്നീട് ഇന്ത്യന്‍ തീരത്തെത്തിയ അറബികള്‍ ഈ പാചകരീതി വിദേശത്തേക്ക് കൊണ്ടുപോയി അത് ബിരിയാണിയായി തിരിച്ച് ഇന്ത്യയിലേക്കെത്തിയതാണെന്നാണ് ഒരു വിഭാഗം ചരിത്രകാരന്മാര് വാദിക്കുന്നത്.
ചുരുക്കത്തിൽ, പേര് പേർഷ്യൻ ആണെങ്കിലും, മാംസവും അരിയും സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത് വേവിക്കുന്ന ഈ ഭക്ഷണസംസ്കാരം രണ്ടായിരം വർഷങ്ങൾക്ക് മുൻപ് തന്നെ ദക്ഷിണേന്ത്യയിൽ (തമിഴകത്തും കേരളത്തിലുമടങ്ങുന്ന പ്രദേശങ്ങളിൽ) നിലനിന്നിരുന്നു എന്നതിന് 'ഊൺ സോറു' വലിയൊരു തെളിവാണ്.