Image: X

Image: X

ഉത്തർപ്രദേശിലെ മീററ്റിൽ കാമുകിക്കൊപ്പം മോമോസ് കഴിക്കുന്നതിനിടെ ഭാര്യ കൈയോടെ പിടികൂടിയതോടെ ഭാര്യയെ ബോണറ്റിലിട്ട് കാറോടിച്ച് ഭർത്താവ്. ശാസ്ത്രി നഗറിൽ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഭർത്താവ് മയങ്കിനും കാമുകി മാഹിക്കുമെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

മീററ്റിലെ ലോഹിയ നഗർ സ്വദേശിയായ മയങ്കും ഭാര്യ സുനിതയും തമ്മിൽ കുറച്ചുകാലമായി ദാമ്പത്യപ്രശ്നങ്ങൾ നിലനിന്നിരുന്നു. ശനിയാഴ്ച വൈകുന്നേരം മയങ്ക് കാമുകിക്കൊപ്പം ശാസ്ത്രി നഗറിലെ എൽ-ബ്ലോക്ക് ചൗക്കിക്ക് സമീപം കാറിലിരുന്ന് മോമോസ് കഴിക്കുകയായിരുന്നു. ഇരുവരെയും സുനിത കാണുകയും തുടർന്ന് കാറിന്റെ വിൻഡോയിൽ തട്ടി ചോദ്യം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. പരിഭ്രാന്തനായ മയങ്ക് കാർ മുന്നോട്ടെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

എന്നാൽ കാർ മുന്നോട്ടെടുക്കുന്നത് തടയാനായി സുനിത കാറിന് മുന്നിലേക്ക് കയറി നിന്നു. പിന്നാലെ ബോണറ്റിലേക്ക് വീഴുകയും ചെയ്തു. എന്നാൽ കാർ നിർത്താൻ തയ്യാറാകാതിരുന്ന മയങ്ക്, ബോണറ്റിൽ ഭാര്യ കിടക്കെ തന്നെ വാഹനം 100 മീറ്ററോളം ഓടിച്ചുപോയി. സുനിത ബോണറ്റിൽ കിടന്ന് നിലവിളിച്ചതോടെ പ്രദേശവാസികൾ കാർ തടഞ്ഞുനിർത്തി മയങ്കിനെ പിടിച്ചുവച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു. സുനിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് മയങ്കിനും കാമുകിക്കുമെതിരെ പൊലീസ് കേസെടുത്തു.

ഭർത്താവിനെതിരെ ഗാർഹിക പീഡനം, വധശ്രമം, മർദനം, സ്ത്രീധന പീഡനം, വഞ്ചന എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. മയങ്കിനെയും മാഹിയെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

A high-voltage drama unfolded in Meerut's Shastri Nagar when a woman caught her husband eating momos inside a car with his girlfriend. Panicked by her sudden confrontation, the husband attempted to speed away, causing his wife to fall onto the car's bonnet. Rather than bringing the vehicle to a halt, the man drove at high speed for over 100 meters with his wife clinging to the bonnet. Local residents intervened upon hearing her distress cries, stopping the vehicle, rescuing the woman, and handing the husband over to the police.