ശക്തമായ പ്രതിഷേധത്തിനും തീവെപ്പിനും കൊള്ളക്കും പിന്നാലെ പഞ്ചാബിലെ ലവ്ലി സർവകലാശാലയുടെ സുരക്ഷ ഏറ്റെടുത്ത് കേന്ദ്ര സേന. ക്യാംപസിൽ കൂടുതൽ പൊലീസ് സംഘങ്ങളും നിഹാങ്കുകളും തുടരുകയാണ്. വിദ്യാർഥികൾ അല്ലാത്തവരെ പൊലീസ് പിടികൂടി പുറത്താക്കി. നാളെ മുതൽ 10 ദിവസത്തേക്ക് റെഗുലർ ക്ലാസുകൾ നിർത്തി. മിഡ്-ടേം പരീക്ഷകൾ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റി. വിദ്യാർത്ഥികൾക്ക് അനുമതിയോടെ സ്വന്തം നാടുകളിലേക്ക് മടങ്ങാമെന്നും സർവകലാശാല അറിയിച്ചു.
ഇന്നലെ രാത്രി ജലന്ധർ-ഫഗ്‌വാര ദേശീയപാതയിൽ പൊലീസും വിദ്യാർത്ഥികളും തമ്മിൽ ഉണ്ടായ സംഘർഷമാണ് പ്രശ്നം രൂക്ഷമാക്കിയത്. രണ്ട് പൊലീസ് ജീപ്പുകളും സ്കൂട്ടിയും അഗ്നിക്കിരയാക്കിയ വിദ്യാർത്ഥികൾ ക്യാംപസിനകത്തും അക്രമം തുടർന്നു. കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റിനും ഗേൾസ് ഹോസ്റ്റൽ ഫൈവിനും തീയിട്ടു. ഇതിനിടെ ആയുധങ്ങളുമായി പുറത്തുനിന്നെത്തിയ ആളുകൾ പെൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് ഇരച്ചുകയറി. ഇവർ പെൺകുട്ടികളെ ആക്രമിക്കുകയും ലാപ്ടോപ്പുകൾ അടക്കമുള്ളവ കൈക്കലാക്കുകയും ചെയ്തു എന്ന് വിദ്യാർത്ഥികൾ പറയുന്നു.ഗേൾസ് ഹോസ്റ്റലിൽ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതി അവഗണിച്ചതിനെ തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തെന്ന് ആരോപിച്ചാണ് പ്രതിഷേധം.
സംഘർഷത്തിനു പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്ത മുഴുവൻ വിദ്യാർത്ഥികളെയും വിട്ടയക്കണമെന്നും സർവകലാശാല ചാൻസിലർ അശോക് മിത്തൽ നേരിട്ട് ചർച്ചയ്ക്ക് എത്തണമെന്നും ലവ്ലി സർവകലാശാല വിദ്യാർത്ഥികൾ. കൊല്ലം സ്വദേശിയും മെക്കാട്രോണിക്സ് രണ്ടാം വർഷ വിദ്യാർഥിയുമായ ജിതിൻ ജോർജും പൊലീസ് കസ്റ്റഡിയിൽ എടുത്തവരിൽ ഉണ്ട്. സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്കും പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. സർവകലാശാല അടച്ചതിനാൽ സ്വദേശങ്ങളിലേക്ക് മടങ്ങാനുള്ള ശ്രമത്തിലാണ് വിദ്യാർത്ഥികൾ. സംസ്ഥാന സർക്കാരുകളുടെ സഹായം ഇക്കാര്യത്തിൽ ഉണ്ടാകണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. ക്യാംപസിനകത്ത് വിദ്യാർത്ഥികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാത്തതുമൂലം മലയാളിയടക്കം മരിച്ച സംഭവമുണ്ടായിട്ടുണ്ടെന്നും വിദ്യാർത്ഥികൾ പറയുന്നു.
പുറത്തു നിന്നുള്ളവർ ആയുധങ്ങളുമായി ക്യാംപസിലെ ഗേൾസ് ഹോസ്‌റ്റലുകളിലേക്ക് കയറി സൃഷ്ടിച്ചത് ഭീകരാന്തരീക്ഷമെന്ന് വിദ്യാർഥിനികൾ. അക്രമികൾ തോക്കുകളും വലിയ വടികളുമായി എത്തി ചില്ലുകൾ അടിച്ചു തകർക്കുകയും വാതിലുകൾ തുറക്കാൻ ആവശ്യപ്പെടുകയും ചെയ്തു. സുരക്ഷയാവശ്യപ്പെട്ടിട്ടും പൊലീസ് എത്തിയില്ലെന്നും അക്രമികൾ ആക്രമിക്കുകയും മർദ്ദിക്കുകയും ചെയ്തു എന്നും വിദ്യാർത്ഥിനികൾ പരാതിപ്പെട്ടു. വിദ്യാർത്ഥികളുടെ പരാതി ശ്രദ്ധയിൽപ്പെട്ട മന്ത്രി റോജി എം ജോൺ സർവകലാശാല ചാൻസിലറും ബിജെപി എംപിയുമായ അശോക് മീത്തലിനെ വിളിച്ച് സുരക്ഷ ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു.