എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം

എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം

മധ്യപ്രദേശിലെ റിവയിലുള്ള സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിക്കായി രക്തം നൽകാനെത്തിയ ആളോട് ജാതി ചോദിച്ച്, രക്തം സ്വീകരിക്കാൻ ജീവനക്കാർ വിസമ്മതിച്ചതായി ആരോപണം. സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. വൈശ്യ സമുദായത്തിൽപ്പെട്ട പെൺകുട്ടിയുടെ ചികിത്സയ്ക്കായി രക്തം നൽകാൻ എത്തിയത് ബ്രാഹ്മണ സമുദായത്തിൽപ്പെട്ട യുവാവായിരുന്നു. എന്നാല്‍ യുവാവില്‍ നിന്നും രക്തം സ്വീകരിക്കാൻ അധികൃതര്‍ വിസമ്മതിച്ചതായി കുടുംബം പറയുന്നു.

രക്തം നല്‍കാന്‍ വൈശ്യ സമുദായത്തില്‍പ്പെട്ട ആരെയെങ്കിലുമോ ബന്ധുക്കളെയോ തന്നെ കൊണ്ടുവരണമെന്നും, ബ്രാഹ്മണ സമുദായത്തിൽപ്പെട്ട വ്യക്തിയുടെ രക്തം സ്വീകരിക്കില്ലെന്നും രക്തബാങ്കിലെ ജീവനക്കാർ പറഞ്ഞതായി കുടുംബത്തിന്റെ പറഞ്ഞു. എന്നാൽ, ആരോഗ്യപരമായ കാരണങ്ങളാലാണ് രക്തദാനത്തിന് എത്തിയവരുടെ രക്തം സ്വീകരിക്കാതിരുന്നതെന്നും ജാതി ചോദിച്ചെന്ന ആരോപണം പൂർണ്ണമായും തെറ്റാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

സിദ്ധി ജില്ലയിൽ നിന്നുള്ള പെൺകുട്ടിയെ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിൽ പ്രവേശിച്ചത്. ആദ്യം 17 വയസ്സിന് താഴെയുള്ള ഒരും കുടുംബാംഗമാണ് രക്തം നല്‍കാന്‍ എത്തിയത്. പക്ഷേ രക്തം സ്വീകരിക്കാൻ ഡോക്ടർമാർ വിസമ്മതിച്ചു. തുടർന്നാണ് കുടുംബാംഗമായ ബൈജ്നാഥ് തന്റെ സുഹൃത്തായ ജിതേന്ദ്ര പാണ്ഡെയെ രക്തദാനത്തിനായി വിളിച്ചുവരുത്തിയത്. എന്നാൽ, രക്തബാങ്കിലെത്തിയപ്പോൾ 'നിങ്ങൾ പാണ്ഡെയും രോഗിയായ പെണ്‍കുട്ടി വൈശ്യയുമായതിനാൽ രക്തദാനം നടക്കില്ലെന്ന്' അവിടെയുണ്ടായിരുന്ന ഡോക്ടർ പറഞ്ഞതായി ബൈജ്നാഥ് പറയുന്നു. സ്വന്തം സമുദായത്തിൽപ്പെട്ടയാളെ കൊണ്ടുവരാനോ അല്ലെങ്കിൽ ഡോക്ടറുടെ പ്രത്യേക അനുമതിപത്രം വാങ്ങാനോ ആണ് ആവശ്യപ്പെട്ടതെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ, ആരോപണങ്ങൾ പൂർണ്ണമായി തള്ളിക്കളഞ്ഞ ആശുപത്രി സൂപ്രണ്ട് ഡോ. പ്രിയാങ്ക് ശർമ്മ സംഭവത്തിൽ അന്വേഷണം നടത്തിയതായി അറിയിച്ചു. അന്വേഷണത്തിന് നേതൃത്വം നൽകിയ രക്തബാങ്ക് ഇൻ-ചാർജ് ഡോ. ലോകേഷ് ത്രിപാഠി, രക്തബാങ്കുകളിൽ ഒരിക്കലും ജാതിയോ മതമോ ചോദിക്കാറില്ലെന്ന് വ്യക്തമാക്കി. കുടുംബത്തോടൊപ്പം എത്തിയ രണ്ടുപേരിൽ ഒരാൾ അനാരോഗ്യകരമായ ജീവിത രീതിയുള്ളയാളും രണ്ടാമത്തെയാൾ ഹെർണിയ രോഗിയുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മുൻപ് മദ്യം കഴിച്ചിരുന്നതിനാലും ആരോഗ്യപരമായ സുരക്ഷ മുൻനിർത്തിയുമാണ് രക്തം സ്വീകരിക്കാതിരുന്നതെന്നും ആശുപത്രി അധികൃതർ കൂട്ടിച്ചേർത്തു.

ദാതാക്കളുടെ ആരോഗ്യസ്ഥിതി കൃത്യമായി അറിയാവുന്ന കുടുംബാംഗങ്ങളെയോ അടുത്ത ആളുകളെയോ കൊണ്ടുവരാൻ കുടുംബത്തോട് നിർദ്ദേശിക്കുക മാത്രമാണ് ചെയ്തതെന്നും അധികൃതർ പറഞ്ഞു. കുടുംബത്തിന് ഉണ്ടായ തെറ്റിദ്ധാരണയാകാം ഇത്തരമൊരു ആരോപണത്തിന് കാരണമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

ENGLISH SUMMARY:

A major controversy erupted at the Sanjay Gandhi Memorial Hospital in Rewa, Madhya Pradesh, following allegations that staff refused blood donation based on caste. The family of a critically ill Vaishya community patient claimed that doctors rejected a donation from a Brahmin friend by stating that blood must come from the patient's own caste. However, hospital authorities strongly denied the allegations, clarifying that the refusal was purely based on medical safety standards and donor health issues. Hospital Superintendent Dr. Priyank Sharma stated that one potential donor had a history of alcohol consumption while the other suffered from a hernia, leading to their medical rejection.