നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഗർബ പരിപാടികളിൽ മുസ്‌ലിം യുവാക്കൾ പങ്കെടുക്കുന്നതില്‍ വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ. ഗര്‍ബ നൃത്തത്തില്‍ പങ്കെടുക്കാന്‍ തനിച്ച് വരേണ്ടതില്ലെന്നും സഹോദരിമാരെയും പെൺമക്കളെയും മാതാപിതാക്കളെയും ഒപ്പം കൊണ്ടുവരണമെന്നുമാണ് ബിജെപി എംഎല്‍എ രാമേശ്വർ ശർമ പറഞ്ഞത്. ഭോപ്പാലിലെ ഹുസൂർ മണ്ഡലത്തിലെ എംഎല്‍എയാണ് ശര്‍മ. വിവാദ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസും എഐഎഐഎമ്മും രംഗത്തെത്തി.
പൊതുപരിപാടിക്കിടെയാണ് ശർമ മുസ്‌ലിം യുവാക്കളുടെ ഗർബ പങ്കാളിത്തത്തെക്കുറിച്ച് പരാമർശം നടത്തിയത്. 'മുസ്‌ലിം യുവാക്കൾ ഗർബയിൽ പങ്കെടുക്കാൻ വരുമ്പോൾ എന്തുകൊണ്ടാണ് ഒറ്റയ്ക്ക് വരുന്നത്? സഹോദരിമാരെയും പെൺമക്കളെയും കൂടി കൊണ്ടുവരണം. ഞങ്ങളുടെ യുവാക്കളും തയ്യാറാണ്’ – ശര്‍മ പറഞ്ഞു.
ഗർബയിൽ പങ്കെടുക്കുന്ന മുസ്‌ലിംകൾ ‘ജയ് ശ്രീറാം’ വിളിക്കുകയും നെറ്റിയിൽ തിലകം ചാർത്തുകയും വേണമെന്ന നിലപാടും ശർമ മുന്നോട്ടുവെച്ചു. ഗർബ ഒരു വിനോദപരിപാടിയല്ലെന്നും സനാതന സമൂഹത്തിന്റെ മതപരമായ ആഘോഷമാണെന്നും അദ്ദേഹം പറഞ്ഞു. ഗർബ വേദികളിൽ ‘ലവ് ജിഹാദ്’ നടത്താനുള്ള ശ്രമങ്ങളുണ്ടായാൽ യുവാക്കൾ അതിനെതിരെ പ്രതികരിക്കുമെന്നും ശർമ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. മുസ്‌ലിംങ്ങൾ ഗർബയിൽ പങ്കെടുക്കുന്നതിനെ എതിർക്കുന്നില്ലെന്നും, എന്നാൽ പരിപാടിയുടെ മതപരമായ സ്വഭാവത്തെ ബഹുമാനിക്കണമെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കി.
ശർമയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് നേതാവ് ആരിഫ് മസൂദ് ശക്തമായ വിമർശനം ഉന്നയിച്ചു. ഇത്തരം ഭാഷ അംഗീകരിക്കാനാകില്ലെന്നും പ്രസ്താവന പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എഐഎഐഎം മധ്യപ്രദേശ് അധ്യക്ഷൻ മൊഹ്സിൻ അലി ഖാനും ശർമയുടെ പരാമർശത്തെ വിമർശിച്ചു. ഇത്തരം പ്രസ്താവനകൾ സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുമെന്നും അദ്ദേഹം ആരോപിച്ചു.
വിവാദം ഉയർന്നതിന് പിന്നാലെയും തന്റെ പ്രസ്താവനയിൽ നിന്ന് പിന്നോട്ടില്ലെന്ന് രാമേശ്വർ ശർമ വ്യക്തമാക്കി. മുസ്‌ലിംകൾ ഗർബയിൽ പങ്കെടുക്കുന്നതിൽ എതിർപ്പില്ലെന്നും, എന്നാൽ കുടുംബത്തോടൊപ്പം എത്തുകയും ഗർബയുടെ മതപരമായ ആചാരങ്ങളിൽ പങ്കെടുക്കുകയും വേണമെന്നുമാണ് തന്റെ നിലപാടെന്ന് അദ്ദേഹം വിശദീകരിച്ചു. നവരാത്രി ആഘോഷങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി മധ്യപ്രദേശിൽ ഗർബ പരിപാടികളിലെ മുസ്‌ലിം പങ്കാളിത്തത്തെക്കുറിച്ച് ഉയർന്നുവരുന്ന രാഷ്ട്രീയ ചർച്ചകൾക്കിടയിലാണ് ശർമയുടെ പുതിയ പരാമർശം വിവാദമായിരിക്കുന്നത്.