abhijeet-dipke-typhoid-cjp-protest

‘ഞാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കുന്നു’ എന്ന പരിഹാസ പോസ്റ്റിന് പിന്നാലെ രാജിക്കത്തുമായി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ. മധ്യപ്രദേശിലെ ബാലാഘട്ടിൽ മുപ്പതിലധികം ആദിവാസി കുട്ടികൾ മരിച്ച സംഭവത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിനെതിരെ രൂക്ഷ പരിഹാസവുമായി ഇന്നലെ രാത്രിയാണ് അഭിജീത്ത് എത്തിയത്. ‘മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള രാജി സമർപ്പിക്കുന്നതിനായി നാളെ ഞാൻ ഗവർണറെ കാണും’ എന്നാണ് അഭിജീത്ത് എക്സില്‍ കുറിച്ചിരിക്കുന്നത്. പിന്നാലെയാണ് രാജിക്കത്തും പങ്കുവച്ചത്. മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ലെറ്റർഹെഡ് മാതൃകയിൽ ഗവർണർക്ക് സമർപ്പിക്കുന്ന രീതിയിലാണ് ഈ പരിഹാസ കത്ത് തയാറാക്കിയിരിക്കുന്നത്.

ആദിവാസി മേഖലകളിലെ വികസന തകർച്ചയും ഭരണകൂടത്തിന്റെ വീഴ്ചകളും ചൂണ്ടിക്കാണിക്കുന്നതാണ് കത്തിലെ വരികൾ. ‘ബാലാഘട്ടിൽ മുപ്പതിലധികം ആദിവാസി കുട്ടികൾ മരണപ്പെട്ട സംഭവത്തിന് ശേഷം ഈ കസേരയിൽ തുടരാൻ എന്റെ മനസ്സാക്ഷി എന്നെ അനുവദിക്കുന്നില്ല. കുട്ടികൾക്ക് ആവശ്യമായ സമയത്ത് വൈദ്യസഹായവും പിന്തുണയും നൽകുന്നതിൽ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി എന്ന നിലയിൽ ഞാൻ ഏറ്റെടുക്കുന്നു. ഈ ജീവനുകളിൽ ഭൂരിഭാഗവും രക്ഷിക്കാമായിരുന്നു, ആ വീഴ്ചയുടെ ഉത്തരവാദിത്തത്തിൽ നിന്ന് എനിക്ക് ഒഴിഞ്ഞുമാറാനാകില്ല’- അഭിജീത്ത് തയ്യാറാക്കിയ കത്തില്‍ പറയുന്നു.

‘മരണശേഷമുള്ള നമ്മുടെ അനാസ്ഥയും അതുപോലെതന്നെ നാണംകെട്ടതാണ്. ഒരു കുട്ടിക്ക് ഒരു ലക്ഷം രൂപയാണ് നമ്മൾ ആദ്യം നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. ആദിവാസി സമൂഹത്തിന്റെ പ്രതിഷേധത്തിന് ശേഷമാണ് ഇത് 4 ലക്ഷമായി ഉയർത്തിയത്. ഏതെങ്കിലും മന്ത്രിമാരുടെയോ എം.എൽ.എമാരുടെയോ കുട്ടികളായിരുന്നു ഇവരെങ്കിൽ നമ്മള്‍ 4 ലക്ഷം രൂപ മതിയായ നഷ്ടപരിഹാരമായി കാണുമായിരുന്നോ? ആദിവാസി കുട്ടികളുടെ ജീവന് നമ്മൾ എത്ര കുറഞ്ഞ മൂല്യമാണ് നൽകിയത്...’ – കത്തില്‍ മുഖ്യമന്ത്രിയുടെ സ്ഥാനത്തിരുന്ന് അഭിജീത്ത് കുറിച്ചു.

‘പ്രധാനമന്ത്രിയുടെ 'ഹർ ഘർ നൽ യോജന' വൻ വിജയമാണെന്ന് അവകാശപ്പെടുമ്പോഴും ബാലാഘട്ടിലെ ആദിവാസികൾ ഇപ്പോഴും പുഴയിലെ വെള്ളമാണ് കുടിക്കാൻ ഉപയോഗിക്കുന്നത്. മൃഗശാലകളേക്കാൾ കഷ്ടമായ അവസ്ഥയിലാണ് ഗ്രാമീണ വിദ്യാലയങ്ങൾ. ഒരു ഗ്രാമത്തിൽ അംഗൻവാടി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള 75 കുട്ടികൾ ഒരൊറ്റ ക്ലാസ് മുറിയിലാണ് പഠിക്കുന്നത്. 2003 മുതൽ മധ്യപ്രദേശിൽ ഏകദേശം 21 വർഷത്തോളം ബിജെപി സർക്കാരുകൾ ഭരിച്ചിട്ടും, പല ആദിവാസി കുടുംബങ്ങൾക്കും സുരക്ഷിതമായ കുടിവെള്ളം, ആവശ്യമായ വൈദ്യസഹായം, ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്നിവയുടെ അടിസ്ഥാനപരമായ അവകാശം ഉറപ്പാക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല എന്നതിൽ ഇന്ന് ഞാൻ തലകുനിക്കുന്നു’– കത്തിലെ വരികള്‍.

സംസ്ഥാനത്തെ ആദിവാസി ജനവിഭാഗങ്ങളുടെ അവസ്ഥ വ്യക്തമാക്കാൻ ചില ഔദ്യോഗിക കണക്കുകളും കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്: മധ്യപ്രദേശിൽ 55,795 ആദിവാസി വീടുകളിൽ ഇപ്പോഴും വൈദ്യുതി എത്തിയിട്ടില്ല. രാജ്യത്ത് പട്ടികവർഗ്ഗക്കാർക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളിൽ 32 ശതമാനവും മധ്യപ്രദേശിലാണ്. സംസ്ഥാനത്തെ 5.41 ലക്ഷത്തിലധികം കുട്ടികൾ തൂക്കക്കുറവുള്ളവരാണ്. നിയമസഭയിൽ സമർപ്പിച്ച കണക്കുകൾ പ്രകാരം 1.36 ലക്ഷത്തിലധികം കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരാണ്. 2003 മുതൽ 21 വർഷത്തോളമായി ബിജെപി ഭരിച്ചിട്ടും ആദിവാസികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ സാധിച്ചില്ലെന്ന കുറ്റസമ്മതത്തോടെയാണ് 'സറ്റയർ' വിഭാഗത്തിൽപ്പെട്ട ഈ കത്ത് അവസാനിക്കുന്നത്. ചിത്രത്തിന്റെ താഴെ വലതുഭാഗത്ത് ആക്ഷേപഹാസ്യം എന്നും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

ബാലാഘട്ട് ജില്ലയിലെ ബിർസ ബ്ലോക്കിൽ കഴിഞ്ഞ രണ്ടര മാസത്തിനിടെ മുപ്പതിലേറെ ആദിവാസി കുട്ടികളാണ് അഞ്ചാംപനി, മലേറിയ, ശ്വാസകോശ രോഗങ്ങൾ, പോഷകാഹാരക്കുറവ്, വിളർച്ച, നിർജ്ജലീകരണം തുടങ്ങിയ രോഗങ്ങൾ മൂലം മരണമടഞ്ഞത്. സംഭവത്തില്‍ യഥാർഥ മരണസംഖ്യ സര്‍ക്കാര്‍ പുറത്തുവിട്ടതിനേക്കാള്‍ കൂടുതലാണെന്നും, കൃത്യസമയത്ത് ചികിത്സ ലഭിക്കാഞ്ഞതും ഭരണകൂടത്തിന്റെ അനാസ്ഥ കാരണവുമാണ് കുട്ടികൾ മരിച്ചതെന്നും അഭിജീത്ത് ആരോപിച്ചിരുന്നു. ദുരന്തബാധിത പ്രദേശങ്ങളായ ഗ്രാമങ്ങൾ നേരിട്ട് സന്ദർശിച്ച അദ്ദേഹം മരിച്ച കുട്ടികളുടെ കുടുംബങ്ങളെ കാണുകയും ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽ നിന്ന് മറുപടി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ENGLISH SUMMARY:

Cockroach Janata Party founder Abhijeet Dipke escalated his protest against Madhya Pradesh Chief Minister Mohan Yadav by releasing a satirical resignation letter written on a mock chief ministerial letterhead. The satirical letter addresses the Governor, accepting political responsibility for the deaths of over 30 tribal children due to medical negligence and malnutrition in the Balaghat district. Highlighting systemic failures, Dipke criticized the state's inadequate compensation for bereaved families, lack of clean drinking water under government schemes, and poor infrastructure in tribal schools. The satirical document also cited official data on extreme malnutrition, lack of electricity in tribal households, and high crime rates against Scheduled Tribes to expose governance lapses after two decades of BJP rule.