തമിഴ്‌നാട് മാടമ്പാക്കത്ത് 17 തെരുവുനായ്ക്കളെ വിഷം നല്‍കി കൊന്നയാള്‍ പിടിയില്‍. മാടമ്പാക്കം സ്വദേശിയും ഐടി പ്രഫഷണലുമായ ഫ്രാന്‍സിസ് ജെബരാജാണ് അറസ്റ്റിലായത്. ചോദ്യംചെയ്യലില്‍ തന്റെ വളര്‍ത്തുമൃഗങ്ങളെ തെരുവുനായ്ക്കള്‍ ആക്രമിച്ചതിന്റെ പകയിലാണ് വിഷം നല്‍കിയതെന്ന് പ്രതി പറഞ്ഞു.
Also Read: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുങ്ങാൻ ശ്രമിച്ച പാർവതി മായ എയർപോർട്ടിൽ പിടിയിൽ
ഈമാസം ആറിനാണ് മാടമ്പാക്കത്തെ യശ്വന്ത് നഗര്‍, ഭുവനേശ്വരി നഗര്‍, എഎല്‍എസ് നഗര്‍, പത്മാവതി നഗര്‍ എന്നിവിടങ്ങളില്‍ 17 തെരുവുനായക്കളെ ചത്തനിലയില്‍ കണ്ടെത്തിയത്. വായില്‍നിന്ന് ചോര ഛര്‍ദിച്ച നിലയിലായിരുന്നു നായ്ക്കളുടെ ജഡം. 17 തെരുവുനായ്ക്കളെ ഒരോപോലെ ചത്തനിലയില്‍ കണ്ടെത്തിയതോടെ ദുരൂഹത തോന്നിയ താമ്പരം കോര്‍പറേഷന്‍ അധികൃതര്‍ നായ്ക്കളുടെ ജഡങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തിലാണ് വിഷം ഉള്ളില്‍ചെന്നാണ് നായ്ക്കള്‍ ചത്തതെന്ന് അറിഞ്ഞത്.
പിന്നീട് താമ്പരം കോര്‍പറേഷന്‍ അധികൃതര്‍ സെലയൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഫ്രാന്‍സിസിന്റെ വീട്ടിലെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്‌തതോടെയാണ് സത്യം പുറത്തുവന്നത്. തന്റെ വളര്‍ത്തുമൃഗങ്ങളെ തെരുവുനായ്ക്കള്‍ ആക്രമിച്ചിരുന്നെന്നും അതിന്റെ പകയിലാണ് നായ്ക്കള്‍ക്ക് വിഷം നല്‍കി കൊന്നതെന്നും പ്രതി പറഞ്ഞു.
Also Read: യുവതിയെ ഫാം ഹൗസിലെത്തിച്ച് ക്രൂരമായി ബലാല്‍സംഗം ചെയ്തു; 3 പൊലീസുകാരും സൈനികനും പിടിയില്‍
ഫ്രാന്‍സിസ് വീട്ടില്‍ കോഴി, ആട്, പ്രാവ് തുടങ്ങിയവയെ വളര്‍ത്തിയിരുന്നു. കോഴിയിറച്ചിയില്‍ വിഷം ചേര്‍ത്താണ് പ്രതി നായ്ക്കള്‍ക്ക് നല്‍കിയത്. വിഷം ചേര്‍ന്ന ഇറച്ചി കഷണങ്ങള്‍ റോഡില്‍ വിതറിയിട്ടാണ് പ്രതി നായ്ക്കള്‍ക്ക് നല്‍കിയത്.