കഴിഞ്ഞ ദിവസമാണ് സ്കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിക്കുന്ന യുവാക്കളുടെ വിഡിയോ ബിഹാറിൽനിന്ന് പുറത്തുവന്നത്. ഇപ്പോഴിതാ സമാനമായൊരു സംഭവം മധ്യപ്രദേശിലെ ഗ്വാളിയോറിലും റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. രണ്ട് വിദ്യാർഥിനികൾക്ക് നേരെ അതിക്രമം നടത്തുന്ന രണ്ട് യുവാക്കളുടെ വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വിഡിയോയിൽ യുവാക്കൾക്കെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. സെപ്റ്റംബർ 19ന് വൈകിട്ടായിരുന്നു സംഭവം.
ട്യൂഷന് പോകുന്ന 16കാരികളായ വിദ്യാർഥിനികളെ കാണിച്ചാണ് വിഡിയോ തുടങ്ങുന്നത്. ഇതിനിടെ ബൈക്കിലെത്തിയ രണ്ട് യുവാക്കൾ പെൺകുട്ടികൾക്ക് മുന്നിൽ ബൈക്ക് കുറുകെ നിർത്തി ഇവരെ തടയുന്നു. ബൈക്കോടിച്ച യുവാവ് ഇതിനിടെ ഒരു പെൺകുട്ടിയെ കയറിപ്പിടിക്കുന്നതും തുടർന്ന് തലയ്ക്കടിക്കുന്നതും കാണാം. പിന്നീട് പെൺകുട്ടിയുടെ കൈ പിടിച്ചുവലിച്ച് തന്നിലേക്ക് അടുപ്പിക്കാനും ഇയാൾ ശ്രമിക്കുന്നു. ഇതിനിടെ ബൈക്കിന് പിന്നിലിരുന്ന യുവാവ് ഇറങ്ങി ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
‘ഭയ്യാ, ഞങ്ങളെ വെറുതെ വിടൂ’; സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കെതിരെ ലൈംഗികാതിക്രമം, ദൃശ്യങ്ങള്‍ പകര്‍ത്തി സ...
തുടർന്ന് പെൺകുട്ടികൾ നടന്നുപോകാൻ ശ്രമിക്കുമ്പോൾ യുവാവ് വീണ്ടും ബൈക്ക് മുന്നോട്ടെടുത്ത് ഇവരെ തടയാൻ ശ്രമിക്കുന്നു. എതിർവശത്തുനിന്ന് മറ്റൊരു ബൈക്ക് എത്തിയതോടെ യുവാവ് ബൈക്കുമായി അവിടെനിന്ന് പോകുന്നതും ദൃശ്യങ്ങളിൽ കാണാം. പിന്നിലിരുന്ന യാത്രക്കാരൻ യുവാവിനെ പലതവണ തടയാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ബൈക്കോടിച്ച യുവാവ് പെൺകുട്ടിയോട് കുപിതനാകുന്നതും പലതവണ ആക്രമിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്.
കഴിഞ്ഞ ദിവസം ബിഹാറിലെ ജമുയിയിലെ വിനോദസഞ്ചാരകേന്ദ്രമായ മഡ്‍വ പർവതത്തിലെത്തിയ സ്കൂൾ വിദ്യാർഥികളായ ആൺകുട്ടിയെയും പെൺകുട്ടിയെയും തടഞ്ഞുനിർത്തി അതിക്രമം നടത്തിയവർക്കെതിരെ കേസെടുത്തിരുന്നു. പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അക്രമിസംഘം തന്നെയാണ് സംഭവത്തിന്റെ വിഡിയോ പകർത്തിയത്.