bihar-rape

 

ബിഹാറിലെ ജമുയിയിലെ വിനോദസഞ്ചാരകേന്ദ്രമായ മഡ്‍വ പര്‍വതത്തിലെത്തിയ സ്കൂള്‍ വിദ്യാര്‍ഥികളായ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും തടഞ്ഞുനിര്‍ത്തി പീഡിപ്പിച്ചവര്‍ക്കെതിരെ കേസ്. പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. അക്രമിസംഘം തന്നെയാണ് സംഭവത്തിന്റെ വീഡിയോ പകര്‍ത്തിയത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം പത്താം ക്ലാസ് വിദ്യാര്‍ഥിനിയും ആണ്‍കുട്ടിയും ഞായറാഴ്ചയാണ് മഡ്‍വ പര്‍വതത്തിലെത്തിയത്. മടങ്ങുന്നതിനിടെ പ്രദേശവാസികളായ അഞ്ച് പേരടങ്ങിയ സംഘം ഇവരെ തടഞ്ഞുനിര്‍ത്തി. ഇരുവരും അവിടെ എത്തിയതിന്റെ കാരണം ചോദിച്ചായിരുന്നു തുടക്കം. പിന്നാലെ സംഘത്തിലെ ഒരാള്‍ ആണ്‍കുട്ടിയുടെ കോളറില്‍ പിടിച്ച് തള്ളുന്നതും ഇരുവരും ചേര്‍ന്ന് ഇയാളെ പ്രതിരോധിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ സംഘം കുട്ടികളെ വീണ്ടും പിടികൂടുകയായിരുന്നു.

ഇതിനിടെ ഒരാള്‍ പെണ്‍കുട്ടിയുടെ കഴുത്തില്‍ പിടിച്ച് വലിച്ച് താഴെയിടുന്നതും തുടര്‍ന്ന് ശരീരത്തില്‍ ബലമായി പിടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ആണ്‍കുട്ടി ഇയാളെ പിന്നില്‍ നിന്ന് ആക്രമിച്ച് പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്. പിടിവലിക്കിടെ മറ്റൊരാളും പെണ്‍കുട്ടിയെ ആക്രമിക്കുന്നുണ്ട്. പിന്നീട് ഇരുവരും സ്കൂട്ടറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സംഘം വീണ്ടും തടഞ്ഞു. തുടര്‍ന്ന് കുട്ടികളെക്കൊണ്ട് മാപ്പ് പറയിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.

‘ഭയ്യാ, ഞങ്ങളെ വെറുതെ വിടൂ. ഇനി ഒരിക്കലും ഈ പ്രദേശത്ത് വരില്ല’ എന്ന് കുട്ടികള്‍ പറയുന്നതും ദൃശ്യങ്ങളിലുണ്ട്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് സംഭവത്തില്‍ ഇടപെട്ടത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടികളില്‍നിന്ന് പൊലീസ് നിര്‍ണായക വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.

സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കണമെന്ന ആവശ്യം പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും ഉന്നയിച്ചിട്ടുണ്ട്.

ENGLISH SUMMARY:

The Jamui molestation case involves the horrific assault of two school students in Bihar. This incident at Madhwa Parvat has sparked outrage and demands for justice for the victims.