Image: https://x.com/abhijeet_dipke
മധ്യപ്രദേശിലെ ബാലാഘട്ടിൽ മുപ്പതിലധികം ആദിവാസി കുട്ടികൾ മരിച്ച സംഭവത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിനെതിരെ രൂക്ഷ പരിഹാസവും വിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ. കഴിഞ്ഞ ദിവസം ദുരന്തബാധിത മേഖലകൾ സന്ദർശിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സില്‍ അഭിജീത് പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്. ‘മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള രാജി സമർപ്പിക്കുന്നതിനായി നാളെ ഞാൻ ഗവർണറെ കാണും’ എന്നാണ് അഭിജീത് എക്സില്‍ കുറിച്ചത്. ഭരണകൂടത്തിന്റെ അനാസ്ഥ മൂലം ഇത്രയധികം കുട്ടികൾ ദാരുണമായി മരണപ്പെട്ടിട്ടും ഉത്തരവാദികളായവർ രാജി വെക്കാനോ ഉത്തരവാദിത്തമേറ്റെടുക്കാനോ തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാണിക്കാനാണ് പരിഹാസ പോസ്റ്റുമായി അഭിജീത് രംഗത്തെത്തിയിരിക്കുന്നത് എന്നാണ് വിലയിരുത്തല്‍. ബാലാഘട്ടിലെ സംഭവം രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതുറന്നതിന് പിന്നാലെയാണ് അഭിജീതിന്‍റെ പോസ്റ്റ്.
ബാലാഘട്ട് ജില്ലയിലെ ബിർസ ബ്ലോക്കിൽ കഴിഞ്ഞ രണ്ടര മാസത്തിനിടെ മുപ്പതിലേറെ ആദിവാസി കുട്ടികളാണ് അഞ്ചാംപനി, മലേറിയ, ശ്വാസകോശ രോഗങ്ങൾ, പോഷകാഹാരക്കുറവ്, വിളർച്ച, നിർജ്ജലീകരണം തുടങ്ങിയ രോഗങ്ങൾ മൂലം മരണമടഞ്ഞത്. സംഭവത്തില്‍ യഥാർഥ മരണസംഖ്യ സര്‍ക്കാര്‍ പുറത്തുവിട്ടതിനേക്കാള്‍ കൂടുതലാണെന്നും, കൃത്യസമയത്ത് ചികിത്സ ലഭിക്കാഞ്ഞതും ഭരണകൂടത്തിന്റെ അനാസ്ഥ കാരണവുമാണ് കുട്ടികൾ മരിച്ചതെന്നും അഭിജീത്ത് ആരോപിച്ചിരുന്നു. ദുരന്തബാധിത പ്രദേശങ്ങളായ ഗ്രാമങ്ങൾ നേരിട്ട് സന്ദർശിച്ച അദ്ദേഹം മരിച്ച കുട്ടികളുടെ കുടുംബങ്ങളെ കാണുകയും ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽ നിന്ന് മറുപടി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
‘ബാലാഘട്ടിലെ ഗ്രാമങ്ങളിൽ തന്നെയാണ് ഞാനിപ്പോഴുമുള്ളത്. നാട്ടുകാരിൽ നിന്ന് കേൾക്കുന്ന കാര്യങ്ങൾ ഏറെ ആശങ്കാജനകമാണ്. ഔദ്യോഗികമായി പുറത്തുവിട്ട സംഖ്യയേക്കാൾ വളരെ കൂടുതലാണ് യഥാർഥ മരണസംഖ്യയെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രതിഷേധത്തിന് പിന്നാലെ 86 കുട്ടികളെയാണ് അടുത്തിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരിച്ച കുട്ടികളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്താതെയും, ചില കേസുകളിൽ മാതാപിതാക്കളുടെ പോലും സാന്നിധ്യമില്ലാതെയുമാണ് സംസ്‌കരിച്ചതെന്ന് അറിയാൻ കഴിഞ്ഞു. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റാണ് ഇതിന് പിന്നിൽ. കൃത്യസമയത്ത് വൈദ്യസഹായം ലഭിച്ചിരുന്നെങ്കിൽ ഈ കുട്ടികളുടെ ജീവൻ രക്ഷിക്കാമായിരുന്നു’– അഭിജീത്തിന്‍റെ മറ്റൊരു പോസ്റ്റില്‍ പറയുന്നു.
ഇരയായ കുടുംബങ്ങൾക്ക് നീതി ലഭ്യമാക്കാനാണ് താൻ ബാലാഘട്ടിൽ എത്തിയതെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. തന്റെ സന്ദർശനത്തിന് വഴിയൊരുക്കിയ ചില ആദിവാസി വിദ്യാർഥികളെ മധ്യപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതായും ഭരണകൂടം സത്യം പുറത്തുവരുന്നതിനെ ഭയപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ ഗവർണർക്കും മുഖ്യമന്ത്രിക്കുമെതിരെ വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് സി.ജെ.പിയുടെ തീരുമാനം.
അതേസമയം, ഗ്രാമത്തില്‍ പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണവും ഊർജ്ജിതമാക്കിയിട്ടുണ്ടെന്നാണ് ബാലാഘട്ട് കളക്ടറുടെ പ്രതികരണം. മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി മോഹൻ യാദവ് സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു പ്രത്യേക രോഗം മാത്രമല്ല മരണത്തിന് കാരണമെന്നും കളക്ടർ വ്യക്തമാക്കി. ഈ മേഖലയിലെ കുട്ടികളിൽ പ്രതിരോധശേഷി കുറവായതിനാലാണ് രോഗങ്ങൾ മൂലം പെട്ടെന്ന് ആരോഗ്യനില വഷളാകുന്നത്. പ്രദേശവാസികൾ പരമ്പരാഗത വിശ്വാസ ചികിത്സകളെയാണ് കൂടുതൽ ആശ്രയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അവരെ ബോധ്യപ്പെടുത്തി ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും, സ്ഥിതിഗതികൾ മെച്ചപ്പെടുന്നുണ്ടെന്നും കളക്ടർ കൂട്ടിച്ചേർത്തു. കഴിഞ്ഞ ഏതാനും മാസങ്ങളിലായി 450-ലധികം കുട്ടികൾക്ക് സർക്കാർ ആശുപത്രികളിൽ ചികിത്സ നൽകിയതായും 40 ഗ്രാമങ്ങളിൽ പരിശോധനകൾ പൂർത്തിയാക്കിയതായും അദ്ദേഹം വ്യക്തമാക്കി.