ഉത്തർപ്രദേശിന്റെ വിഭജനം അനിവാര്യമാണെന്ന വാദവുമായി സുവഹേൽദേവ് ഭാരതീയ സമാജ് പാർട്ടി (SBSP) അധ്യക്ഷനും യുപി പഞ്ചായത്തീരാജ് മന്ത്രിയുമായ ഓം പ്രകാശ് രാജ്ഭർ. സംസ്ഥാനത്തെ നാല് ചെറിയ സംസ്ഥാനങ്ങളായി വിഭജിക്കണമെന്നും, അതിൽ നിർദ്ദിഷ്ട 'പൂർവാഞ്ചൽ' സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദം രാജ്ഭർ സമുദായക്കാരന് നൽകണമെന്ന ഉപാധിയോടെ മാത്രമേ ഭാവിയിൽ രാഷ്ട്രീയ സഖ്യങ്ങളിലേക്ക് കടക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ജാതി സെന്‍സസ് പൂര്‍ത്തിയായാല്‍ വിഭജനമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായും അദ്ദേഹം വെളിപ്പെടുത്തി.
എഎന്‍ഐക്ക് നൽകിയ അഭിമുഖത്തിലാണ് രാജ്ഭർ തന്റെ നിലപാട് വ്യക്തമാക്കിയത്. വരാനിരിക്കുന്ന 2027-ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. ‘ഉത്തർപ്രദേശിന്റെ വിഭജനം ഒഴിവാക്കാനാകാത്തതാണ്. പൂർവാഞ്ചൽ, മധ്യഞ്ചൽ, ബുന്ദേൽഖണ്ഡ്, ഹരിത് പ്രദേശ് എന്നിങ്ങനെ സംസ്ഥാനം വിഭജിക്കണം, അംബേദ്കർ നഗർ മുതൽ കിഴക്കൻ യുപിയിലുടനീളം (പൂർവാഞ്ചൽ) ഏറ്റവും കൂടുതൽ വോട്ട് വിഹിതമുള്ളത് രാജ്ഭർ സമുദായത്തിനാണ്. അതിനാൽ, ഇനി ഏത് പാർട്ടിയുമായി സഖ്യമുണ്ടാക്കിയാലും പൂർവാഞ്ചലിന്റെ ആദ്യ മുഖ്യമന്ത്രി രാജ്ഭർ സമുദായത്തിൽ നിന്നുള്ളയാളായിരിക്കണം’- ഓം പ്രകാശ് രാജ്ഭർ പറഞ്ഞു.
അതേസമയം, ഉത്തർപ്രദേശ് സംസ്ഥാന വിഭജനം എന്നത് പുതിയ ചര്‍ച്ചയല്ല, മറിച്ച് പതിറ്റാണ്ടുകളായി യുപി രാഷ്ട്രീയത്തിൽ നിലനിൽക്കുന്ന വിഷയമാണ്. നിർദ്ദിഷ്ട വിഭജന പദ്ധതി പ്രകാരമുള്ള നാല് സംസ്ഥാനങ്ങള്‍ ഇപ്രകാരമാണ്. പൂർവാഞ്ചൽ: കിഴക്കൻ ഉത്തർപ്രദേശ് മേഖലകൾ ഉൾപ്പെടുന്ന ജനസാന്ദ്രതയേറിയ പ്രദേശം. മധ്യഞ്ചൽ (അവധ് പ്രദേശ്): സംസ്ഥാനത്തിന്റെ മധ്യമേഖല. ഭരണകൂട-സാമ്പത്തിക കേന്ദ്രങ്ങളായ ലഖ്‌നൗ, കാൺപൂർ എന്നിവ ഇതിൽ ഉൾപ്പെടുന്നു, ബുന്ദേൽഖണ്ഡ്: വരൾച്ചാ ബാധിതവും വിഭവ പരിമിതിയുമുള്ള തെക്കൻ മേഖല, ഹരിത് പ്രദേശ് (പശ്ചിം പ്രദേശ്): ദേശീയ തലസ്ഥാന മേഖലയോട് ചേർന്നുനിൽക്കുന്ന, കാർഷിക പുരോഗതിയുള്ള പടിഞ്ഞാറൻ യുപി.
സംസ്ഥാന വിഭജനമെന്ന ആവശ്യം ഉത്തർപ്രദേശിൽ ഇതാദ്യമായല്ല ഉയർന്നുവരുന്നത്. 1955-ൽ ഡോ. ബി.ആർ. അംബേദ്കർ തന്‍റെ ‘തോട്ട്സ് ഓൺ ലിംഗ്വിസ്റ്റിക് സ്റ്റേറ്റ്സ്' എന്ന പുസ്തകത്തില്‍ യുപി മൂന്ന് ചെറിയ സംസ്ഥാനങ്ങളായി വിഭജിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. പിന്നീട് 2011-ൽ ബിഎസ്പി (BSP) ഭരണകാലത്ത് മായാവതി സർക്കാർ ഉത്തർപ്രദേശ് നിയമസഭ നാല് സംസ്ഥാനങ്ങളായി വിഭജിക്കാനുള്ള പ്രമേയം പാസാക്കി കേന്ദ്രത്തിന് അയച്ചിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. നിലവിൽ കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ വിഭജനവുമായി ബന്ധപ്പെട്ട് ഔദ്യോഗിക നിയമനിർമ്മാണ നീക്കങ്ങളൊന്നും ആരംഭിച്ചിട്ടില്ല.